പിണറായി വിജയനെപ്പറ്റി ഈ പംക്തിയില്‍ പണ്ട് നല്ലതെഴുതിയിട്ടുണ്ട്. മലയാളത്തിലെ മുഖ്യധാരാമാധ്യമങ്ങള്‍ മിക്കതും അദ്ദേഹത്തിനെതിരെ വല്ലാത്ത വിമര്‍ശനം നടത്തിയിരുന്ന കാലത്തായിരുന്നു അത്. പ്രസംഗിക്കുന്നിടത്തെല്ലാം പിണറായി തനിക്കെതിരെ ഒരു മാധ്യമസിന്റിക്കേറ്റ് പ്രവര്‍ത്തിക്കുന്നുവെന്ന് പരാതിപ്പെട്ടിരുന്നപ്പോഴാണ് അദ്ദേഹത്തെ കുറിച്ച് ഈ പംക്തിയില്‍ നല്ല വാചകങ്ങള്‍ എഴുതിയത്. അങ്ങനെ എഴുതിയതിനെതിരെ പ്രതികരിക്കുന്ന നിരവധി വായനക്കാരുടെ കത്തുകളും ഫോണ്‍കോളുകളും എനിക്ക് ലഭിച്ചിരുന്നു. വൈദ്യുതി മന്ത്രി ആയിരിക്കെ പിണറായി വിജയനുമായി ഒരു മാധ്യമപ്രവര്ത്തകന് എന്ന നിലയില്‍ ബന്ധപ്പെടാനിടയായപ്പോള്‍ എനിക്കുണ്ടായ അനുഭവങ്ങളെപ്പറ്റിയുള്ള തികച്ചും വ്യക്തിപരമായ അനുഭവങ്ങളാണ് അന്ന് ഈ പംക്തിയില്‍ പ്രതിപാദിച്ചത്. പിന്നീട് അതിനെപ്പറ്റി അന്ന് സഹകരണ മന്ത്രി ആയിരുന്ന ജി.സുധാകരന് ഒരു വാരികയ്ക്ക് നല്കിയ അഭിമുഖത്തില്‍ പരാമര്‍ശിച്ചിരുന്നു. പിണറായി വിജയന് മാധ്യമ സൗഹൃദം പുലര്‍ത്തുന്ന വ്യക്തിയാണെന്ന് ‘ജന്മഭൂമി’ മുഖ്യപത്രാധിപര്‍ പോലും സാക്ഷ്യപ്പെടുത്തുന്നുവെന്നാണ് സുധാകരന് ആ അഭിമുഖത്തില്‍ അവകാശപ്പെട്ടത്. അഭിമുഖത്തിലെ പരാമര്‍ശം വായിച്ച, പരാമര്‍ശവിഷയമായ ‘ജന്മഭൂമി’യിലെ പംക്തി വായിച്ചിട്ടില്ലാത്ത ചില സുഹൃത്തുക്കള്‍ അതെന്താണെന്നും എന്തിനായിരുന്നു എന്നും അറിയാന്‍ എന്നെ ഫോണില്‍ വിളിച്ചിട്ടുണ്ട്.
പറഞ്ഞുവന്നത് പിണറായി വിജയനെന്ന വ്യക്തിയേയും സിപിഎം നേതാവിനേയും തികഞ്ഞ പ്രതിപക്ഷ ബഹുമാനത്തോടെ ഈ പംക്തിയില്‍ പരാമര്‍ശിച്ചു പോന്നിട്ടുള്ളതിനെപ്പറ്റിയാണ്. പക്ഷെ കഴിഞ്ഞ തിങ്കളാഴ്ച സിപിഎം സംസ്ഥാന സമിതിയോഗ തീരുമാനങ്ങള്‍ മാധ്യമങ്ങളോട് പിണറായി വിജയന് വിശദീകരിക്കുന്നത് കേട്ടപ്പോള്‍ അദ്ദേഹത്തോട് സഹതാപമാണ് തോന്നിയത്. ഏറെ ചര്‍ച്ചാ വിഷയമായിട്ടുള്ള ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളില്‍ കണ്ടെത്തിയ സമ്പത്ത് സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ കേട്ടാണ് പിണറായിയോട് സഹതാപം തോന്നിയത്.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ കണ്ടെത്തിയ സ്വത്ത് പൊതുസ്വത്താണെന്നും ക്ഷേത്രത്തിന്റേയും ക്ഷേത്രസ്വത്തിന്റേയും ഭാവിമേല്നോട്ടത്തിനും സംരക്ഷണത്തിനുമായി ഗുരുവായൂര്‍ ദേവസ്വത്തിന്റെ മാതൃകയില്‍ പ്രത്യേക സംവിധാനം വേണമെന്നുമാണ് പാര്‍ട്ടിക്കുവേണ്ടി പാര്‍ട്ടി സെക്രട്ടറി പത്രസമ്മേളനത്തില്‍ പറഞ്ഞത്. രണ്ടാഴ്ചമുമ്പ് ഒരു പ്രമുഖ മലയാള വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ കണ്ടെത്തിയ സമ്പത്തിനെക്കുറിച്ച് പിണറായി വിജയന് പ്രകടിപ്പിച്ച അഭിപ്രായമാണ് പെട്ടെന്ന് എന്റെ ഓര്‍മയില്‍ വന്നത്. നിലവറകളില്‍നിന്ന് ലഭിച്ച സ്വത്ത് ക്ഷേത്രസ്വത്ത് തന്നെയാണെന്ന വ്യക്തവും ശക്തവുമായ അഭിപ്രായമായിരുന്നു ആ അഭിമുഖത്തില്‍ അദ്ദേഹം പ്രകടിപ്പിച്ചിരുന്നത്. “അടുത്തിടെ സംസ്ഥാനത്ത് പ്രധാനപ്പെട്ട ചര്‍ച്ചയായി വന്ന ഒരു സംഭവമാണ് ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ നിധി. പലതരം ചര്‍ച്ചകള്‍ നടത്തുന്നുണ്ടെങ്കിലും ആ നിധി എന്തു ചെയ്യണം എന്നത് വ്യക്തമായിട്ടില്ല. ഇതില്‍ പാര്‍ട്ടിയുടെ അഭിപ്രായം എന്താണ്?” എന്നതായിരുന്നു ചോദ്യം. “ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി എന്നു പറയുന്നത് യഥാര്‍ത്ഥത്തില്‍ അത് ക്ഷേത്രം വകയുള്ളത് തന്നെയാണ്. ക്ഷേത്രത്തിന്റെ സ്വത്തായി നില്‍ക്കുകയാണ്. അതെങ്ങനെ വേണമെന്ന് സുപ്രീംകോടതി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. എങ്ങനെ അത് ഉപയോഗിക്കണം എന്നത് സംബന്ധിച്ച് സുപ്രീംകോടതിയുടെ ഒരു നിലപാട് കൂടി വന്നശേഷം അഭിപ്രായം പറയുന്നതാണ് നല്ലത്”. (‘പിണറായി വിജയന് സംസാരിക്കുന്നു’-മാധ്യമം വാരിക 2011 ആഗസ്റ്റ് 22).
അഭിമുഖത്തിലെ പിണറായി വിജയന്റെ അഭിപ്രായത്തില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്ര നിലവറകളില്‍ കണ്ടെത്തിയ സ്വത്ത് ക്ഷേത്രത്തിന്റേതാണെന്നതിലും ക്ഷേത്രസ്വത്ത് മാത്രമാണെന്നതിലും അസന്ദിഗ്ദ്ധതയോ ആശയക്കുഴപ്പമോ ലവലേശമില്ല. അത് എന്തു ചെയ്യണമെന്നതും എങ്ങനെ വിനിയോഗിക്കണമെന്നതും സംബന്ധിച്ചുള്ള നിലപാടാണ് പിണറായി ചോദ്യത്തിന് ഉത്തരമായി വ്യക്തമാക്കാതിരുന്നത്. എന്നാല്‍ സുപ്രീംകോടതിയുടെ തീരുമാനം കൂടിവന്നശേഷമാവാം അക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തുമായി ബന്ധപ്പെടുത്തി പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന് തിരുവിതാംകൂര്‍ രാജകുടുംബത്തിനെതിരെ പൊതുവേയും ശ്രീ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയ്ക്കെതിരെ വ്യക്തിപരമായും ആക്രമണം നടത്തി വരവേയാണ് അച്യുതാനന്ദന്റെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന് ക്ഷേത്രത്തില്‍ കണ്ടെത്തിയത് ക്ഷേത്രത്തിന്റെ സ്വത്ത് തന്നെയെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം പ്രസ്താവിച്ചത്.
ക്ഷേത്രത്തില്‍ കണ്ടെത്തിയ സ്വത്ത് ക്ഷേത്രത്തിന്റേതാണെന്ന മുന്‍ നിലപാടിന് കടകവിരുദ്ധമായി അത് പൊതുസ്വത്താണെന്നും ക്ഷേത്രസ്വത്ത് കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് പൊതുസംവിധാനം രൂപീകരിക്കണമെന്നും പിണറായി വിജയന് പത്രസമ്മേളനത്തില്‍ പ്രസ്താവിക്കാന്‍ നിര്‍ബന്ധിതനായത് പാര്‍ട്ടി സംസ്ഥാന സമിതിയിലെ ചര്‍ച്ചകളുടേയും തുടര്‍ന്നുള്ള തീരുമാനത്തിന്റേയും പശ്ചാത്തലത്തിലാണ്. ഇത് പാര്‍ട്ടിയുടെ നിലപാടാണെന്നും ഇനി മുതല്‍ ശ്രീപത്മനാഭസ്വാമിക്ഷേത്രം സംബന്ധിച്ച് പാര്‍ട്ടി നിലപാട് ഇത് തന്നെ ആയിരിക്കുമെന്നും പിണറായി അറിയിച്ചതില്നിന്നത് വ്യക്തമാണ്.
മറ്റു പല വിഷയങ്ങളിലും എന്നപോലെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ കണ്ടെത്തിയ സ്വത്തിന്റെ ഉടമസ്ഥതയെ പറ്റിയും സിപിഎമ്മിനുള്ളില്‍ അഭിപ്രായ സംഘട്ടനമുണ്ടെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. രാജാവിനും രാജകുടുംബത്തിനും എതിരെ അച്യുതാനന്ദന് നടത്തിയ വിമര്‍ശനങ്ങള്‍ക്ക് പാര്‍ട്ടിയുടെ പൊതു അംഗീകാരം ഉണ്ടായിരുന്നില്ല. മറിച്ച് ആ വിമര്‍ശനത്തില്‍ പാര്‍ട്ടിയ്ക്കുള്ളില്‍ അമര്‍ഷം ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മറ്റി പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. തിരുവിതാംകൂര്‍ രാജകുടുംബത്തിനെതിരെ ഇപ്പോള്‍ പ്രചരണം അഴിച്ചുവിട്ടിട്ടുള്ള അച്യുതാനന്ദന് മുഖ്യമന്ത്രി ആയിരിക്കവേയാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്രഭരണത്തിനെതിരെയും ശ്രീമാര്ത്താണ്ഡവര്മക്കെതിരെയും ചില വ്യക്തികള്‍ കോടതിയെ സമീപിച്ചത്. അച്യുതാനന്ദന് സംസ്ഥാനം ഭരിക്കുമ്പോള്‍ തന്നെയാണ് ശ്രീപത്മനാഭസ്വാമിക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന രീതിയില്‍ കേരള ഹൈക്കോടതി വിധി വന്നതും. ഭക്തജനങ്ങളും ഹൈന്ദവസംഘടനകളും അന്ന് ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെതിരെ അണിനിരന്നപ്പോള്‍ അച്യുതാനന്ദനും അദ്ദേഹത്തിന്റെ സര്‍ക്കാരും ഏതാണ്ട് നിഷ്പക്ഷമായൊരു നിലപാടാണ് സ്വീകരിച്ചത്. ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ഏറ്റെടുക്കുകയെന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ‘അജണ്ട’യില്‍ ഇല്ലെന്നാണ് അന്ന് ദേവസ്വത്തിന്റെ ചുമതലകൂടി ഉണ്ടായിരുന്ന മന്ത്രി ജി.സുധാകരന് വെളിപ്പെടുത്തിയത്.
സിപിഎം സംസ്ഥാന സമിതി ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്ന ഗുരുവായൂര്‍ മാതൃകയിലുള്ള ഭരണസംവിധാനത്തിന്റെ ആത്യന്തികഫലം ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണത്തിന്റെ സര്‍ക്കാരീകരണവും രാഷ്ട്രീയവല്‍ക്കരണവുമാണ്. ഗുരുവായൂര്‍ ക്ഷേത്രഭരണത്തിന്റെ ഉദാഹരണം മുന്നിലുണ്ട്. ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങള്‍ ഭരിക്കുന്ന ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനത്തെ പറ്റി പറയാതിരിക്കുകയാണ് ഭേദം. ഇനി ഒരു ക്ഷേത്രവും രാഷ്ട്രീയ വല്ക്കരിക്കപ്പെടരുതെന്ന ക്ഷേത്രവിശ്വാസികളുടെ പൊതുവികാരത്തിന് അടിവരയിടുന്നതാണ് സുപ്രീംകോടതി ജഡ്ജി ആയിരുന്ന ജസ്റ്റിസ് കെ.എസ്.പരിപൂര്ണന് മൂന്ന് വര്‍ഷംമുമ്പ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനത്തെ പറ്റി പഠിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ട്. പത്ത് വര്‍ഷംമുമ്പ് നിയോഗിക്കപ്പെട്ട വി.രാമചന്ദ്രന് അധ്യക്ഷനായുള്ള സമിതിയും ക്ഷേത്രങ്ങളുടെ സര്ക്കാരീകരണത്തിന്റേയും രാഷ്ട്രീയവല്ക്കരണത്തിന്റേയും അപകടം തുറന്നു കാണിച്ചിരുന്നു.
ക്ഷേത്രവിശ്വാസമില്ലെങ്കിലും ക്ഷേത്രകാര്യങ്ങളില്‍ താല്‍പ്പര്യമില്ലെങ്കിലും ക്ഷേത്രത്തെപ്പറ്റിയും ക്ഷേത്രഭരണത്തെപ്പറ്റിയും നിര്‍ദ്ദേശങ്ങള്‍ വയ്ക്കുമ്പോള്‍ പിണറായി വിജയനും സഖാക്കളും ഇവയൊക്കെ ഒന്ന് മറിച്ചു നോക്കിയെങ്കില്‍ നന്നായിരുന്നു.
ഹരി എസ.് കര്‍ത്താ
പ്രതികരിക്കാൻ ഇവിടെ എഴുതുക: