അനുഭവിക്കുന്ന സമയത്ത് മാത്രം ഉള്ളതുപോലെ തോന്നിയ വിഷയം, അനുഭവവേളയില്‍ പോലും ഇല്ലാത്തതാണെന്ന് ഞാനിന്റെ നിര്‍ലേപത്വം- നിശ്ചലത്വം- മനസിലാക്കി ഉറപ്പിച്ച് ഞാന്‍ ഒന്നുമായും സംഗനല്ല എന്ന് ദൃഢപ്പെട്ടിരിക്കേണ്ടതാണ്. സദാ അയാള്‍ ഞാനിനെ മാത്രമേ അറിയുന്നുള്ളൂ. ഏതെങ്കിലും ഒരു ജഡവസ്തു ഇങ്ങോട്ട് വന്ന് കലരുന്നുണ്ടോ? ഇല്ല. ഞാനെന്ന ബോധം അങ്ങോട്ടുപോയി ജഡവസ്തുവില്‍ കലരാന്‍ പറ്റുമോ? അതും സാധ്യമല്ല. അതുകൊണ്ട് നാം നേരത്തെ സൂചിപ്പിച്ചതുപോലെ കണ്ണാടിയില്‍ കാണുന്ന രൂപങ്ങളുടെ ആദിയും മധ്യവും അന്ത്യവും കണ്ണാടിക്കറിയില്ല. എന്നാല്‍ കണ്ണാടിയില്‍ തെളിഞ്ഞുനില്ക്കുമ്പോഴും അവ കണ്ണാടിയ്ക്കകത്ത് പറ്റിയിരിക്കുന്നില്ല. ഒരു രൂപം ഉണ്ടാകുമ്പോഴും മറയുമ്പോഴും കണ്ണാടിയില്‍ അവ ഇല്ലാത്തുതന്നെയാണ്. ഞാന്‍ എന്ന ബോധത്തില്‍ പ്രപഞ്ചകാഴ്ചകള്ക്ക് ഇത്രമാത്രം പ്രസക്തിയേ ഉള്ളു എന്ന് തെളിയുമ്പോള്‍ മുതല്‍ ഞാനിന്റെ സ്വച്ഛമായ നിലയുടെ സുഖസ്വരൂപമായ ശാന്തശീതളിമ പ്രസ്ഫുരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ല.
വിഷയരഹിതമായ ഞാനിന്റെ അവസ്ഥയെ അറിയുന്നതിന് മൂന്ന് കാലത്തിലും വിഷയം കലരാത്ത ഞാനിന്റെ അവസ്ഥ അറിയുന്നതിന് മൂന്ന് കാലത്തിലും വിഷയം കലരാത്ത ഞാനിന്റെ അവസ്ഥമനനം ചെയ്ത് ബോധ്യമായാല്‍ മതി. അങ്ങനെ ഞാന്‍ വിഷയവുമായി കലരുന്ന ആളല്ല എന്ന സത്യസ്ഥിതിയില്‍ എത്തിച്ചേരുന്നു. വിഷയങ്ങളാല്‍ ഞാന്‍ ബദ്ധനല്ല എന്ന് അറിയുന്നതോടുകൂടി പ്രപഞ്ചാതീതമായ പരമമായ സത്യസ്ഥിതി ഉദയമാകുന്നു. ഇതുവരെ എന്നെ വിഷയം ബന്ധിച്ചിട്ടില്ല. ഞാനില്‍ വിഷയങ്ങള്‍ക്ക് സ്ഥായീഭാവമില്ല എന്ന് മാത്രമല്ല ക്ഷണിക നേരം പോലും ഞാനില്‍ അവ ഇരിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: