എസ്. രാജന്
എരുമേലി: ശബരിമല മണ്ഡല-മകരവിളക്ക് സീസണുമായി ബന്ധപ്പെട്ട് വരുന്ന കോടിക്കണക്കിനു തീര്‍ത്ഥാടകരെത്തുന്ന തീര്‍ത്ഥാടന പാതകളെക്കുറിച്ച് സമഗ്രമായ ശാസ്ത്രീയ പഠനങ്ങള്‍ നടത്തണമെന്ന് പൊതുമരാമത്ത് വകുപ്പ് പറഞ്ഞു. തീര്‍ത്ഥാടന വേളയിലുണ്ടാകുന്ന വാഹനാപകടങ്ങള്‍, ഗതാഗതക്കുരുക്ക് എന്നിവയെ സംബന്ധിച്ചുള്ള ചര്‍ച്ചയിലാണ് പിഡബ്ള്യൂഡി നിര്‍ണ്ണായകമായ വിലയിരുത്തല്‍ ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകരെത്തുന്നത് കേരളത്തിണ്റ്റെ വടക്ക് ഭാഗത്തുനിന്നും അന്യസംസ്ഥാനങ്ങളായ തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുമാണ്. നാലു വര്‍ഷം മുമ്പ് ഹൈക്കോടതിയുടെ ശബരിമല പാത ഏതാണെന്ന ചോദ്യത്തിന് സര്‍ക്കാര്‍ നല്കിയ റിപ്പോര്‍ട്ടിണ്റ്റെ മറവിലാണ് തീര്‍ത്ഥാടനപാത സംബന്ധിക്കുന്ന ആസൂത്രിത അട്ടിമറി നടന്നത്. തമിഴ്നാട്ടില്‍ നിന്നും കുമളി-മുണ്ടക്കയം-എരുമേലി വഴി വരുന്ന തീര്‍ത്ഥാടകര്‍ വീണ്ടും എണ്‍പതിലധികം കിലോമീറ്ററുകള്‍ സഞ്ചരിച്ച് മുക്കട-പ്ളാച്ചേരി, റാന്നി, മണ്ണാറക്കുളഞ്ഞി, വടശ്ശേരിക്കര വഴി യാത്രചെയ്യേണ്ടിവരുന്നു. എന്നാല്‍ തീര്‍ത്ഥാടന പാതയെന്ന നിലയില്‍ എരുമേലിയില്‍ വരുന്ന തീര്‍ത്ഥാടകര്‍ക്ക് ൫൫ കിലോമീറ്റര്‍ സാധാരണ യാത്രയില്‍ പമ്പയിലെത്താന്‍ കഴിയുന്ന മലയോര റോഡായ ഇലവുങ്കല്‍ കണമല റോഡിനെ ബോധപൂര്‍വ്വം സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു. ശബരിമല തീര്‍ത്ഥാടന പാതകളായി കോടതി അംഗീകരിച്ച പത്തനംതിട്ട ജില്ലയിലെ പതിനാറ് റോഡുകളില്‍ തീര്‍ത്ഥാടകര്‍ സീസണിലെ യാത്രയ്ക്കായി ഉപയോഗിക്കുന്ന പാതകള്‍ വളരെ കുറവാണ്. എന്നാല്‍ കോട്ടയം ജില്ലയിലെ എരുമേലി-മുക്കട വരെയുള്ള വെറും പത്തു കിലോമീറ്റര്‍ റോഡാണ് ഇത്തരത്തില്‍ തീര്‍ത്ഥാടകര്‍ ഉപയോഗിക്കുന്നത്. മുക്കട മുതല്‍ റാന്നി, വടശ്ശേരിക്കര-മണ്ണാറക്കുളഞ്ഞി റോഡ് ഭരണപരമായ പ്രധാന റോഡ് എന്നി നിലയില്‍ പ്രാധാന്യമര്‍ഹിക്കുകയും ചെയ്യുന്നു. ശബരിമല തീര്‍ത്ഥാടകരില്‍ എഴുപത്തിയഞ്ചു ശതമാനത്തോളം പേരും ഉപയോഗിക്കുന്ന കുമളി-മുണ്ടക്കയം-കാഞ്ഞിരപ്പള്ളി, മുണ്ടക്കയം-എരുമേലി, മുണ്ടക്കയം-കോരുത്തോട്-കണമല, പൊന്‍കുന്നം- കെവിഎംഎസ്-കറുവാമൂഴി-എരുമേലി, എരുമേലി-കണമല-ഇലവുങ്കല്‍ റോഡ്, എരുമേലി-ഇടകടത്തി-കണമല തുടങ്ങിയ പരമ്പരാഗതവും വളരെ പ്രധാനപ്പെട്ടതുമായ പല റോഡുകളും ശബരിമല പാതകള്‍ എന്ന രീതിയില്‍ നിന്നും തഴയപ്പെട്ട നിലയിലാണ്. ശബരിമല തീര്‍ത്ഥാടകര്‍ വരുന്ന സംസ്ഥാനപാതകളടക്കം ചെറുതും വലുതുമായ റോഡുകള്‍ ഏതെങ്കിലും ഫണ്ടുപയോഗിച്ച് ടാറിംഗ് നടത്തി തത്കാലം രക്ഷപ്പെടുകയെന്നല്ലാതെ ശബരിമല പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള നടപടി ഉണ്ടായിട്ടില്ല. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് തീര്‍ത്ഥാടന പാതകളെക്കുറിച്ച് നിലവിലുള്ള സാഹചര്യങ്ങളെക്കുറിച്ചുള്ള പഠനറിപ്പോര്‍ട്ടാണ് കോടതിയില്‍ ഉന്നതാധികാരസമിതികള്‍ നല്‍കേണ്ടത്. വര്‍ദ്ധിച്ചു വരുന്ന തീര്ത്ഥാടകവാഹനങ്ങളുടെ തിരക്ക് നിയന്ത്രിക്കുന്നതോടൊപ്പം സുരക്ഷിതമായും സാമ്പത്തികമായും സമയലാഭം ഉണ്ടാകുന്ന ഗതാഗത സൗകര്യങ്ങള്‍ പരിഗണിക്കേണ്ടത് അടിയന്തിരമായിത്തീര്ന്നിരിക്കുകയാണ്. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലി സെക്ഷനുള്പ്പെടെയുള്ള തീര്ത്ഥാടകപാതകളുടെ പുനഃനവീകരണനടപടികള് പിഡബ്ള്യൂഡിയുടെ നേട്ടങ്ങളാണെന്ന് അധികൃതര്‍, പ്രോപ്പോസ്-എംഇഎസ് റോഡ്, ഓരുങ്കല്‍-കുറുവാമൂഴി റോഡ്, കോരുത്തോട്-കണമല റോഡുകളുടെ നവീകരണം. എരുമേലി-കണമല റോഡില്‍ കണമലവരെയുള്ള വാഹനാപകടമേഖലയുടെയും, റോഡിണ്റ്റെ ഹെവിമെയിണ്റ്റനന്‍സ് പദ്ധതിയും പിഡബ്ള്യൂഡിയുടെ പ്രത്യേക നേട്ടങ്ങളായി പറയുന്നു. കേരളാ കണ്സഷന് കോര്പറേഷന് എന്ന പൊതുമേഖലാസ്ഥാപനമാണ് ൮കോടിയുടെ ഹെവിമെയിണ്റ്റനന്‍സ് വര്‍ക്ക് ഏറ്റെടുത്തിരിക്കുന്നത്.
പൊതുമരാമത്തിണ്റ്റെ ആവലാതികള്‍
ശബരിമല തീര്‍ത്ഥാടനത്തിണ്റ്റെ ഭാഗമായി വരുന്ന ലക്ഷക്കണക്കിനു തീര്‍ത്ഥാടകര്‍ ഏറ്റവും കൂടുതല്‍ സഞ്ചരിക്കുന്നത് എരുമേലി സെക്ഷനുകീഴില്‍ വരുന്ന ഇരുന്നൂറോളം കിലോമീററര്‍ ദൂരപരിധിക്കുള്ളിലാണ്. മൂന്നു വര്‍ഷത്തിലൊരിക്കല്‍ പുതുക്കേണ്ടുന്ന മിക്ക റോഡുകളും അഞ്ച് വര്‍ഷത്തിലൊരിക്കലാണ് ടാറിംഗ് നടത്തുന്നത്. പല റോഡുകള്‍ക്കും അറ്റകുറ്റപ്പണി നടത്തുന്നുണ്ടെങ്കിലും ശബരിമല പദ്ധതിയില്‍പ്പെടുത്തിയുള്ള യാതൊരു വികസനവും ഉണ്ടാകുന്നില്ല. ഫണ്ടിണ്റ്റെ അപര്യാപ്തതയാണ് കാരണമെങ്കിലും തകര്‍ന്ന റോഡ് നന്നാക്കാന്‍ തുക ഇരട്ടിയാകുന്നതായും ചൂണ്ടിക്കാട്ടുന്നു.
വകുപ്പിണ്റ്റെ നിര്‍ദ്ദേശങ്ങള്‍
ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് വികസനപ്രവര്‍ത്തനങ്ങള്‍ നിരവധിയുണ്ടെങ്കിലും റോഡുകളുടെ കാര്യത്തില്‍ കാര്യക്ഷമമായ യാതൊരുവിധ ചര്‍ച്ചകളും നടക്കുന്നില്ല. തീര്‍ത്ഥാടനക കേന്ദ്രമായ എരുമേലിയിലെ വാഹനഗതാഗതത്തിരക്കും, തീര്‍ത്ഥാടക തിരക്കും കറയ്ക്കുന്നതിനായി നിരവധി പദ്ധതികള്‍ പിഡബ്ള്യൂഡി ശുപാര്‍ശ ചെയ്തിട്ടുണ്ട്. എരുമേലി ടൗണിലേക്കു വരുന്ന സംസ്ഥാന പാതകള്‍ പൂര്‍ണമായും നാലുവരിപ്പാതയാക്കുക, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, എരുമേലി മുതല്‍ കണമല വരെ, ചങ്ങനാശേരി-മണിമല വഴി എരുമേലി റോഡുകളാണ് നാലുവരിപാത എന്ന കണക്കില്പെടുത്തിയിരിക്കുന്നത്. കൂടാതെ രണ്ടു വര്‍ഷം മുമ്പ് എരുത്വാപ്പുഴ-കണമല റോഡ് സമാന്തരപാത, ഓരുങ്കല്‍ റോഡ്, ചേനപ്പാടി-മണിമല- കാഞ്ഞിരപ്പള്ളി സമാന്തരപാത, മുക്കട-കോരിത്തോട് എസ്റ്റേറ്റ് റോഡ്, കണ്ണിമല-കൊരട്ടിറോഡ്, പേരുത്തോട്-മുട്ടപ്പളളി-൩൫ റോഡ് , എരുമേലി ടൗണ്‍ ടിബി റോഡ് അടക്കമുള്ള സമാന്തരപാതകളുടെ വികസനം എന്നിവരും കാലങ്ങളില്‍ അനിവാര്യമായി വരുമെന്നും അവര്‍ പറയുന്നു. എറണാകുളം-തൃപ്പൂണിത്തുറ-ഏറ്റുമാനൂര്‍-പാലാ-പൊന്‍കുന്നം-കാഞ്ഞിരപ്പല്ളി എരുമേലി-കണമല വരെയുള്ള പിതിയ സംസ്ഥാന പാതയുടെ ആലോചനകള്‍ നടന്നുവരുന്നു. എന്നാല്‍ പുതിയ പാതയുടെ ശബരിമല തീര്‍ത്ഥാടകര്‍ക്ക് എത്രമാത്രം ഗുണം ചെയ്യും എന്നതിനെക്കുറിച്ച് പൊതുമരാമത്ത് വകുപ്പിനും യാതൊരു ധാരണയുമില്ല.
റോഡുകളെക്കുറിച്ചുള്ള പഠനം
ശബരിമല തീര്‍ത്ഥാടന പാതകളെക്കുറിച്ചുള്ള സമഗ്രമായ ഒരു പഠനം നടന്നിട്ടില്ല. പാലക്കാട് കേന്ദ്രമായി എന്‍ജിനീയറിംഗ് പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ ദര്‍ശന എന്ന സംഘടന അടുത്ത കാലത്തായി ഇത്തരത്തില്‍ റോഡുകളെക്കുറിച്ചുള്ള ഒരു പഠനം നടത്തി. ശബരിമല തീര്‍ത്ഥാടകര്‍ ഏറ്റവമധികം ഉപയോഗിക്കുന്ന റോഡുകളെല്ലാം നാലുവരിയോ, രണ്ടുവരിയോ ആയി വികസിപ്പിക്കുക. ചങ്ങനാശേരി-കറുകച്ചാല്‍-മണിമല-എരുമേലി ജനവാസവും ടൗണും കുറഞ്ഞ സംസ്ഥാന പാത പൂര്‍ണമായും നാലുവരിപ്പാതയായി ഉയര്‍ത്തുക, എരുമേലി ടൗണിനു ചുററുമുള്ള നിലവിലുള്ള റോഡുകളെ കൂടാതെ മറ്റൊരു സമാന്തരപാത അതിര്‍ത്തിമേഖലയായി കണ്ടെത്തുക, പഠനത്തെ സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ റിപ്പോര്‍ട്ടാക്കി സര്‍ക്കാരിനും മറ്റും നല്‍കുമെന്നും ദര്ശനസെക്രട്ടറി കെ.ഗിരീഷ് പറഞ്ഞു.
ജനങ്ങളുടെ പരാതികള്‍
ശബരിമല സീസണ് ക്രമീകരണങ്ങളുടെ പ്രധാന സുരക്ഷ പങ്ക വഹിക്കുന്ന വകുപ്പാണ് പിഡബ്ള്യൂഡി. ചെറിയകാര്യങ്ങളിലുണ്ടാകുന്ന വീഴചകള്‍ പോലും വലിയ ദുരന്തങ്ങളിലേക്കാണ് എത്തുന്നതെന്നും നാട്ടുകാര്‍ പറയുന്നു. റോഡുകളുടെ ടാറിംഗ്, വളവുകള്‍ നേരെയാക്കുന്നതിലെ അപാകതകള്‍, സൈന്‍ബോര്‍ഡ്, സിഗ്നല്‍ ബോര്‍ഡ് എന്നിവ സ്ഥാപിക്കല്‍, അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിലെ കാലതാമസം എന്നിവയില്‍ പിഡബ്ള്യൂഡി വകുപ്പ് കാര്യമായ അനാസ്ഥയാണ് മിക്കപ്പോഴും കാട്ടുന്നത്. റോഡുകളുടെ ശോചനീയാവസ്ഥ കാരണമാണ് മിക്കയിടത്തും അപകടങ്ങളുണ്ടാകാന്‍ കാരണമായിരിക്കുന്നത്. തീര്‍ത്ഥാടകരുടെ തിരക്കും വാഹനങ്ങളുടെ ഗതാഗതത്തിരക്കും മുന്‍കൂട്ടികണ്ട് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പുതിയ റോഡുകള്‍ക്കുളള നടപടിയും നിലവിലുള്ള റോഡുകളുടെ സുരക്ഷയും ഉറപ്പാക്കണമെന്നും നാട്ടുകാര്‍ അഭിപ്രായം പങ്കുവയ്ക്കുന്നു. (തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: