ന്യൂദല്‍ഹി: ഹസാരെ സംഘത്തിലെ അരവിന്ദ് കേജ്രിവാള് ഏകപക്ഷീയമായാണ് തീരുമാനങ്ങളെടുക്കുന്നതെന്ന ആരോപണമുയര്‍ത്തി രണ്ട് സംഘാംഗങ്ങള്‍ രാജിവെച്ചതിന് തൊട്ട് പിന്നാലെ സംഘത്തിലെ സ്ത്രീ സാന്നിധ്യമായ മുന്‍ ഐപി എസ് ഓഫീസര്‍ കിരണ്‍ബേദിയും വിവാദക്കുരുക്കില്‍ അകപ്പെട്ടതായി റിപ്പോര്‍ട്ട്. വിമാന ടിക്കറ്റില്‍ തനിക്ക് ലഭിക്കുന്ന ഇളവ് ബേദി ദുരുപയോഗം ചെയ്തതായാണ് വാര്‍ത്തകള്‍.
ധീരതയ്ക്കുള്ള ദേശീയ അവാര്‍ഡ് ജേതാവ് എന്ന നിലയിലാണ് ബേദിക്ക് വിമാനടിക്കറ്റുകളില്‍ ഇളവുള്ളത്. യാത്രാനിരക്കില്‍ 75 ശതമാനം ഇളവാണ് ഇവര്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ എന്‍ജിഓ ഫൗണ്ടേഷന് അടക്കമുള്ള സംഘടനകള്‍ സംഘടിപ്പിക്കുന്ന പരിപാടികളിലും സെമിനാറുകളിലും പങ്കെടുക്കാന്‍ പോകുമ്പോള്‍ ഈ യാത്രാ നിരക്ക് ഉപയോഗിക്കുകയും അതേ സമയം സംഘാടകരില്‍ നിന്നും മുഴുവന്‍ ടിക്കറ്റ് തുക വാങ്ങുകയും ചെയ്യുന്നതായിരുന്നു ബേദിയുടെ പതിവ്. വിമാന ടിക്കറ്റുകളുടെയും, ചെക്കുകളുടേയും വിശദാംശങ്ങള്‍ സഹിതം ‘ഇന്ത്യന്‍ എക്സ്പ്രസ്’ പത്രമാണ് ഇക്കാര്യം പുറത്ത് വിട്ടത്.
ഇതോടൊപ്പം ഇക്കോണമി ക്ലാസില്‍ യാത്രചെയ്ത് ബിസ്സിനസ്സ് ക്ലാസിന്റെ നിരക്ക് പ്രകാരം ബേദി തുക ഈടാക്കിയിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്. ഐപിഎസ് ഓഫീസറായി സേവനമനുഷ്ഠിച്ചിരുന്ന സമയത്തും അവര്‍ ഇപ്രകാരം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഇതേവരെ ഇത്തരത്തിലുള്ള പന്ത്രണ്ട് യാത്രകള്‍ നടത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. കിരണ്‍ബേദി അധ്യക്ഷയായ ഇന്ത്യവിഷന് ഫൗണ്ടേഷന് എന്ന എന്‍ജിഒ സംഘടനയുടെ ആഭിമുഖ്യത്തിലാണ് ബേദിക്ക് യാത്രക്കായി ചിലവായ തുക മടക്കിനല്‍കുന്നതിനായി ചെക്ക് നല്‍കിയത്.
എന്നാല്‍ തനിക്കെതിയായ ആരോപണങ്ങള്‍ വ്യാജമാണെന്ന് ബേദി അവകാശപ്പെട്ടു. തനിക്ക് വിമാന യാത്രാനിരക്കില്‍ ഇളവുണ്ടെന്ന കാര്യം സംഘടനകള്‍ക്ക് അറിയാമായിരുന്നുവെന്നും, പരിപാടികളില്‍ പങ്കെടുക്കാനെത്തിയിരുന്ന തനിക്ക് ബിസ്സിനസ്സ് ക്ലാസ് ടിക്കറ്റ് നിരക്കിലുള്ള തുകയാണ് മടക്കി നല്‍കിയിരുന്നതെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: