കേരളം അതിരൂക്ഷമായ പകര്‍ച്ചവ്യാധി ഭീഷണിയിലാണ്. വെള്ളിയാഴ്ചയും എറണാകുളത്തുമാത്രമായി നാലുപേര്‍ എലിപ്പനി ബാധിച്ച് മരിച്ചു. മലബാര്‍ മേഖലയിലാണ് പകര്‍ച്ചപ്പനി നിയന്ത്രണവിധേയമല്ലാതെ പടരുന്നത്. എലിപ്പനിയും ഡെങ്കിപ്പനിയുംമൂലം മരിക്കുന്നവരുടെ എണ്ണം പെരുകുകയാണ്. ഇതോടൊപ്പം ഇപ്പോള്‍ പകര്‍ച്ചപ്പനിയും മഞ്ഞപ്പിത്തവും കോളറപോലും പടര്‍ന്നു തുടങ്ങിയിരിക്കുന്നു. കേരളത്തില്‍ പകര്‍ച്ചപ്പനികളുടെ വ്യാപനം ഇടത് സര്‍ക്കാര്‍ ഭരിച്ചിരുന്ന സമയം മുതല്‍ തുടങ്ങിയതാണ്. കഴിഞ്ഞ ഇടത് സര്‍ക്കാരും ഇപ്പോള്‍ അധികാരത്തിലേറിയ യുഡിഎഫും ഇതിനെതിരെ ജാഗ്രത പാലിക്കുന്നതിനോ ഈ പകര്‍ച്ചവ്യാധികള്‍ നിയന്ത്രണവിധേയമാക്കുന്നതിനോ പര്യാപ്തമായ നടപടികളെടുക്കുന്നതില്‍ പരാജയപ്പെടുകയാണ്. ഭയാനകാംവിധം പകര്‍ച്ചപ്പനികള്‍ പടരുമ്പോള്‍ ആവശ്യത്തിന് രോഗനിര്‍ണയ കിറ്റുകളോ പ്രതിരോധ മരുന്നുകളോ കോഴിക്കോട് ജില്ലയില്‍ ലഭ്യമല്ല. പല ജില്ലകളിലും ആവശ്യത്തിന് ഡോക്ടര്‍മാര്‍പോലും ഇല്ല. നൂറുകണക്കിന് രോഗികള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്ന് ഡോക്ടറുടെ അഭാവത്തില്‍ തിരിച്ചുപോകുമ്പോള്‍ അവരിലെ രോഗബാധ മരുന്ന് കിട്ടാതെ വര്‍ധിക്കുകയും മരണത്തിനിടയാക്കുകയും ചെയ്യുന്നു. പകര്‍ച്ചപ്പനിബാധ ഒരു പുതിയ കാര്യമല്ല. പക്ഷേ ഭരിക്കുന്ന സര്‍ക്കാരുകള്‍ നിയന്ത്രണാതീതമായി മരണക്കണക്കുകള്‍ പെരുകിത്തുടങ്ങിയപ്പോഴാണ് കണ്ണ് തുറന്നതെന്നുമാത്രം. കോട്ടയം ജില്ലയിലും മഞ്ഞപ്പിത്തബാധ പടരുകയാണ്. പാലക്കാടന്‍ കള്ളില്‍നിന്നാണ് മഞ്ഞപ്പിത്തം ബാധിക്കുന്നതെന്ന് കോതമംഗലത്ത് മഞ്ഞപ്പിത്തബാധ കണ്ടപ്പോള്‍ സംശയം തോന്നിയാണ്. ജലമലിനീകരണവും മഞ്ഞപ്പിത്തം പടരുന്നതിന് കാരണമാണ്.
എലിപ്പനി ബാധിതരിലും മഞ്ഞപ്പിത്ത ലക്ഷണം കണ്ടുതുടങ്ങിയത് ഇത് എലിപ്പനിയുടെ പരിണിത ഫലമാണോ എന്നും സംശയം ബലപ്പെടുന്നു. ഈവിധം ഊഹാപോഹങ്ങള്‍ പ്രചരിക്കുമ്പോള്‍ സംസ്ഥാനത്ത് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ രോഗം പടരുകയും മരണസംഖ്യ ഉയരുകയും ചെയ്യുമ്പോഴും രോഗബാധയുടെ ഉറവിടം കണ്ടെത്താന്‍ ഇതുവരെ സാധിച്ചില്ല എന്നത് ഭരണതല പരാജയം തന്നെയാണ്. ഇതിന്റെ മറ്റൊരു ദൃഷ്ടാന്തമാണ് നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഗ്രാമശുചീകരണത്തിനായി അനുവദിച്ച ഫണ്ടിന്റെ 80 ശതമാനം ഉപയോഗപ്പെടുത്തുകപോലുമുണ്ടായില്ല എന്നത്. കേന്ദ്രം അനുവദിക്കുന്ന ഫണ്ടുകള്‍ ലാപ്സാക്കുന്നതില്‍ കേരളത്തിന് എന്നും സര്‍വകാല റെക്കോര്‍ഡാണെന്ന് സുനാമി പുനരധിവാസ ഫണ്ട് വിനിയോഗം മുതല്‍ തിരിച്ചറിഞ്ഞതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വരുത്തിയ വീഴ്ചയും ആരോഗ്യനിലവാരത്തിന് കേള്‍വികേട്ട കേരളത്തെ പകര്‍ച്ചവ്യാധിയുടെ നീരാളിപ്പിടിത്തത്തിലേക്ക് തള്ളിവിട്ടു. പ്രതിവര്‍ഷം ഓരോ വാര്‍ഡിനും പതിനായിരം രൂപവീതം പരിസര ശുചീകരണം, കൊതുക് നശീകരണം മുതലായവയ്ക്ക് എന്‍എച്ച്ആര്‍എം ഫണ്ട് നല്‍കിയിരുന്നു. പരിസര മലിനീകരണവും കുടിവെള്ള മലിനീകരണവുമാണ് കേരളത്തില്‍ ഈവിധം പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ കാരണമായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സാക്ഷര കേരളത്തിന് അപമാനമാണിത്. മലയാളിക്ക് ശുചിത്വമെന്നാല്‍ വ്യക്തിത്വ ശുചിത്വം മാത്രമാണ്. പരിസര ശുചിത്വമോ പരിസ്ഥിതി ബോധമോ മലയാളിക്കന്യമാണ്. സ്വന്തം ഗാര്‍ഹിക മാലിന്യങ്ങള്‍ അയല്‍വക്കത്തുകാരന്റെ പറമ്പില്‍ തള്ളുന്ന സംസ്ക്കാരമാണ് കേരളീയര്‍ക്ക്. മാലിന്യക്കൂമ്പാരങ്ങള്‍ എലികള്‍ക്കും കൊതുകുകള്‍ക്കും താവളമാകുമ്പോള്‍ പനിബാധ എങ്ങനെ തടയും?
കേരളത്തിലെ എല്ലാ തുറസ്സായ സ്ഥലങ്ങളും ജലസ്രോതസുകളും കനാലുകളും കുളങ്ങളുമെല്ലാം മാലിന്യംകൊണ്ട് നിറഞ്ഞതാണ്. പല വീടുകളിലെയും കക്കൂസിലെ പൈപ്പ് തുറക്കുന്നത് ഓടകളിലേക്കാണെന്നും ഇതില്‍ക്കൂടി ഇട്ടിരിക്കുന്ന പൈപ്പുകളില്‍ കൂടി കക്കൂസ് മാലിന്യം കുടിവെള്ളത്തില്‍ പകരാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. മാലിന്യനിര്‍മാര്‍ജനവും മാലിന്യസംസ്ക്കരണവും കേരളത്തില്‍ ഇന്നും കീറാമുട്ടിയായി അവശേഷിക്കുന്നു. തിരുവനന്തപുരത്തെ വിളപ്പില്‍ശാലയും എറണാകുളത്തെ ബ്രഹ്മപുരവും മാലിന്യസംസ്ക്കരണ തകര്‍ച്ചയുടെ സിമ്പലുകളായി അവശേഷിക്കുന്നു. കക്കൂസ് മാലിന്യം ലോറിയില്‍ കയറ്റി എറണാകുളത്തിന്റെ കുടിവെള്ള സ്രോതസായ പെരിയാറില്‍ നിക്ഷേപിക്കാന്‍ തയ്യാറാകുന്ന പരിസ്ഥിതി ദ്രോഹികള്‍ ഇവിടെയുണ്ട്. ജനപങ്കാളിത്തത്തോടെയുള്ള രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ അഭാവവും ഈ സാംക്രമികബാധ പടരാന്‍ കാരണമായി. തൊഴിലുറപ്പ് പദ്ധതിയിലെ പ്രതിരോധ സംവിധാന പദ്ധതിപ്രകാരം അംഗങ്ങള്‍ക്ക് പദ്ധതി തുകയും ഒരു നിശ്ചിത ശതമാനം രോഗപ്രതിരോധ സംവിധാനങ്ങള്‍ക്കായി നീക്കിവച്ചിരുന്നു. ഇതിന്റെ പരാജയത്തിന്റെ പ്രതിഫലനവും കൂടിയാണിത്. തൊഴിലുറപ്പ് പദ്ധതിപ്രകാരം മാലിന്യനിര്‍മാര്‍ജ്ജന ജോലികള്‍ ചെയ്യുന്നവര്‍ക്ക് കയ്യുറയും കാലുറയും നല്‍കണമെന്നും പ്രതിരോധ കുത്തിവയ്പ്പ് നടത്തണമെന്നും നിബന്ധനയുണ്ട്. ഇതും മാര്‍ഗരേഖയില്‍ ഒതുക്കി മാലിന്യനിര്മാര്ജ്ജനത്തൊഴിലാളികളും പകര്‍ച്ചവ്യാധികള്‍ക്കിരയായി മരണമടഞ്ഞവരുടെ കൂട്ടത്തിലുണ്ട്. മറ്റൊരു പ്രധാന കാര്യം അന്യസംസ്ഥാന തൊഴിലാളികളുടെ കേരളത്തിലേക്കുള്ള കടന്നുകയറ്റമാണ്.
ഇന്ത്യയിലെ പല സംസ്ഥാനങ്ങളില്‍നിന്നും തൊഴിലാളികള്‍ കേരളത്തിലെത്തുന്നത് കെട്ടിടനിര്‍മാണരംഗത്തും ഹോട്ടല്‍ ജോലി മുതലായവകളും കൃഷി, പ്ലൈവുഡ് കമ്പനികളിലും പണി ചെയ്യുന്നതിനാണ്. എറണാകുളത്തുമാത്രം അഞ്ച് ലക്ഷം അന്യസംസ്ഥാന തൊഴിലാളികളുണ്ടെന്നാണ് കണക്ക്. യാതൊരുവിധ അടിസ്ഥാനസൗകര്യങ്ങളുമില്ലാതെ കുടിലിലും ടിന്‍ഷീറ്റ് ഷെഡ്ഡുകളിലും മറ്റും താമസിക്കുന്നവര്‍ പരിസരമലിനീകരണം നടത്തുകയും പ്രാഥമിക കര്‍മങ്ങള്‍പോലും കനാലിലും മറ്റും നിര്‍വഹിക്കുകയുമാണ്. ഇവര്‍ക്കിടയില്‍ വ്യാപകമായി പകര്‍ച്ചവ്യാധികള്‍ പടരുന്നതും അത് സമൂഹത്തിലേക്ക് വ്യാപിക്കാന്‍ കാരണമാകുന്നു. ഈവിധ അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാതെ ഇടത്-വലത് സര്‍ക്കാരുകള്‍ പരസ്പരം പഴിചാരിയാല്‍ പകര്‍ച്ചവ്യാധി നിയന്ത്രണവിധേയമാകില്ല. അധരവ്യായാമത്തിലൊതുങ്ങാതെ ക്രിയാത്മകമായ ശുചീകരണപ്രക്രിയ തുടങ്ങാനും ആശുപത്രികളില്‍ ഡോക്ടര്‍മാരുടെയും മരുന്നിന്റെയും പരിശോധനാ കിറ്റുകളുടെയും ലഭ്യത ഉറപ്പുവരുത്താനാണ് ആരോഗ്യവകുപ്പ് ശ്രദ്ധിക്കേണ്ടത്. ഇപ്പോള്‍ത്തന്നെ പരിധിവിടുന്ന വ്യാപനം തടയാന്‍ അടിയന്തര നടപടികള്‍ ആവശ്യമാണ്. ഒപ്പം ഈ സ്ഥിതി ആവര്‍ത്തിക്കാതിരിക്കാനുള്ള സംവിധാനമൊരുക്കാനും സര്‍ക്കാര്‍ തയ്യാറാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: