ഏറെ പ്രതീക്ഷയും അതിലേറെ ആശങ്കയും ഉളവാക്കിയതാണ് കൊച്ചി സ്മാര്‍ട്ട് സിറ്റി. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് രൂപം കൊണ്ട ആശയം ഉപേക്ഷിക്കാതെ എല്‍ഡിഎഫ് പദ്ധതിയുമായി മുന്നോട്ടു പോകാന്‍ തയ്യാറായെങ്കിലും പിന്നീട് പ്രശ്നങ്ങളും പ്രതിസന്ധികളും മാത്രമാണ് സ്മാര്‍ട്ട് സിറ്റിയെ ചുറ്റിപ്പറ്റി നിന്നത്. ഒരു വേള പദ്ധതി നഷ്ടപ്പെടുമെന്ന ഘട്ടം വരെയെത്തി. സ്മാര്‍ട്ട് സിറ്റിയുടെ മുഖ്യചുമതലക്കാരായ ദുബൈ ടീകോം കമ്പനിയും സംസ്ഥാന സര്‍ക്കാരും അനാരോഗ്യകരമായ വാദപ്രതിവാദത്തിലേക്കു വരെ നീങ്ങിയതാണ്.
ടീകോം റിയല്‍ എസ്റ്റേറ്റ് കമ്പനിയാണെന്നും വളരെയധികം സാമ്പത്തിക പ്രയാസം നേരിടുകയാണെന്നും മുഖ്യമന്ത്രിയായിരിക്കെ വി.എസ്.അച്യുതാനന്ദന് പ്രസ്താവിച്ചത് ഏറെ ആക്ഷേപങ്ങള്‍ സൃഷ്ടിച്ചതാണ്. ഇന്‍ഫോപാര്‍ക്കിന്റെ സ്ഥലം സ്വന്തമാക്കി അതു വിറ്റ് കാശു പോക്കറ്റിലാക്കാനുള്ള ശ്രമമാണെന്നും ആരോപണം വന്നിരുന്നു. എന്നിരുന്നാലും ഒടുവില്‍ ഇടതുമുന്നണി സര്‍ക്കാരുമായി സംസ്ഥാന താത്പര്യത്തിനിണങ്ങുന്ന ധാരണാ പത്രത്തില്‍ ടീകോമുമായി ഒപ്പിടാന്‍ സാധിച്ചു. ആ ധാരണാ പത്രത്തില്‍ ഒരു മാറ്റവും വരുത്താതെ പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന യുഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപനം പ്രതീക്ഷ നല്‍കുന്നതാണ്. ഏതായാലും പദ്ധതി യാഥാര്‍ഥ്യമാകുമെന്നാണ് ഏറ്റവും ഒടുവിലത്തെ നടപടികളിലൂടെ മനസിലാക്കേണ്ടത്.
സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഒന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ രണ്ടുകൊല്ലത്തിനകം പൂര്‍ത്തീകരിക്കുമെന്ന് പദ്ധതിയുടെ പവലിയന് നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രസ്താവിച്ചിരിക്കുകയാണ്. പദ്ധതിയുടെ പുതുക്കിയ മാസ്റ്റര്‍പ്ലാന്‍ ഡയറക്ടര്‍ബോര്‍ഡ് അംഗീകരിച്ചെന്നും വിശദമായ മാസ്റ്റര്‍ പ്ലാന്‍ അടുത്ത മാര്‍ച്ചോടെ തയ്യാറാകുമെന്നും മുഖ്യമന്ത്രി അറിയിച്ചത് പ്രതീക്ഷ നല്‍കുന്നതാണ്. പവലിയന് 14 ആഴ്ചകള്‍ കൊണ്ട് പൂര്‍ത്തിയാകും. തുടര്‍ന്ന് സ്മാര്‍ട്ട് സിറ്റി ആസ്ഥാനമന്ദിരത്തിന്റെ നിര്‍മാണം ആരംഭിക്കും. സ്മാര്‍ട്ട് സിറ്റി കേവലമൊരു ഐടി പദ്ധതിയല്ല. ഗണ്യമായ തോതില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും കേരളത്തിന്റെ സാമ്പത്തികവളര്‍ച്ചയെ അടുത്ത ഘട്ടത്തിലേക്ക് നയിക്കുകയും ചെയ്യുന്ന മുന്നേറ്റമാണ് എന്നൊക്കെയുള്ള മുഖ്യമന്ത്രിയുടെ സ്വപ്നവും പ്രതീക്ഷയും സഫലമാകണമെങ്കില്‍ ഭരണ പ്രതിപക്ഷ ഭേദം മറന്ന് ഒത്തൊരുമിച്ച് നീങ്ങണം. അതിനു പറ്റിയ അന്തരീക്ഷം സൃഷ്ടിക്കുകയും വേണം.
വന്‍തോതില്‍ നേരിട്ടുള്ള വിദേശനിക്ഷേപവും രാജ്യാന്തര ഐടി കമ്പനികളും വരുമെന്നതിനാല്‍ കേരളത്തെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ്. പദ്ധതിയുടെ പ്രൊജക്ട് മോണിറ്ററിംഗ് കമ്മറ്റി ദുബായിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചടങ്ങില്‍ അധ്യക്ഷത വഹിച്ച ടീകോം സി.ഇ.ഒ അബ്ദുള്‍ ലത്തീഫ് അല്മുല്ലയും പറഞ്ഞിരിക്കുകയാണ്. സ്മാര്‍ട്ട് സിറ്റി പദ്ധതി വൈകിയതിന് ടീകോം തന്നെയാണ് ഉത്തരം പറയേണ്ടതെന്ന് പദ്ധതിയുടെ മുന്‍ ചെയര്മാന് എസ്.ശര്‍മ എംഎല്‍എ ചടങ്ങില്‍ ആവര്‍ത്തിച്ചിരിക്കുകയാണ്. കരാറിലെ വ്യവസ്ഥ സംബന്ധിച്ച് തര്‍ക്കം വന്നപ്പോള്‍ മുന്‍സര്‍ക്കാര്‍ ഒരു നിലപാട് സ്വീകരിച്ചു.
ടീകോം അത് പിന്നീട് അംഗീകരിച്ചു. തുടര്‍ന്നാണ് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ നിര്‍മാണം തുടങ്ങാനുള്ള കരാറില്‍ എത്തിയത്. മാര്‍ച്ചില്‍ നിര്‍മാണം ആരംഭിക്കുമെന്ന് രേഖാമൂലം അറിയിച്ചെങ്കിലും ടീകോം അത് പാലിച്ചില്ലെന്നും ശര്‍മയ്ക്ക് അഭിപ്രായമുണ്ട്. സംശയങ്ങളും തര്‍ക്കങ്ങളും ആരോപണ പ്രത്യാരോപണങ്ങളും നിരത്താന്‍ കാരണങ്ങള്‍ പലതുണ്ടാകാം. അത് കണ്ടെത്തുന്നതിനു പകരം സംസ്ഥാനത്തിന്റെ വിശാല താത്പര്യങ്ങളും വികസന സങ്കല്പങ്ങളും കണക്കിലെടുത്ത് കൂട്ടായ പരിശ്രമം നടത്തേണ്ട കാലമാണിത്. പോയ സമയം തിരിച്ചു കിട്ടില്ല. എട്ടുവര്‍ഷത്തോളം കേരളം സ്മാര്‍ട്ട് സിറ്റി കാര്യത്തില്‍ കളഞ്ഞു കുളിച്ചു. ആ നഷ്ടബോധമുണ്ടെങ്കില് സ്മാര്‍ട്ട് സിറ്റി യാഥാര്‍ഥ്യമാക്കാന്‍ പ്രയാസമുണ്ടാകില്ല.
അര്‍ഹതയും യോഗ്യതയുമുള്ള ആയിരക്കണക്കിനു മലയാളി ചെറുപ്പക്കാര്‍ തൊഴില്‍ തേടി അന്യസംസ്ഥാനങ്ങളിലും രാജ്യങ്ങളിലും പോകുകയാണ്. ഇവിടെ തൊഴില്‍ ലഭ്യമാകുമെന്നുറപ്പുണ്ടെങ്കില് ഒരു കുട്ടി പോലും പുറം നാടുകളെ ആശ്രയിക്കാന്‍ ഒരുങ്ങുകയില്ല. മലയാളി യുവാക്കളുടെ കര്‍മശേഷിയും കാര്യപ്രാപ്തിയും ലോകമെമ്പാടും അംഗീകരിച്ചതാണ്. ജന്മനാടിന് അത് പ്രയോജനപ്പെടുത്താന്‍ അവസരം ലഭിക്കുന്നതിനോളം ആനന്ദകരം മറ്റൊന്നുണ്ടാകില്ല. സ്മാര്‍ട്ട് സിറ്റി സംബന്ധിച്ച് സമയബന്ധിതമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കാനാകണം. കെട്ടിട നിര്‍മാണം അതില്‍ പ്രധാനപ്പെട്ടതാണ്. ഡിസംബറില്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ റോഡ് ഷോ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ബംഗളൂരുവില്‍ നിന്ന് തുടങ്ങുന്ന ഈ റോഡ് ഷോ രാജ്യത്താകമാനം വ്യാപിപ്പിക്കാനാണ് പദ്ധതി. രാജ്യാന്തര കമ്പനികളുടെ സാന്നിധ്യം പല സംസ്ഥാനങ്ങളിലും ഉണ്ടെന്നിരിക്കെ അത് ഫലപ്രദമാക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല. ഇപ്പോള്‍ 16 ശതമാനം ഓഹരിയാണ് സ്മാര്‍ട്ട് സിറ്റിയില്‍ സംസ്ഥാനത്തുള്ളത്. അഞ്ചുവര്‍ഷം കൊണ്ട് അത് 26 ശതമാനമാക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആഗ്രഹം. ഇടതുവലതു സര്‍ക്കാരുകള്‍ വികസന സാധ്യത പാഴാക്കിയതാണ്. അതു ബോധ്യമുണ്ടെങ്കില്‍ പ്രായശ്ചിത്തമെന്ന നിലയില്‍ വൈരം മറന്ന് സ്മാര്‍ട്ട് സിറ്റി കെട്ടിപ്പടുക്കാനുള്ള പ്രയത്നമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: