കേരള സംസ്ഥാനത്ത് കാലാവസ്ഥ വ്യതിയാനം ഉണ്ടാകുമ്പോഴെല്ലാം പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നത് പതിവായിരിക്കുകയാണ്. ഇപ്പോള്‍ കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് പകര്‍ച്ചവ്യാധികള്‍ കൂടുതലായി പടര്‍ന്നുപിടിച്ചിട്ടുള്ളത്. രോഗലക്ഷണങ്ങള്‍ പ്രസ്തുത പ്രദേശങ്ങളില്‍ കണ്ടുതുടങ്ങിയപ്പോള്‍തന്നെ ചികിത്സയും രോഗപ്രതിരോധപ്രവര്‍ത്തനങ്ങളും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഊര്‍ജിതമാക്കുകയുണ്ടായി. മുഖ്യമന്ത്രിയോടൊപ്പമുള്ള ദല്‍ഹി സന്ദര്‍ശനം റദ്ദു ചെയ്ത് 22.09.2011 മുതല്‍ കോഴിക്കോട്, കോതമംഗലം, വൈക്കം,കോട്ടയം എന്നീ സ്ഥലങ്ങളില്‍ നേരിട്ട് ആരോഗ്യരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംകൊടുത്തുവരികയാണ്. പ്രസ്തുത പ്രദേശങ്ങളില്‍ പകര്‍ച്ചവ്യാധികളെ ഫലപ്രദമായി നേരിടുന്നതിനും സാധിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരം പകര്‍ച്ചവ്യാധികളെക്കുറിച്ച് പഠിക്കുന്നതിന് കേന്ദ്രഗവണ്മെന്റ് നിയോഗിച്ച വിദഗ്ദ്ധ സംഘം മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ സന്ദര്‍ശനം നടത്തിക്കഴിഞ്ഞു. പ്രസ്തുത പഠനസംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണ്.
കോഴിക്കോട് ജില്ലയില്‍ പകര്‍ച്ചവ്യാധി പടര്‍ന്നുപിടിച്ച പശ്ചാത്തലത്തില്‍ കളക്ടറേറ്റില്‍ അടിയന്തര യോഗം വിളിച്ചു ചേര്‍ക്കുകയും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തമാക്കുവാന്‍ വേണ്ട നടപടി സ്വീകരിച്ചിട്ടുണ്ട്. എല്ലാ ആശുപത്രികളിലും ഫീവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കുക, ആശാ പ്രവര്‍ത്തകരുടെ സേവനം ലഭ്യമല്ലാത്ത മേഖലകളില്‍ അവരുടെ സേവനം ലഭ്യമാക്കുക എന്നീ കാര്യങ്ങളില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ജില്ലയില്‍ എന്‍ആര്‍എച്ച്എം ഫണ്ട് ഫലപ്രദമായി വിനിയോഗിച്ചിട്ടില്ല എന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ ഫണ്ട് പൂര്‍ണമായും വിനിയോഗിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലയിലെ പ്രത്യേക ആരോഗ്യപ്രശ്നങ്ങള്‍ കണക്കിലെടുത്ത് ആവശ്യമായ സ്ഥലങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിനും ഡോക്ടര്‍മാരുടെ ദൗര്‍ലഭ്യം പരിഹരിക്കുന്നതിനുമുള്ള നടപടികളും സ്വീകരിച്ചുവരികയാണ്. പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെട്ട് വ്യാപകമായി പടര്‍ന്നുപിടിക്കുന്നത് കണ്ടെത്തുന്നതിന് ജനജാഗ്രതാസെല് രൂപീകരിച്ച് രോഗങ്ങള്‍ക്കെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് നടത്തുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
എറണാകുളം ജില്ലയില്‍ കോതമംഗലം പ്രദേശത്ത് മഞ്ഞപ്പിത്തം പടര്‍ന്നു പിടിച്ചെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തിയ കാലോചിതമായ പ്രവര്‍ത്തനങ്ങള്‍മൂലം പ്രത്യാഘാതത്തിന്റെ ശക്തി കുറയ്ക്കുവാന്‍ കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്. അതിന്റെ വെളിച്ചത്തില്‍ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുവാനാണ് ഉദ്ദേശിക്കുന്നത്. രോഗം മൂലം നിര്യാതരായവരുടെ ആശ്രിതര്‍ക്ക് മുഖ്യമന്ത്രിയുമായി ആലോചിച്ച് പരമാവധി സഹായം ലഭ്യമാക്കും.
പകര്‍ച്ചപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോട്ടയം ജില്ലയില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനായി ജനങ്ങളുമായി കൂടുതല്‍ ബന്ധപ്പെടുന്നവര്‍ എന്ന നിലയില്‍ പഞ്ചായത്തു പ്രതിനിധികള്‍ക്ക് പ്രത്യേക പരിശീലനം നല്കുവാന് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ യഥാസമയം കണ്ട്രോള് റൂം തുറന്നതുമൂലം പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി ഏകോപിപ്പിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ചും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇവയ്ക്കെല്ലാം ഐസിഡിഎസ് അംഗന്‍വാടി പ്രവര്‍ത്തകരുടെ സേവനംകൂടി ലഭ്യമാക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പകര്‍ച്ചവ്യാധികളെ ഫലപ്രദമായി നിയന്ത്രിക്കുന്നതിന് കോഴിക്കോട് ജില്ലയില്‍ 5 വെന്റിലേറ്റര്‍ ഉള്‍പ്പെടെ കേരളത്തിലുടനീളം 15 വെന്റിലേറ്ററുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. പകര്‍ച്ചവ്യാധികളുടെയെല്ലാം ഉത്ഭവം മലിനമായി കെട്ടിക്കിടക്കുന്ന ജലത്തിലോ മാലിന്യത്തിലോ നിന്നാണ് എന്നതാണ് വാസ്തവം.
അതുകൊണ്ടുതന്നെ മാലിന്യനിവാരണത്തിനുള്ള ഒരു ഊര്‍ജിത തീവ്രയത്നപരിപാടിക്ക് കേരളസര്‍ക്കാര്‍ രൂപം കൊടുക്കുകയാണ്. അതിന്റെ ഭാഗമായി 2011 സപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 2 വരെ കേരളത്തിലുടനീളം ശുചീകരണവാരമായി ആചരിക്കുവാന്‍ സംസ്ഥാന ഗവണ്മെന്റ് തീരുമാനിച്ചിട്ടുണ്ട്. വിദ്യാഭ്യാസം, തൃതലപഞ്ചായത്തുകള്‍, സാമൂഹ്യക്ഷേമവകുപ്പ്, കൃഷി, മൃഗസംരക്ഷണ വകുപ്പുകള്‍, സന്നദ്ധ സാമൂഹ്യ സംഘടനകള്‍, സ്വകാര്യസംരംഭകര്‍, രാഷ്ട്രീയപാര്‍ട്ടികള്‍, യുവജന സംഘടനകള്‍, മതസംഘടനകള്‍ എന്നിങ്ങനെ സമൂഹത്തിന്റെ സമഗ്രമേഖലകളുടേയും സഹകരണം ഇക്കാര്യത്തില്‍ അനിവാര്യമാണ്. ജില്ലകള്‍തോറും പ്രസ്തുത ശുചിത്വവാരാചരണം ഫലപ്രദമാക്കുന്നതിന് നേതൃത്വം നല്‍കുന്നത് ജില്ലാ കളക്ടര്‍മാരായിരിക്കും. പുതിയ ഒരു ആരോഗ്യസംസ്കാരം വളര്‍ത്തിയെടുക്കുന്നതിനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് ഈ ഒരാഴ്ചക്കാലം തുടക്കം കുറിക്കുകയാണ്. കേവലം ഒരാഴ്ചകൊണ്ട് അവസാനിക്കുന്നതല്ല ഈ യജ്ഞം, സമൂഹത്തെ പകര്‍ച്ചവ്യാധികളില്‍നിന്ന് രക്ഷിക്കുക എന്ന ദീര്‍ഘവീക്ഷണത്തോടെ നീണ്ടുനില്‍ക്കുന്ന ഒരു തുടര്‍പ്രക്രിയയാണ് ശുചിത്വാചരണം എന്നത്. ശുചിത്വപരിപാലനം സമൂഹത്തിന്റെ സ്വഭാവമായിത്തന്നെ മാറേണ്ടകാലം അതിക്രമിച്ചിരിക്കുന്നു.
വ്യക്തി ശുചിത്വം മുതല്‍ വീടും നാടും നഗരവും വൃത്തിയായി സൂക്ഷിക്കുകയും അതിനായുള്ള ബോധവല്‍ക്കരണവും കര്‍മപരിപാടിയും ഉള്‍ക്കൊള്ളുന്ന ഈ ശുചിത്വവാരാചരണ പരിപാടികളിലൂടെ വെടിപ്പുള്ള ഒരു ജീവിതചര്യയിലേക്ക് മടങ്ങിപ്പോയി, രോഗാതുരമായ സാഹചര്യങ്ങള്‍ ഇല്ലാതാക്കുക എന്നതാണ് ഈ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ഉദാഹരണത്തിന് എലിപ്പനിയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. മുന്‍കാലങ്ങളില്‍ എല്ലാ മലയാളികളുടെ ഭവനങ്ങളിലും എലിവില്ല്, എലിപ്പത്തായം എന്നിവയുടെ ഉപയോഗം സാധാരണമായിരുന്നു. മലയാളി ആധുനികവല്‍ക്കരിക്കപ്പെട്ടപ്പോള്‍ എലിവില്ലും എലിപ്പത്തായവും അന്യമായി. അതോടൊപ്പം പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങളും മറ്റും അലക്ഷ്യമായി വലിച്ചെറിയുന്ന ശീലവും വ്യാപകമായി. ഇത്തരം സ്ഥലങ്ങള്‍ എലികള്‍ക്ക് ആവാസ കേന്ദ്രമാകുന്നു. എലിയെക്കൂടാതെ വീട്ടുമൃഗങ്ങളായ പശു, പോത്ത്, പട്ടി, പന്നി തുടങ്ങിയ ജീവികളുടെ വൃക്കയിലാണ് ഈ രോഗാണുക്കളുടെ വാസസ്ഥലം. അവയുടെ മൂത്രത്തിലൂടെ പൊതുനിരത്തിലും ജലാശയത്തിലും തുടര്‍ന്ന് മനുഷ്യശരീരത്തിലും പ്രവേശിച്ച് കിഡ്നി, കരള്‍ എന്നിവയെ മാരകമായി ബാധിക്കുകയും മരണംവരെ സംഭവിക്കുകയും ചെയ്യുന്നു. 2011 ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി 941 പേര് എലിപ്പനി ബാധിതരായി ചികിത്സ തേടുകയുണ്ടായി. പനി ബാധിച്ച് ആദ്യത്തെ 48 മണിക്കൂറിനുള്ളില്‍ ശരിയായ ചികിത്സ ലഭിക്കാത്തപക്ഷം ഗുരുതരമായി മരണകാരണമാകുകയും ചെയ്യാം. എന്നാല്‍ നേരത്തെ തന്നെ ശരിയായ ചികിത്സ തേടിയാല്‍ പൂര്‍ണരോഗശമനം ലഭിക്കുകയും ചെയ്യും. ഉണ്ടാകുവാന്‍ സാധ്യത എലിക്ക് പെറ്റുപെരുകുന്നതിനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കി ഈ രോഗത്തെ ഫലപ്രദമായി നിയന്ത്രിക്കുവാന്‍ സാധിക്കും.
എച്ച്1, എന്‍1 അടക്കമുള്ള വൈറസ് രോഗങ്ങള്‍ ശ്വാസകോശത്തെയാണ് ബാധിക്കുന്നത്. ജനം കൂട്ടത്തോടെ താമസിക്കുന്ന സ്ഥലങ്ങള്‍, സ്കൂളുകള്‍, എസി ഉള്ള ഓഫീസുകള്‍, തിയേറ്ററുകള്‍, ബസ് എന്നിവിടങ്ങളില്‍ ശ്വാസോച്ഛ്വാസത്തിലൂടെ രോഗം പടര്‍ന്നുപിടിക്കുന്നു. എല്ലാ സര്‍ക്കാര്‍/സ്വകാര്യ ആശുപത്രികളിലും ഈ രോഗങ്ങള്‍ക്കാവശ്യമായ മരുന്നുകള്‍ സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്. യഥാസമയം ചികിത്സയ്ക്ക് വിധേയരാകുക എന്നതാണ് ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത്. പ്രത്യേകിച്ച് പ്രായമായവരും ഗര്‍ഭിണികളും കുട്ടികളും.
വയറിളക്ക രോഗങ്ങളായ ഷീഗെല്ല ഡിസന്ററി, ടൈഫോയ്ഡ്, കോളറ, ഹെപ്പറ്റൈറ്റിസ് എ തുടങ്ങിയവ മലിനമാക്കപ്പെട്ട ജലത്തിലൂടെയാണ് വ്യാപിക്കുന്നത്. വ്യക്തിശുചിത്വത്തിന്റെ ഭാഗമായി വൃത്തിയായി കൈയും പാത്രവും കഴുകി ഭക്ഷണവും കഴിക്കുക, തിളപ്പിച്ച് ആറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക, മലമൂത്ര വിസര്‍ജനം സാനിറ്ററി കക്കൂസുകളില്‍ നടത്തുക, പ്രസ്തുത രോഗങ്ങളുടെ വാഹകരായ ഈച്ചയെ ഫലപ്രദമായി നിയന്ത്രിക്കുക, ആഹാരസാധനങ്ങള്‍ വൃത്തിയുള്ള പാത്രങ്ങളില്‍ അടച്ചുസൂക്ഷിക്കുക എന്നിവയാണ് പ്രതിരോധമാര്‍ഗങ്ങള്‍.
കൊതുകുജന്യരോഗങ്ങളായ മലമ്പനി അഥവാ മലേറിയ, ഡെങ്കിപ്പനി എന്നിവ കേരളത്തില്‍ വ്യാപകമാകാനുള്ള കാരണം വെള്ളം കെട്ടിക്കിടക്കുന്നതാണ്. അടുത്തകാലത്തായി ചികിത്സയ്ക്ക് വിധേയരാകാത്ത അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള കുടിയേറ്റ തൊഴിലാളികളില്‍ ഈ രോഗം കൂടുതലായി കണ്ടുവരുന്നുണ്ട്.
വെള്ളത്തിലൂടെ പടരുകയും കേരളത്തില്‍ ഏറെ വിനാശം വരുത്തുകയും ചെയ്ത മറ്റൊരു രോഗമാണ് മഞ്ഞപ്പിത്തം അഥവാ ഹെപ്പറ്റൈറ്റിസ് എ. ഫലപ്രദമായ ചികിത്സ കണ്ടുപിടിച്ചിട്ടില്ലാത്തതുകൊണ്ടുതന്നെ രോഗം വരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കി പ്രതിരോധം ശക്തിപ്പെടുത്തുക മാത്രമാണ് പരിഹാരമാര്‍ഗം. തിളപ്പിച്ചാറ്റിയ ജലം മാത്രം ഉപയോഗിച്ചാല്‍ ഈ രോഗത്തെ അകറ്റി നിര്‍ത്തുവാന്‍ കഴിയും. ജലം തിളയ്ക്കാതെ ചൂടാക്കിയതുകൊണ്ടൊ തിളച്ചവെള്ളത്തില്‍ പച്ചവെള്ളം ചേര്ത്തതുകൊണ്ടൊ ഉദ്ദേശിച്ചഫലം ലഭിക്കാതെയാകും. മാത്രമല്ല ജ്യോൂസ്, സംഭാരം തുടങ്ങിയ ശീതളപാനീയങ്ങളില്‍ തിളച്ചാറിയ ജലം സാധാരണ ആരും ഉപയോഗിക്കാറില്ല. ഇത്തരം സാഹചര്യങ്ങള്‍ രോഗബാധയ്ക്ക് കാരണമാകാം.
മാലിന്യം വീടുകളില്‍ തരംതിരിച്ച് സംഭരിക്കുന്നതിനും വികേന്ദ്രീകരിച്ച് സംസ്ക്കരിക്കുന്നതിനുള്ള സംവിധാനം വ്യാപകമാവേണ്ടതായിട്ടുണ്ട്. പ്രകൃതിക്ക് ഇണങ്ങാത്ത എന്തിന്റേയും സ്വാഭാവിക ഉപയോഗം കുറച്ചുകൊണ്ടുവരണം. ജലാശയങ്ങളിലേയ്ക്ക് നിക്ഷേപിക്കപ്പെടുന്ന ഖരദ്രവമാലിന്യങ്ങള്‍ കെട്ടിക്കിടന്നിട്ടാണ് കേരളം കഴിഞ്ഞ മൂന്നു ദശകങ്ങളായി അനുഭവിക്കുന്ന മുഴുവന്‍ പകര്‍ച്ചവ്യാധികളും ഉണ്ടായത്.
മനുഷ്യനിര്‍മിതമായ ഓടകളും അരുവികളും നദികളും തടാകങ്ങളും മഹാസമുദ്രം വരെ പരസ്പ്പരം ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ ഒരിടത്തും ജലം മലിനമാവാന്‍ പാടില്ല. ഇനിയുണ്ടാകുന്ന മഹായുദ്ധങ്ങള്‍ പോലും ജലത്തിനുവേണ്ടിയായിരിക്കും എന്ന് പ്രവചനങ്ങള്‍ ഉണ്ട്. അതിനാല്‍ ഉള്ള ജലത്തെ ശുദ്ധമായി സംരക്ഷിക്കാതെ മാനവരാശിക്ക് നിലനില്പ്പില്ലാ എന്നത് അടിസ്ഥാനപരമായി ഓര്‍ക്കേണ്ട ഒരു ജീവിതമന്ത്രമാണ്. ജീവന്റെ ഉല്‍പ്പത്തി ജലത്തിലാണ് എന്ന് പരിണാമസിദ്ധാന്തം. ജീവന്റെ സര്‍വനാശവും ജലം മൂലം ആവാതിരിക്കാന്‍ ഇപ്പോഴെ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. അല്ലെങ്കില്‍ പ്രകൃതിയിലെ സര്‍വോത്തര സൃഷ്ടിയായി മനുഷ്യന്റെ ക്രൂരതമൂലം ഒരു സമാധിയായിരിക്കും ജീവലോകത്തിന് വിധിച്ചിട്ടുള്ളത്.
പകര്‍ച്ചവ്യാധികളെ സംബന്ധിച്ച് തികച്ചും യുക്തിസഹവും നീതിപൂര്‍വവുമായ ഒരു നിരീക്ഷണമാണ് പ്രശസ്ത ന്യൂറോ സര്‍ജനും മുന്‍ വൈസ് ചാന്‍സലറും ഇടതുപക്ഷ സഹയാത്രികനുമായ ഡോ.ബി.ഇക്ബാലിന്റെ ഭാഗത്തുനിന്നുമുണ്ടായത്. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നത് ആരോഗ്യമന്ത്രിക്കും ആരോഗ്യവകുപ്പിനുംമാത്രം നിയന്ത്രിക്കാന്‍ കഴിയുന്ന കാര്യമല്ല എന്ന കണ്ടെത്തല്‍ ഗൗരവമായി എടുക്കേണ്ടതുതന്നെയാണ്. സമൂഹം രോഗബാധിതമാകുന്നത് ഒട്ടനവധി സാഹചര്യങ്ങള്‍മൂലമാണ്. ആ സാഹചര്യമെല്ലാം നിയന്ത്രണവിധേയമാക്കുക എന്നത് സമൂഹത്തിന്റെ ഒന്നിച്ചുള്ള ബോധപൂര്‍വമായ നിരന്തരപ്രവര്‍ത്തനത്തിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ. സ്വയം സംരക്ഷിക്കാന്‍ നമ്മെ നാം തന്നെ സജ്ജരാക്കേണ്ടിയിരിക്കുന്നു. ഈ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ് ഈ ഒരാഴ്ചക്കാലം ശുചീകരണവാരമായി പ്രഖ്യാപിക്കുന്നത്. കേരളീയ സമൂഹത്തിന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന പകര്‍ച്ചവ്യാധികളെന്ന പൊതു വിപത്തിനെ ചെറുക്കുന്നതിനുള്ള ഈ കൂട്ടായ യജ്ഞത്തില്‍ പങ്കാളികളാകുവാന്‍ ഏവരേയും സംസ്ഥാന സര്‍ക്കാരിനുവേണ്ടി ആഹ്വാനം ചെയ്യുകയാണ്.
അടൂര്‍ പ്രകാശ് (ആരോഗ്യവകുപ്പ് മന്ത്രി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: