കേരളം ഇന്ന് വിവിധതരം പനികളുടെ സ്വന്തം നാടാണ്. പഴയ തലമുറയ്ക്ക് കേട്ടുകേള്‍വിപോലുമില്ലാത്ത ഡെങ്കിപ്പനി, എച്ച്1എന്‍1, എലിപ്പനി മുതലായവയോടൊപ്പം ഇപ്പോള്‍ മഞ്ഞപ്പിത്തം മുതലായ പലതരം രോഗം ബാധിച്ച് ജനങ്ങള്‍ ആശുപത്രികളിലേക്ക് പ്രവഹിക്കുമ്പോള്‍ അവര്‍ നേരിടുന്നത് ഡോക്ടര്‍മാരും ജീവനക്കാരും ഇല്ലാത്ത ആശുപത്രികളും വ്യാജ മരുന്നുകളും മറ്റുമാണ്. മൂന്ന് ദശകങ്ങളായി കേരളം പനിയുടെ ആവാസ കേന്ദ്രമാണെന്ന് ആരോഗ്യമന്ത്രിതന്നെ പറയുമ്പോള്‍ വ്യക്തമാകുന്നത് മാറിമാറിവരുന്ന സര്‍ക്കാരുകള്‍ ദീര്‍ഘവീക്ഷണത്തോടുകൂടി ഈ ആവര്‍ത്തനപ്രക്രിയയെ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നുതന്നെയാണ്.
കേരളത്തിലെ ആരോഗ്യസംരക്ഷണം ലോകപ്രസിദ്ധമായിരുന്നു. ആ സുവര്‍ണകാലഘട്ടത്തില്‍ രോഗപ്രതിരോധം എന്ന സങ്കല്‍പ്പം നിലനിന്നിരുന്നതിനാല്‍ വീടുവീടാന്തരം പരിശോധനകളും പ്രതിരോധ കുത്തിവയ്പ്പുകളും പ്രതിരോധ മരുന്നുവിതരണവും നടന്നിരുന്നു. ജനക്ഷേമം രാഷ്ട്രീയ അധികാരക്കൊതിക്ക് വഴിമാറിയപ്പോള്‍ ജനം വെറും വോട്ടുബാങ്കായി മാറുകയും അവരുടെ ആരോഗ്യം പരിഗണനാര്‍ഹമാകാതെ വരികയും ചെയ്തു. ഈ നില വഷളാക്കിയത് ഡോക്ടര്‍മാരുടെ അത്യാഗ്രഹവും നിരന്തര സമരങ്ങളും ഡോക്ടര്‍മാര്‍ക്ക് രോഗികള്‍ ധനസമ്പാദന മാര്‍ഗങ്ങള്‍ മാത്രമായി മാറിയതാണ്. ഇന്ന് ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ല. രോഗികളെ പൂട്ടിയിട്ട് സ്ഥലംവിടുന്ന ആരോഗ്യപരിപാലകരാണ് കേരളത്തില്‍ പലയിടത്തും. ആരോഗ്യമന്ത്രിയുടെ ഭാഷ്യം രോഗകാരണം കാലാവസ്ഥാ വ്യതിയാനമാണെന്നാണ്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയെന്നും കേന്ദ്രസംഘം മലപ്പുറം, കോഴിക്കോട്, കാസര്‍കോട് മേഖല സന്ദര്‍ശിച്ചുവെന്നും പറയുമ്പോഴും രോഗപ്രതിരോധത്തിന് എന്ത് ചെയ്തുവെന്ന ചോദ്യം നിലനില്ക്കുന്നു. കേരളത്തില്‍ മഞ്ഞപ്പിത്തമരണം മദ്യോപയോഗം കൊണ്ടാണെന്ന കേന്ദ്ര നിരീക്ഷണം ഒരു വിവാദത്തിനുംകൂടി തിരികൊളുത്തിയെന്നല്ലാതെ കാര്യമൊന്നും നടപ്പാക്കപ്പെട്ടില്ല.
മാലിന്യമുക്തനഗരമായി പ്രഖ്യാപിക്കപ്പെട്ട കോഴിക്കോട്ടെ ഞെളിയംപറമ്പ് ഇന്നും മാലിന്യക്കൂമ്പാരത്തിന്റെ പ്രതീകമായി നിലനില്ക്കുന്നു. പനി ചികിത്സാ കേന്ദ്രങ്ങളും ആശാ വര്‍ക്കേഴ്സിന്റെ സേവനവും ഉറപ്പാക്കുമെന്ന് മന്ത്രി പറയുമ്പോഴും എന്‍ആര്‍എച്ച്എം ഫണ്ടുപോലും ഇവിടെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയില്ല എന്ന സത്യം നിലനില്ക്കുന്നു.
പകര്‍ച്ചവ്യാധി പടരാന്‍ കാരണം മലിനജലം കെട്ടിക്കിടക്കുന്നതാണെന്ന് ആരോഗ്യമന്ത്രി അംഗീകരിക്കുന്നു. ഇത് തടയാന്‍ തീവ്രയത്ന പരിപാടിക്ക് രൂപം നല്‍കുമെന്ന് പറയുമ്പോള്‍ അത് പ്രാവര്‍ത്തികമാകുമ്പോഴേക്കും പനി സംഹാരമൂര്‍ത്തിയായി മാറിയിരിക്കും. സര്‍ക്കാര്‍ സപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ രണ്ടുവരെ ശുചിത്വവാരമായി ആഘോഷിച്ചപ്പോഴും പനിമരണം സുഗമമായി നടന്നല്ലോ. ഞായറാഴ്ചയും പെരിയാറില്‍ കക്കൂസ് മാലിന്യം നിക്ഷേപിക്കുന്നതായി കണ്ടെത്തിയിരുന്നു. കേരളത്തിന് പുതിയ ആരോഗ്യ സംസ്ക്കാരം വേണമെന്ന വാദം അംഗീകരിക്കപ്പെടേണ്ടതാണ്. തുടര്‍പ്രക്രിയയായി ശുചിത്വാചരണം സമൂഹസ്വഭാവമായി മാറണമെന്നെല്ലാം ആരോഗ്യമന്ത്രി പറയുമ്പോഴും വ്യക്തി ശുചിത്വമല്ലാതെ പരിസര ശുചിത്വബോധം അന്യമായ “അഭ്യസ്ത കേരളം” എങ്ങനെ രോഗവിമുക്തി നേടുമെന്നത് പഠനവിധേയമാക്കേണ്ടതാണ്. എലിവീഴുന്ന എലിപ്പത്തായം അപ്രത്യക്ഷമായതുകൊണ്ടല്ല മാലിന്യം കൂമ്പാരമാകുമ്പോഴാണ് എലികളും കൊതുകുകളും പെരുകുന്നത്. മലിനജലവും കൊതുകുജന്യരോഗങ്ങളും കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ മലമ്പനി, ഡെങ്കിപ്പനി മുതലായവയും പടരുന്നു.
യഥാര്‍ത്ഥത്തില്‍ അടിയന്തര ശ്രദ്ധവേണ്ടത് ദ്രവമാലിന്യ സംസ്ക്കരണത്തിനാണ്. ശുദ്ധമായ കുടിവെള്ളം മലയാളിക്ക് അന്യമാണ്. ആലുവ, എറണാകുളം മേഖലയിലെ കിണറുകള്‍ പരിശോധിച്ചപ്പോള്‍ സാള്‍മോണല്ലയും കോളിഫോം ബാക്ടീരിയയും കണ്ടിരുന്നല്ലോ. 55 ലക്ഷം ആളുകള്‍ക്ക് കുടിവെള്ളം നല്കുന്ന പെരിയാറിലേക്കാണ് ആലുവയിലെ ഓടകള്‍ തുറക്കുന്നത്. കൊച്ചിയില്‍ ജലക്ഷാമം പരിഹരിക്കുന്ന ടാങ്കര്‍ലോറി വെള്ളം ക്വാറികളില്‍നിന്നും കുളങ്ങളില്‍നിന്നും ശേഖരിച്ച് ട്രീറ്റ്മെന്റ് ചെയ്യാതെ നല്കുന്ന വെള്ളമാണ്. ഈ ടാങ്കര്‍ലോറികള്‍തന്നെ കക്കൂസ് മാലിന്യവും കടത്തുന്നു. ഏകോപിപ്പിച്ച ശുചീകരണപ്രക്രിയയാണ് മാലിന്യമുക്തമാക്കാന്‍ കേരളത്തെ സഹായിക്കുക. പക്ഷേ അത് ആസൂത്രണം ചെയ്ത് ഫലപ്രദമായി നടപ്പാക്കാനുള്ള ഇഛാശക്തിയോ സമയമോ സര്‍ക്കാരിനോ പ്രതിപക്ഷത്തിനോ ഇല്ല എന്നതാണ് വാസ്തവം. ഈ ഘട്ടത്തിലാണ് ജനശക്തി ഉണരേണ്ടത്. സമൂഹതലത്തില്‍ ജനങ്ങളും സര്‍ക്കാരും സന്നദ്ധ സംഘടനകളും ഏകോപിച്ച് ഇഛാശക്തിയോടെ പ്രവര്‍ത്തിച്ചാല്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അതിന് നേതൃത്വം കൊടുത്താല്‍ ശുചിത്വകേരളം എന്നസങ്കല്പ്പം യാഥാര്‍ത്ഥ്യമായി മാറ്റാവുന്നതാണ്.
ഡോക്ടര്‍മാരുടെ കുറവ് കേരളത്തിന്റെ മാത്രം പ്രത്യേകതയല്ല എന്നാണ് കേന്ദ്ര രേഖകളും തെളിയിക്കുന്നത്. ഇന്ത്യയിലെ ഡോക്ടര്‍-രോഗി അനുപാതം 1ഃ2000 ആണ്. 2000 പേര്‍ക്ക് ഒരു ഡോക്ടര്‍ എന്ന നിലയിലാണത്രെ. ലോക അനുപാതം 670 പേര്‍ക്ക് ഒരു ഡോക്ടര്‍ എന്നാണ്. 1000 പേര്‍ക്ക് ഒരു ഡോക്ടര്‍ എന്ന നിലവാരത്തിലെത്തണമെങ്കില്‍ ഇന്ത്യയില്‍ 15.4 ലക്ഷം ഡോക്ടര്‍മാര്‍ക്കൂടി വേണം. അതായത് അമ്പത് ശതമാനം കൂടുതല്‍ ഡോക്ടര്‍മാര്‍. സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുന്നത് ഡോക്ടര്‍മാര്‍ ഗ്രാമസേവനത്തില്‍ കാണിക്കുന്ന വൈമുഖ്യമാണ്. ഇത് പറയുമ്പോഴും കേരളത്തിലെയും ഇന്ത്യയിലെയും മാനസികാരോഗ്യവും താഴുകയാണെന്ന് മാനസികാരോഗ്യദിനത്തില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. അമിത മദ്യപാനം, വിഷാദരോഗം, ആത്മഹത്യാ പ്രവണത, ലൈംഗിക വൈകൃതം മുതലായവ കേരളത്തിന്റെ ശീലമാകുന്നു. 30 ശതമാനം കുട്ടികളില്‍പ്പോലും കേരളത്തില്‍ മാനസിക പ്രശ്നങ്ങള്‍ ദൃശ്യമാകുന്നുണ്ട്. മാനസികസമ്മര്‍ദ്ദം, ലൈംഗികപീഡനം, ലഹരി ഉപയോഗം, വിഷാദരോഗം മുതലായവയ്ക്ക് കുട്ടികളും പാത്രീഭൂതരാണ്.
പക്ഷേ മാനസികരോഗവിദഗ്ധരുടെ എണ്ണവും തുലോം കുറവാണ്. ഇന്ത്യയിലെ 30 ശതമാനം ആളുകളും വൈകാരികപ്രശ്നം നേരിടുന്നുണ്ടെങ്കിലും 10 ശതമാനത്തിനുപോലും ചികിത്സ ലഭിക്കുന്നില്ല. കാരണം 110 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ മാനസികരോഗവിദഗ്ധരുടെ എണ്ണം 4000 ആണത്രെ. മൂന്ന് ലക്ഷം പേര്‍ക്ക് ഒരാള്‍. ആരോഗ്യരംഗവും മാനസികാരോഗ്യരംഗവും ഒരുപോലെ തകര്‍ച്ചയെ അഭിമുഖീകരിക്കുമ്പോള്‍ ഡോക്ടര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കാനും വിദേശത്തേക്ക് പോകുന്ന ഡോക്ടര്‍മാര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനും കേന്ദ്രം പദ്ധതിയിടുന്നു. കേരളത്തില്‍ സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രശ്നം എന്നും കീറാമുട്ടിയാണ്. മാനസിക-പാരിസ്ഥിതിക മലിനീകരണം നേരിടുന്ന കേരളത്തിലെ ആരോഗ്യരംഗം സത്വര ശ്രദ്ധയര്‍ഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: