വാഷിങ്ടണ്‍: പാലസ്തീന് സ്വതന്ത്ര രാജ്യ പ്രമേയത്തെ എതിര്‍ക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചു. സ്വതന്ത്ര രാഷ്ട്ര പദവിയ്ക്ക് പാലസ്തീന് അര്‍ഹതയുണ്ടെങ്കിലും അത് ഇസ്രയേലുമായുള്ള ചര്‍ച്ചയിലൂടെ നേടുകയാണ് വേണ്ടതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ പറഞ്ഞു. ഇതോടെ പാലസ്തീന് പ്രശ്നത്തില്‍ ഇടപെടുന്നതില്‍നിന്ന് ഐക്യരാഷ്ട്ര സഭയെ അകറ്റി നിര്‍ത്തിയുള്ള പതിറ്റാണ്ടുകളായുള്ള അമേരിക്കന്‍ നീക്കം വീണ്ടും ആവര്‍ത്തിക്കപ്പെടുകയാണ്.
ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയെ അഭിസംബോധനചെയ്യുമ്പോഴാണ് ബരാക്ക് ഒബാമ, പാലസ്തീന് പ്രശ്നത്തില്‍ അമേരിക്ക സ്വീകരിച്ചിരുക്കുന്ന പതിറ്റാണ്ടുകളായുള്ള നിലപാടുകള്‍ ആവര്‍ത്തിച്ചത്. പ്രമേയത്തിലൂടെയും പ്രഖ്യാപനത്തിലൂടെയും സമാധാനം കൊണ്ടുവരാന്‍ കഴിയില്ലെന്ന് ഒബാമ പറഞ്ഞു. പാലസ്തീന് രാഷ്ട്രം അംഗീകരിക്കപെടേണ്ടത് ഇസ്രയേലുമായുള്ള ചര്‍ച്ചയിലൂടെയാണെന്ന പരമ്പരാഗതമായ അമേരിക്കന്‍ നിലപാട് ഒബാമ ആവര്‍ത്തിച്ചു.
ശീതയുദ്ധത്തിന് ശേഷമുള്ള എല്ലാ അന്താരാഷ്ട്ര സംഘര്‍ഷങ്ങളിലും ഇടപ്പെട്ട ഐക്യരാഷ്ട്ര സഭയെ പാലസ്തീന് പ്രശ്നത്തില്‍നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമമാണ് അമേരിക്ക ഇപ്പോഴും നടത്തുന്നതെന്നാണ് ഒബാമയുടെ പ്രസംഗവും വ്യക്തമാക്കുന്നത്. ഇസ്രയേലിനെതിരായ ഐക്യരാഷ്ട്ര സഭയുടെ എല്ലാ പ്രമേയങ്ങളും നടപ്പിലാക്കാതിരുന്നതും അമേരിക്കന്‍ ഇടപെടലിന്റെ ഫലമായിരുന്നു. പൊതുസഭ ഇസ്രയേലിനെതിരെ 690 ലേറെ പ്രമേയങ്ങള്‍ പാസ്സാക്കിയെങ്കിലും ഒന്നുപോലും നടപ്പിലാകാതെപോയതും ഇതേ കാരണത്താലാണ്.
ഇസ്രയേലിന്റെ അധിനിവേശ നയങ്ങളെ വിമര്‍ശിക്കാന്‍ രക്ഷാ സമിതിയില്‍ വിവിധ രാജ്യങ്ങള്‍ കൊണ്ടുവന്ന 40 ലേറെ പ്രമേയങ്ങളാണ് അമേരിക്ക ഇതുവരെ വീറ്റോ ചെയ്തത്. അമേരിക്കയുടെ എതിര്‍പ്പിനിടയിലും സ്വതന്ത്ര രാഷ്ട്ര പദവിയ്ക്കായുള്ള പ്രമേയവുമായി മുന്നോട്ട് പോകുമെന്ന് പാലസ്തീന് പ്രസിഡന്റ് മെഹ്മ്മൂദ് അബ്ബാസ് ആവര്‍ത്തിച്ചു. അതിന് മുന്നോടിയായി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി അബ്ബാസ് ചര്‍ച്ച നടത്തും.
പാലസ്തീനുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് ഇസ്രായേലും അറിയിച്ചിട്ടുണ്ട്. 18 വര്‍ഷത്തെ തീവ്രനയതന്ത്ര ശ്രമങ്ങള്‍ പരാജയപ്പെട്ട ശേഷമാണ് പാലസ്തീന് സ്വതന്ത്ര രാഷ്ട്ര പദവിക്കായി യു.എന്നിനെ സമീപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: