വാഷിംഗ്ടണ്‍: കാബൂളിലെ യുഎസ് എംബസിക്ക് നേരെ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ പാക് ചാരസംഘടനയായ ഐഎസ്ഐ ആയിരിക്കാമെന്ന് അമേരിക്ക. കാബൂള്‍ മേഖലയില്‍ സജീവമായ ഭീകരഗ്രൂപ്പുകളിലൊന്നായ ‘ഹക്വാനി’ക്ക് ഐഎസ്ഐ പിന്തുണ നല്‍കുന്നുണ്ടെന്ന കാര്യം വ്യക്തമാണെന്നും ഇക്കാരണത്താല്‍ സംഭവത്തില്‍ ഐഎസ്ഐക്ക് പങ്കുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ഒരു മുതിര്‍ന്ന യുഎസ് പ്രതിരോധ വക്താവ് അറിയിച്ചു. എംബസിക്ക് നേരെ നടന്ന ഭീകരാക്രമണത്തില്‍ 27പേര് കൊല്ലപ്പെട്ടിരുന്നു.
പ്രസിഡന്റ് ബരാക് ഒബാമയുടെ നേതൃത്വത്തില്‍ നടന്ന നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ മീറ്റിംഗിനൊടുവിലാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇത്തരമൊരു നിഗമനത്തിലെത്തിയത്. ബിന്ലാദന് വധത്തെത്തുടര്‍ന്ന് യുഎസ്-പാക് ബന്ധം അത്യധികം വഷളായിരുന്ന സാഹചര്യത്തിലും പാക്കിസ്ഥാനെതിരായ നിരവധി വെളിപ്പെടുത്തലുകള്‍ അമേരിക്ക നടത്തിയിരുന്നു. അഫ്ഗാനിലെ പ്രമുഖ ഭീകരസംഘടനയായ ഹക്വാനി നെറ്റ്വര്ക്കിന് പാക്കിസ്ഥാനിലും ശക്തമായ വേരുകളുണ്ടെന്നും അഫ്ഗാനില്‍ ഈ സംഘടനയെ സംരക്ഷിക്കുന്നത് ഐഎസ്ഐയാണെന്നും അമേരിക്ക ചൂണ്ടിക്കാട്ടുന്നു. താലിബാന്റെ പ്രധാന ഘടകകക്ഷികളിലൊന്നാണ് ഹക്വാനി വിഭാഗം. എന്നാല്‍ ഐഎസ്ഐക്കെതിരായ അമേരിക്കയുടെ വെളിപ്പെടുത്തലുകള്‍ പാക്കിസ്ഥാന് തള്ളിയിട്ടുണ്ട്. ഹക്വാനി വിഭാഗം ഉള്‍പ്പെടെയുള്ള ഭീകരവാദ ഗ്രൂപ്പുകള്‍ക്കെതിരായ നിലപാടുകള്‍ പാക്കിസ്ഥാന് കര്ക്കശപ്പെടുത്തണമെന്നും അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്.
എംബസിയില്‍ സ്ഫോടനം നടത്തിയ ഭീകരന്മാരുടെ മൃതശരീരങ്ങളില്‍നിന്നും കിട്ടിയ മൊബെയില്‍ ഫോണുകള്‍ അഫ്ഗാന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിച്ചിരുന്നതായും ഇവയില്‍നിന്നും ഇവര്‍ അഫ്ഗാന് പുറത്തുള്ള കേന്ദ്രങ്ങളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നതിന് തെളിവുകള്‍ ലഭിച്ചതായും അമേരിക്കന്‍ പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. ഐഎസ്ഐയുടെ ചില മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ഇവര്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായും സൂചനയുണ്ട്. യുഎസ് പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ അടക്കമുള്ളവര്‍ എംബസി ആക്രമണത്തിന് പിന്നില്‍ ഹക്വാനി നെറ്റ്വര്‍ക്ക് ആണെന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാല്‍ ഐഎസഐ ഭീകര ബന്ധത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ തല്ക്കാലം പുറത്തുവിടേണ്ടതില്ലെന്നാണ് മന്ത്രാലയത്തിന്റെ തീരുമാനം. 2009 ല്‍ കാബൂളിലെ ഇന്ത്യന്‍ എംബസിക്ക് നേരെ നടന്ന ഭീകരാക്രമണത്തിലും ഐഎസ്ഐക്ക് പങ്കുള്ളതായി തെളിഞ്ഞിരുന്നു. ഇതോടൊപ്പം ഐഎസ്ഐയും ഭീകരസംഘടനകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുവാന്‍ അമേരിക്ക തയ്യാറെടുക്കുന്നതായും വാര്‍ത്തയുണ്ട്. ഭീകരാക്രമണത്തില്‍ ഐഎസ്ഐക്കുള്ള പങ്കിനെ ദ്യോതിപ്പിക്കുന്ന കൂടുതല്‍ തെളിവുകള്‍ ലഭിച്ചതിനുശേഷം ശക്തമായ നടപടികള്‍ സ്വീകരിക്കാനാണ് യുഎസ് ആലോചിക്കുന്നത്. എന്നാല്‍ ഐഎസ്ഐ നടത്തുന്ന അതിക്രമങ്ങള്‍ ഇനിയും കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ത്തന്നെ അഭിപ്രായമുയരുന്നുണ്ട്.
അല്‍ഖ്വയ്ദയും താലിബാനും സംയുക്തമായി ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നതായും പാക്കിസ്ഥാന്റെ സഹകരണം കൂടാതെ ഇത്തരം ശക്തികളെ അമര്‍ച്ച ചെയ്യാനാവില്ലെന്നും പ്രതിരോധ മന്ത്രാലയത്തിലെ ഒരുവിഭാഗം വാദിക്കുമ്പോള്‍ ഐഎസ്ഐ അടക്കമുള്ള സംഘടനകളെ ഭീകര ലിസ്റ്റിലുള്‍പ്പെടുത്തി ഗ്രൂപ്പുകളുടെ നടപടികള്‍ കൂടുതല്‍ ശക്തമാക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: