കുമളി: കാലപ്പഴക്കം ചെന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട് എത്രയും പെട്ടെന്ന് പൊളിച്ചു മാറ്റി പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വി. മുരളീധരന് ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാര്‍ അണക്കെട്ട് എത്രയും പെട്ടെന്ന് പുതുക്കിപ്പണിയണമെന്നാവശ്യപ്പെട്ട് ബിജെപി പീരുമേട് നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഏകദിന ഉപവാസസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വിഷയത്തില്‍ വിവിധസംഘടനകള്ക്കൊപ്പം ബിജെപിയും വിവിധ സമര മുറകള്‍ നടത്തിയെങ്കിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇന്നും അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്ന് സംസ്ഥാന എക്സി. അംഗം ശ്രീനഗരി രാജന് കുറ്റപ്പെടുത്തി. പെരിയാര്‍ നദിക്കു കുറുകെ മനുഷ്യതടയണ നിര്‍മ്മിച്ച് ബിജെപി പ്രതിഷേധിച്ചിരുന്നു. ഇപ്പോള്‍ ഉപവാസ സമരമനുഷ്ഠിച്ച് പ്രതിഷേധം അറിയിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളം പുതിയ അണക്കെട്ട് നിര്‍മ്മിച്ചാല്‍ തമിഴ്നാടിന് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ജലം ലഭിക്കുകയില്ല എന്ന തോന്നല്‍ മാറിയാല്‍ മാത്രമേ പ്രശ്നപരിഹാരമാവുകയുള്ളൂ എന്നും ബിജെപി ഇടുക്കി ജില്ലാ പ്രസിഡന്റ് പി.പി. സാനു അഭിപ്രായപ്പെട്ടു. കേരളം പുതിയ അണക്കെട്ടു നിര്‍മ്മിച്ചാല്‍ അവര്‍ക്കു ലഭിച്ചുകൊണ്ടിരിക്കുന്ന ജലത്തിന് കുറവുവരികയോ നിര്‍ത്തല്‍ ചെയ്യുകയോ ചെയ്യുമെന്ന് കേരളം ഒരിക്കല്‍പോലും പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പീരുമേട് നിയോജകമണ്ഡലം പ്രസിഡന്റ് റ്റി.ആര്. ചന്ദ്രന് ജില്ല ജന: സെക്രട്ടറി ജയന്, മറ്റു ഭാരവാഹികളായ എം.വി. മുരളീധരന്, സന്തോഷ് കുമാര്‍, എ.ജി. മണി തുടങ്ങിയവര്‍ ഉപവാസ സമരത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: