തിരുവനന്തപുരം: കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ ജനദ്രോഹ സര്‍ക്കാരാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് പറഞ്ഞു. അസംസ്കൃത എണ്ണയുടെ വിലവര്‍ധനയാണ് കാരണമെങ്കില്‍ ഇത്രയും തുക വര്‍ധിപ്പിക്കേണ്ടി വരില്ല. ഇന്ധന വില വര്‍ധിപ്പിച്ചതിലൂടെ അധികമായി ലഭിക്കുന്ന നികുതിലാണ് കേന്ദ്രസര്‍ക്കാരിന് താത്പര്യം. അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ സര്‍ക്കാര്‍ ദരിദ്രജനകോടികളെ ചൂഷണം ചെയ്ത് ഖജനാവ് നിറയ്ക്കുകയാണ്. ജനങ്ങളോട് പ്രതിബദ്ധതയില്ലെന്ന് യുപിഎ സര്‍ക്കാര്‍ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കയാണ്. വിലക്കയറ്റത്തില്‍ പൊറുതി മുട്ടുന്ന ജനത്തെ സര്‍ക്കാര്‍ ഞെക്കി കൊല്ലുകയാണ്. യുപിഎ ഘടകകക്ഷികള്‍ തന്നെ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. പലിശ നിരക്ക് ഉയര്‍ത്തി ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനങ്ങളുടെ ശാപമേറ്റ് അധികം വൈകാതെ വെറുക്കപ്പെട്ട സര്‍ക്കാരായി യുപിഎ മാറും. അഴിമതിക്കാരെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ സത്യസന്ധരായ ജനങ്ങളുടെ മേല്‍ അമിതഭാരം കയറ്റിവയ്ക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെയുള്ള അവസാന പോരാട്ടത്തിന് സമയമായെന്ന് വി.മുരളീധരന് ഓര്‍മിപ്പിച്ചു. പെട്രോള്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജിപിഒ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരന്. ബിജെപി ജില്ലാ പ്രസിഡന്റ് കരമന ജയന് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ ജെ.ആര്.പദ്മകുമാര്‍, സി.ശിവന്‍കുട്ടി, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ വെങ്ങാനൂര്‍ സതീഷ്, അഡ്വ.എസ്.സുരേഷ്, പി.അശോക്കുമാര് എന്നിവര്‍ സംസാരിച്ചു.
ധര്‍ണയ്ക്കും അതിനു മുന്നോടിയായി നടന്ന പ്രകടനത്തിനും നേതാക്കളായ രാധമ്മ ശശിധരന്, പൊന്നറ അപ്പു, അതിയന്നൂര്‍ ശ്രീകുമാര്‍, കരമന അജിത്, മുക്കംപാലമൂട് ബിജു, ചിത്രാലയം രാധാകൃഷ്ണന്, പാറശ്ശാല ബാലചന്ദ്രന്, മലയിന്‍കീഴ് രാധാകൃഷ്ണന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: