കാസര്‍കോട്: ജില്ലയിലെ ചില ഭാഗങ്ങളില്‍ നിന്നും സംശയാസ്പദമായ രീതിയില്‍ എലിപ്പനി രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടറും, ജില്ലാ മെഡിക്കല്‍ ഓഫീസറും അഭ്യര്‍ത്ഥിച്ചു. സ്പൈരൊകീറ്റ് വിഭാഗത്തില്‍പ്പെട്ട ലെപ്ടോസ്പൈറ എന്ന രോഗാണുവാണ് എലിപ്പനി പടര്‍ത്തുന്നത്. എലി തുടങ്ങിയ കാര്‍ന്നു തിന്നുന്ന ജീവികള്‍, വളര്‍ത്തുമൃഗങ്ങള്‍, കുറുക്കന് എന്നീ ജിവികളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന എലിപ്പനി മനുഷ്യരെ ഗുരുതരമായി ബാധിക്കും. രോഗവാഹകരായ എലികളുടെയും മേല്‍ സൂചിപ്പിച്ച മൃഗങ്ങളുടെയും മൂത്രത്താല്‍ മലിനപ്പെട്ട ആഹാരം ജലം മണ്ണ് ഫലവര്‍ഗ്ഗങ്ങള്‍ എന്നിവയിലൂടെയാണ് രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത്. ശരീരത്തിലെ മൃദുലമായ ത്വക്കിലൂടെയും ചെറിയ മുറിവുകളിലൂടെയും രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുന്നു. മലിനജലത്തില്‍ കുളിക്കുന്നതിനിടയിലൂടെയും ചെളിയിലും, ചേറിലും പണിയെടുക്കുന്നതിലൂടെയും രോഗാണു കലര്‍ന്ന ആഹാരം, ജലം എന്നിവ ഉപയോഗിക്കുന്നതിലൂടെയും പ്രധാനമായും രോഗം പകരുന്നത്. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് ൨ മുതല്‍ ൧൦ ദിവസത്തിനുള്ളില്‍ രോഗലക്ഷണം കണ്ടു തുടങ്ങും. കഠിനമായ പനി, അസഹ്യമായ സന്ധിവേദന, പ്രത്യേകിച്ച് ഇടുപ്പിലും, തുടയിലുമുള്ള മാംസപേശികളില്‍, കണങ്കാലുകളിലെ പേശി വേദന, മഞ്ഞപ്പിത്തം, വിറയല്‍, കണ്ണുകളില്‍ ചുവപ്പ് നിറം, എന്നിവയാണ് പ്രാരംഭ രോഗലക്ഷണങ്ങള്‍. രോഗത്തിണ്റ്റെ രണ്ടാംഘട്ടത്തില്‍ കരള്‍, വൃക്ക, ശ്വാസകോശം, കുടല് തുടങ്ങിയ അവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയില്‍ എത്തുകയും ചെയ്യും. ആരംഭഘട്ടത്തില്‍ രോഗനിര്‍ണ്ണയം നടത്തി ചികിത്സിച്ചാല്‍ രോഗികളെ രക്ഷപ്പെടുത്താന്‍ സാധിക്കും. പനിയും ശരീര വേദനയുമുള്ള രോഗികളുടെ സിറം സാമ്പിളുകള്‍ പരിശോധിക്കാനുള്ള സംവിധാനം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും കാസര്‍കോട് ജനറല്‍ ആശുപത്രിയിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രോഗപ്രതിരോധ ഗുളികയായ ഡോക്സി സൈക്ളിന്‍ ഗുളികകള്‍ എല്ലാ പ്രഥമികാരോഗ്യകേന്ദ്രങ്ങളിലും ലഭ്യമാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ആഴ്ചയില്‍ ഒരു ഡോസ് വീതം ൨൦൦ മി.ഗ്രാം ഡോക്സിസൈക്ളിന്‍ ഗുളികകള്‍ രോഗപ്രതിരോധമെന്ന് നിലയില്‍ രോഗ ബാധിത പ്രദേശങ്ങളിലുള്ളവര്‍ ആറ് ആഴ്ച വരെ കഴിച്ചാല്‍ രോഗം തടയാവുന്നതാണ്. കൃഷിപ്പണിക്കാര്‍ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് പണിയെടുക്കുന്നവര്‍, ഡ്രൈയിനേജ് തൊഴിലാളികള്‍, കക്ക വാരുന്നവര്‍ മുതലായവര്‍ രോഗപ്രതിരോധ ഗുളികകള്‍ കഴിക്കുന്നത് നല്ലതാണ്. പരിസര ശുചിത്വപാലനമാണ് ഏറ്റവും പ്രധാനം. ആഹാര പദാര്‍ത്ഥങ്ങള്‍ മൂടിവെച്ച് എലി മൂത്രം കലരാതെ സൂക്ഷിക്കുക, വയലുകളിലും കൃഷിയിടങ്ങളിലും പണിയെടുക്കുന്നവര്‍ കയ്യുറകള്‍ ഗംബുട്ട് എന്നിവ ഉപയോഗിക്കുന്നതിലൂടെ രോഗ പകര്‍ച്ച ഒഴിവാക്കുന്നതാണ്. എലി നശീകരണത്തിലൂടെയും, വ്യക്തിശുചിത്വം പാലിക്കുന്നതിലൂടെയും എലിപ്പനി പകരുന്നത് തടയാവുന്നതാണ്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും പെട്ടെന്ന് തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ, ആരോഗ്യ പ്രവര്‍ത്തകരെയോ ബന്ധപ്പെടേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: