മാറി മാറി വരുന്ന സര്‍ക്കാരുകള്‍ കേരളത്തിലെ ആദിവാസികളെ വഞ്ചിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. അതിന്റെ തുടര്‍ക്കഥതന്നെയാണ് അട്ടപ്പാടിയില്‍ കാറ്റാടി കമ്പനി കയ്യേറിയ ഭൂമിയും കാറ്റാടി യന്ത്രങ്ങളുടെ ഉടമസ്ഥതയും ആദിവാസികള്‍ക്ക് കൈമാറും എന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും പുതിയ പ്രസ്താവന. അട്ടപ്പാടിയില്‍ കാറ്റാടി കമ്പനി കയ്യേറിയ 85.21 ഏക്കര്‍ ഭൂമിയും അതില്‍ സ്ഥാപിച്ചിട്ടുള്ള രണ്ട് കാറ്റാടി യന്ത്രങ്ങളും മാത്രമാണ് മുഖ്യമന്ത്രിയുടെ വാഗ്ദാനത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഈ ഭൂമി ഏറ്റെടുത്ത് ആദിവാസികള്‍ക്ക് പട്ടയം സഹിതം നല്‍കും എന്നും അതില്‍ സ്ഥാപിച്ചിരിക്കുന്ന രണ്ട് കാറ്റാടി കമ്പനികളുടെ ഭാവി പ്രവര്‍ത്തനം ആദിവാസി ഉടമകളുടെ താല്പര്യത്തിന് വിധേയമായിരിക്കും എന്നുമാണ്. ഈ യന്ത്രങ്ങള്‍ കെഎസ്ഇബിയെ ഏല്‍പ്പിച്ച് ലാഭവിഹിതം ആദിവാസികള്‍ക്ക് വിതരണം നല്‍കാനാണ് സര്‍ക്കാരിന് താല്പര്യമെങ്കിലും അന്തിമ തീരുമാനം ആദിവാസികളുടേതായിരിക്കുമെന്നും അദ്ദേഹം പറയുന്നു. കാറ്റാടി യന്ത്രങ്ങള്‍ നശിപ്പിച്ചുകളയാന്‍ ഉദ്ദേശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
കോട്ടാത്തറ വില്ലേജിലെ 85.21 ഏക്കര്‍ ആദിവാസിഭൂമിയെപ്പറ്റി മാത്രമേ മുഖ്യമന്ത്രി പരാമര്‍ശിക്കുന്നുള്ളൂ. യഥാര്‍ത്ഥത്തില്‍ കാറ്റാടി കമ്പനി കയ്യേറിയ ആദിവാസി ഭൂമി 85 ഏക്കറില്‍ വളരെ കൂടുതലാണ്. അവിടെ കമ്പനിക്ക് രണ്ട് യന്ത്രങ്ങളല്ല ഏഴ് യന്ത്രങ്ങളാണുള്ളത്. കമ്പനിയുടെ കൈവശമുള്ള 54 ആധാരങ്ങള്‍ വ്യാജമാണെന്ന് ചീഫ് സെക്രട്ടറി 2010 ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളതുമാണ്. അന്ന് ആദിവാസിപീഡന നിയമപ്രകാരം കേസെടുക്കുകയും അഗളി പോലീസ് അഹാഡ്സിലെ രണ്ട് ഉദ്യോഗസ്ഥരടക്കം അഞ്ചുപേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തതുമാണ്. സുസ്ലോണ്‍ കമ്പനിയുടെ കയ്യില്‍ 155 ആധാരങ്ങള്‍ ഉണ്ടത്രെ. കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിച്ചിരിക്കുന്ന പ്രദേശം ആദിവാസികള്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്നിരിക്കെ കമ്പനിയുടെ ഉടമസ്ഥാവകാശം നിയമപരമല്ല. യഥാര്‍ത്ഥത്തില്‍ അട്ടപ്പാടിയില്‍ ആദിവാസിഭൂമിയായി കണക്കാക്കപ്പെടുന്നത് 182 ഏക്കര്‍ ഭൂമിയാണ്. ഇവിടെ ആകെയുള്ള 224 ഏക്കര്‍ ഭൂമിയില്‍ 42 ഏക്കര്‍ വനഭൂമിയാണ്. ഇൗ 224 ഏക്കറിലാണ് ഏഴ് കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. അട്ടപ്പാടിയിലെ നിര്‍ദ്ദിഷ്ട പ്രദേശത്തെ ഭൂമി ആദിവാസികള്‍ക്കല്ലാതെ മറ്റാര്‍ക്കും കൈമാറാന്‍ നിയമപരമായി സാധുതയില്ല.
സുസ്ലോണ്‍ കമ്പനിക്കെതിരായി നിലനില്‍ക്കുന്ന കേസുകള്‍ പോലും മരവിപ്പിച്ച് കയ്യേറ്റഭൂമി 85.16 ഏക്കറായിട്ടും യന്ത്രങ്ങള്‍ രണ്ടായിട്ടും ചുരുക്കി കേസ് ഒതുക്കാനാണ്, ആദിവാസികളെ സഹായിക്കാനല്ല യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വ്യക്തമാണ്. ഇതോടെ സുസ്ലോണ്‍ കമ്പനിയുടെ ആദിവാസിഭൂമി കയ്യേറ്റത്തിന് നിയമസാധുത ലഭ്യമാക്കുക കൂടിയാണ് സര്‍ക്കാര്‍ നടപടി. കാറ്റാടി കമ്പനി കൈവശമാക്കിയ ഭൂമിയെപ്പറ്റി വിജിലന്‍സ് അന്വേഷണവും 2010 ല്‍ ആരംഭിച്ചിരുന്നു. സുസ്ലോണിന്റെ പക്കലുള്ള 155 ആധാരങ്ങളുടെ പകര്‍പ്പും വിജിലന്‍സിന്റെ കൈവശമുണ്ട്. ഇതെല്ലാം കണ്ടില്ലെന്ന് നടിച്ചാണ് ആദിവാസിക്ഷേമമെന്ന വ്യാജ മുദ്രാവാക്യം മുഴക്കി യുഡിഎഫ് ഇപ്പോള്‍ രംഗപ്രവേശം ചെയ്തിരിക്കുന്നത്. ആദിവാസികളോടുള്ള ആത്മാര്‍ത്ഥതയില്ലായ്മയുടെ മറ്റൊരു മുഖമാണ് ഹൈക്കോടതി വിമര്‍ശിച്ചിട്ടു പോലും ശ്രേയാംസ്കുമാര്‍ കയ്യേറിയതായി കണ്ടെത്തിയ ഭൂമി തിരികെ നല്കാന് യാതൊരു ശ്രമവും നടത്താത്തത്.
പട്ടയ വിതരണ വേളയില്‍ പങ്കെടുക്കാനെത്തിയ ആദിവാസി സ്ത്രീകളുടെ ഉടുമുണ്ടിനു മീതെ ധരിക്കുന്ന കച്ച പോലീസ് അഴിപ്പിച്ചത് കടുത്ത അപമാനമായിട്ടാണ് ആദിവാസികള്‍ കരുതുന്നത്. പട്ടയം നല്‍കുന്നതിന് പേര് വിളിച്ചപ്പോള്‍ നാണം മറയ്ക്കാന്‍ കച്ചയില്ലാതെ പോകാന്‍ തയ്യാറാകാതിരുന്ന ആദിവാസി സ്ത്രീകള്‍ക്ക് പട്ടയം പോലും ഉപേക്ഷിക്കേണ്ടിവന്നത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പോലീസിന്റെ ധിക്കാരപരമായ നടപടിയാണ്. ഭൂമി കയ്യേറ്റക്കാരായ സുസ്ലോണ്‍ കമ്പനിയെ സഹായിക്കാനാണ് കാറ്റാടി യന്ത്രങ്ങള്‍ പ്രവര്‍ത്തനം തുടരാന്‍ അനുമതി നല്കി കയ്യേറ്റം നിയമവിധേയമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: