കൊച്ചി: അഴീക്കോട്-മുനമ്പം പാലം കേരള സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണ പ്രവര്‍ത്തനം തുടങ്ങണമെന്ന് ആവശ്യപ്പെട്ട് പാലം ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ക്ക് നിവേദനം നല്‍കി. എറണാകുളം, തൃശ്ശൂര്‍ ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതും തീരദേശത്തെ സമഗ്രവികസനത്തിന് വഴി ഒരുക്കുന്നതുമായ അഴീക്കോട്-മുനമ്പം പാലം നിര്‍മാണം ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ ദീര്‍ഘകാലമായി സമരരംഗത്താണ്. കൊച്ചിയുടെ വന്‍ വികസനക്കുതിപ്പിനോടൊപ്പം ചേര്‍ത്ത് വെക്കാവുന്നതാണ് അഴീക്കോട് മുനമ്പം പാലം.
മുഖ്യമന്ത്രിയും തുറമുഖ വകുപ്പുമന്ത്രി കെ.ബാബുവുമായും കൂടിയാലോചിച്ച് സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ കര്‍മപരിപാടിയില്‍ അഴീക്കോട്-മുനമ്പം പാലം നിര്‍മാണം ഉള്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിംകുഞ്ഞ് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ക്ക് ഉറപ്പ് നല്‍കി. പാലം നിര്‍മാണത്തിനാവശ്യമായ സ്ഥലം ഇരുകരകളിലും അക്വയര്‍ ചെയ്യുന്നത് ഫാസ്റ്റ് ട്രാക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യവും പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. പാലം നിര്‍മാണം സംബന്ധിച്ച് വകുപ്പ് മന്ത്രിമാരുടേയും ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളുടേയും സംയുക്ത യോഗം 20 ന് തിരുവനന്തപുരത്ത് വിളിച്ചുചേര്‍ക്കുവാന്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്ന സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ വി.കെ.ചന്ദ്രബാബു, എക്സി.എഞ്ചിനീയര്‍ പി.ഐ.ജോസ് എന്നിവര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. അഴീക്കോട് മുനമ്പം പാലം ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ ചെയര്‍മാന്‍ അബ്ദുറഹിമാന്‍ കടപ്പൂര്, ജനറല്‍ കണ്‍വീനര്‍മാരായ ടി.എം.കുഞ്ഞുമൊയ്തീന്‍, അഡ്വ.ഷാനവാസ് കാട്ടകത്ത്, വി.എ.അയ്യൂബ് മാസ്റ്റര്‍, രക്ഷാധികാരി ഡോ.എ.കെ.സിദ്ധിഖ്, എ.കെ.അബ്ദുള്ള എം.എ.അബ്ദുല്‍ഗഫൂര്‍ എന്നിവരാണ് മന്ത്രിമാരെ സന്ദര്‍ശിച്ച് നിവേദനം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: