നവരാത്രിയും വിജയദശമിയും വന്നുപോയതേയുള്ളൂ. ഇപ്പോള്‍ ഏവരും ദീപാവലി ആഘോഷത്തിനായി ഉത്സാഹത്തിമിര്‍പ്പോടെ കാത്തിരിക്കയാണ്. ആദരണീയനായ ശ്രീ ലാല്‍കൃഷ്ണ അദ്വാനിജി അദ്ദേഹത്തിന്റെ ‘ജനചേതനായാത്ര’ 2011 ഒക്ടോബര്‍ 11 ന് ശുഭദിനത്തില്‍ സമാരംഭിച്ചു കഴിഞ്ഞുമിരിക്കുന്നു.
മുഴുവന്‍ രാഷ്ട്രവും അഴിമതിയുടെ പ്രശ്നത്തില്‍ വേവലാതി പൂണ്ടിരിക്കുന്ന രംഗമാണിപ്പോള്‍. ജനങ്ങള്‍ രോഷാകുലരാണ്. പോയ കാലത്ത് അഴിമതി പ്രശ്നങ്ങളുടെ പേരില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്കു നേരെ ജനകീയ പ്രക്ഷോഭങ്ങളുണ്ടായ അനേകം സന്ദര്‍ഭങ്ങളുണ്ട്. എങ്കിലും രാജ്യചരിത്രത്തെ വഴിമാറ്റി വിട്ട മൂന്നു സംഭവവിശേഷങ്ങള്‍ നമ്മുടെ ഓര്‍മയില്‍ പ്രത്യേകം മിഴിവോടെ കുടിയിരിക്കുന്നു. അഴിമതിക്കെതിരെ ഒച്ചകള്‍ ഉയരുമ്പോഴൊക്കെ ഈ മൂന്നു സംഭവങ്ങള്‍ രാഷ്ട്രമനസ്സില്‍ മിന്നിമറയുന്നു.
1974
സ്വാതന്ത്ര്യാനന്തരം അഴിമതിക്കെതിരെ ആദ്യമായി സംഘടിത ജനകീയ മുന്നേറ്റം രംഗപ്രവേശം ചെയ്തത് 1974 ല്‍ ഗുജറാത്തിലാണ്. ‘നവനിര്‍മാണ പ്രസ്ഥാനം’ എന്നറിയപ്പെട്ട ആ പ്രക്ഷോഭത്തിന്റെ അന്ത്യത്തില്‍ ഗുജറാത്ത് സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒരു കൂമ്പല് ചാരമായി പരിണമിക്കുകയും ചരിത്രത്തിലാദ്യമായി ഗുജറാത്തില്‍ ഒരു കോണ്‍ഗ്രസിതര സര്‍ക്കാര്‍ അധികാരത്തില്‍ വരികയും ചെയ്തു.
1977
ഗുജറാത്തില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ട് അഴിമതിക്കെതിരെ ദേശവ്യാപകമായ ജനസമരം തുടങ്ങി. ജനശബ്ദത്തെ ഞെക്കിക്കൊല്ലാന്‍ ഇന്ദിരാഗാന്ധിയുടെ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പലേ നിഷ്ഠുരമായ അതിക്രമങ്ങള്‍ നടത്തിയിട്ടും ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തെ പൊളിച്ചടുക്കാനായില്ല. അടിയന്തരാവസ്ഥക്കുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ദിരയുടെ പാര്‍ട്ടി തോറ്റമ്പുകയും പ്രഥമ കോണ്‍ഗ്രസിതര സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരികയും ചെയ്തു.
1989
രാഷ്ടീയ സമവാക്യങ്ങള്‍ക്കു വ്യാകരണപ്പിശകു വന്നതു മൂലം മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണ്ടും അഴിമതിക്കുണ്ടില്‍ കഴുത്തറ്റം മുങ്ങി. ബൊഫോഴ്സ് അപവാദം രാജീവ് സര്‍ക്കാരിനെ തറയിലിറക്കി.
ഇന്ന്, വീണ്ടും കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഗൗരവതരമായ അഴിമതിയാരോപണ കൊടുങ്കാറ്റുകളില്‍ ആടിയുലയുകയാണ്.
ഒരു വശത്ത്, യോഗഗുരു ശ്രീ രാംദേവ്ജി ഭാരതമെങ്ങും സഞ്ചരിച്ച് കള്ളപ്പണത്തിനെതിരെ ജനങ്ങളില്‍ അവബോധം സൃഷ്ടിച്ചു. മറുവശത്ത്, വന്ദ്യവയോധികനായ സാമൂഹ്യപരിഷ്കര്‍ത്താവ് ശ്രീ അന്നാജി തന്റെ ഉണ്ണാവ്രത സമരത്തിലൂടെ ജനകീയ രോഷത്തിനു പുത്തന്‍ രൂപഭാവങ്ങള്‍ നല്കി.
കള്ളപ്പണത്തിന്റെ പ്രശ്നത്തോട് ബാബാ രാംദേവ് ആക്രമണോത്സുക നിലപാട് കൈക്കൊണ്ടപ്പോള്‍ ശ്രീ അന്നാജി അദ്ദേഹത്തിന്റെ ഊര്‍ജം പൂര്‍ണമായും ജനലോക്പാല്‍ ബില്ലിന് പ്രദാനം ചെയ്തു.
ഈ പശ്ചാത്തലത്തില്‍, ശ്രീ അദ്വാനിജിയുടെ ‘ജനചേതനായാത്ര’ ഒരു മഹദ് പദവി കൈവരിക്കുന്നു. അദ്ദേഹം അഴിമതിക്കെതിരെ പോരാടുന്നു. വിദേശബാങ്കുകളില്‍ കൂന കൂട്ടിയിട്ടിരിക്കുന്ന കള്ളപ്പണം രാജ്യത്തേക്കു തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നു. ഈ യാത്ര അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ ഒരു നവീന ചേതന സൃഷ്ടിക്കുമെന്നു എനിക്കു തികഞ്ഞ വിശ്വാസമുണ്ട്.
ജയപ്രകാശ് നാരായണ്‍ജിയുടെ ജന്മദേശത്തുനിന്ന്, ആ മഹാത്മാവിന്റെ ജന്മവാര്ഷികത്തില് ആണ് ഈ യാത്ര പുറപ്പെട്ടതെന്ന കാര്യം അത്യന്തം മഹനീയം തന്നെ. ഇതോടൊപ്പം സന്തോഷകരമായ ചില അനുഭവങ്ങളും രൂപം കൊണ്ടിരിക്കുന്നു. പണ്ടൊരിക്കല്‍, ബീഹാറിന്റെ ശകുനം മുടക്കിയായ ഒരു മുഖ്യമന്ത്രി അദ്വാനിജിയുടെ മഹത്തായ ഒരു യാത്ര തടഞ്ഞു കളഞ്ഞു. അതേ സംസ്ഥാനത്തിന്റെ തന്നെ ഇന്നത്തെ മുഖ്യമന്ത്രി അദ്വാനിജിയുടെ യാത്ര ഫ്ലാഗ് ഓഫ് ചെയ്തുവെന്നത് അത്യന്തം ആനന്ദകരം തന്നെ.
ബഹുമാന്യനായ ശ്രീ അദ്വാനിജിയോടൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുള്ളത് ഞാന്‍ ഭാഗ്യമായി കണക്കാക്കുന്നു. കുബുദ്ധികളായ ചില തല്‍പ്പരകക്ഷികള്‍ അദ്വാനിജിയെക്കുറിച്ച് ചില വ്യാജ ഊഹാപോഹങ്ങള്‍ പറഞ്ഞുപരത്തുന്നത് അത്യന്തം വേദനാജനകമാണ്.
അദ്വാനിജി അദ്ദേഹത്തിന്റെ യുവത്വം പൂര്‍ണമായും ജന്മഭൂമിയുടെ സേവനത്തിനായി സമര്‍പ്പണം ചെയ്തു. ഇടതടവില്ലാതെ നീണ്ട 60 കൊല്ലം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി എന്നുമാത്രമല്ല, ആ നീണ്ട സംശുദ്ധമായ സംവത്സരങ്ങളുടെ 90 ശതമാനവും അദ്ദേഹം പ്രതിപക്ഷബഞ്ചില് ഇരുന്ന് അനീതികള്‍ക്കെതിരെ പോരാടുകയായിരുന്നു.
1952 മുതല്‍ ഇന്നുവരെയും ഭാരതജനതതിയുടെ സന്തോഷങ്ങളും വേദനകളും പങ്കിട്ടുകൊണ്ട് പൊതുരംഗത്തുനില്‍ക്കുന്ന ലാല്‍കൃഷ്ണ അദ്വാനിജി ഈ ഐതിഹാസികമായ പ്രയാണം നടത്തുന്നത് ഏതോ പദവിക്കോ സ്ഥാനത്തിനോ വേണ്ടിയാണെന്ന് മുഴുത്ത കള്ളം പറഞ്ഞു പരത്തുന്നവരോട് “പങ്കം” സഹതപിക്കുകയേ നിവൃത്തിയുളളൂ.
അഴിമതിക്കെതിരെ കാഹളം മുഴക്കിക്കൊണ്ട് പ്രയാണം തുടരുന്ന ഈ ‘ജനചേതനായാത്ര’, നേരത്തെ പറഞ്ഞ മൂന്നു സംഭവങ്ങള്‍ പോലെ, ഇന്ത്യയുടെ ഭാവിചരിത്രത്തെ തിരുത്തിക്കുറിക്കും എന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു. മുതിര്‍ന്ന പ്രായത്തില്‍, അദ്വാനിജി ഏറ്റെടുത്തിരിക്കുന്ന ഈ മഹോദ്യമം വൃഥാവിലാവില്ലെന്ന കാര്യത്തിലും ഞാന്‍ തീര്‍ത്തും പൂര്‍ണമായ വിശ്വാസം പുലര്‍ത്തുന്നു. (ട്വിറ്ററില്‍ നിന്ന്)
നരേന്ദ്രമോഡി
പ്രതികരിക്കാൻ ഇവിടെ എഴുതുക: