പത്തനംതിട്ട : ആറന്മുളയപ്പന് തിരുമുല്‍ക്കാഴ്ച്ചയൊരുക്കി ഉത്തൃട്ടാതി ജലമേള ഇന്ന്. ആറന്മുള ശ്രീപാര്ത്ഥസാരഥിക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ചാണ് ഉത്തൃട്ടാതി ജലമേള നടക്കുന്നത്. ആറന്മുളേശ്വന്റെ സാന്നിദ്ധ്യമുണ്ടെന്ന് വിശ്വസിക്കുന്ന പള്ളിയോടങ്ങള്‍ അണിനിരക്കുന്ന ജലമേള പാരമ്പര്യത്തനിമ കാത്തുസുക്ഷിച്ചാണ് നടത്തുന്നത്. ഇരുകരകളും കവിഞ്ഞുപായുന്ന പമ്പയുടെ ജലസമൃദ്ധിയില്‍ നടക്കുന്നജലമാമാങ്കത്തില് ഇക്കുറി 46പള്ളിയോടങ്ങളാണ് പങ്കെടുക്കുന്നത്. ആറന്മുളയ്ക്ക് ഉത്സവമൊരുക്കി നടക്കുന്ന ജലമേള ഇന്ന് ഉച്ചയ്ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും
രാവിലെ 9 ന്് ആറന്മുള ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ഭദ്രദീപ ഘോഷയാത്രയോടെയാണ് ഉത്തൃട്ടാതി ജലമേളയുടെ ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കന്നത്. ഉച്ചയ്ക്ക് 1 മണിക്ക് വിശിഷ്ടാതിഥികളെ സ്വീകരിക്കും. 1.15 ന് യോഗനടപടികള്‍ ആരംഭിക്കും. കേരള വിനോദ സഞ്ചാരവകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗം കേന്ദ്ര ടുറിസം വകുപ്പ് മന്ത്രി സുബോദ്കാന്ത് സഹായി ഉദ്ഘാടനം ചെയ്യും.
മത്സരവള്ളംകളിയുടെ ഉദ്ഘാടനം ജലവിഭവവകുപ്പ് മന്ത്രി പി.ജെ. ജോസഫും ഉതൃട്ടാതി ജലമേളയുടെ സ്മരണിക പ്രകാശനം കേന്ദ്ര ഊര്‍ജ്ജവകുപ്പ് മന്ത്രി കെ.സി. വേണുഗോപാലും ദേവസ്വം ബോര്‍ഡ് പുതിയതായി ഏര്‍പ്പെടുത്തിയ ട്രോഫിയുടെ സമര്‍പ്പണം ബോര്‍ഡ് പ്രസിഡന്റ് രാജഗോപാലന്‍നായരും നിര്‍വ്വഹിക്കും. എന്‍.എസ്.എസ്. ഏര്‍പ്പെടുത്തിയ മന്നംട്രോഫി എന്‍.എസ്.എസ്. രജിസ്ട്രാര്‍ കെ.ന്. വിശ്വനാഥന്‍പിള്ള വിജയികള്‍ക്ക് സമ്മാനിക്കും. ദേവസ്വം ബോര്‍ഡ് ട്രോഫികള്‍ ഉള്‍പ്പെടെയുള്ള മറ്റ് ട്രോഫികള്‍ ദേവസ്വം വകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ നല്‍കും.
ചടങ്ങില്‍ ആര്.എസ്.എസ്. പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന്, ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്താ, എം.പിമാരായ പി.ജെ. കുര്യന്, ആന്റോ ആന്റിണി, കൊടിക്കുന്നില്‍ സുരേഷ്, എം.എല്‍.എമാരായ ശിവദാസന്‍ നായര്‍, രാജു ഏബ്രഹാം, പി.സി. വിഷ്ണുനാഥ്, ചിറ്റയം ഗോപകുമാര്‍, മാത്യു ടി. തോമസ്, ആര് രാജേഷ്, മുന്‍ മന്ത്രി എന്‍.കെ.പ്രേമചന്ദ്രന്, ഫൊ ക്കാനോ പ്രസിഡന്റ് ജി.കെ. പിള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോര്‍ജ്ജ് തുടങ്ങിയവര്‍ സംബന്ധിക്കും. ഇക്കുറി 46 പള്ളിയോടങ്ങളാണ് ഉത്തൃട്ടാതി ജലമേളയില്‍ പങ്കെടുക്കുന്നത്. എ ബാച്ചില്‍ 33 പള്ളിയോടങ്ങളും ബി ബാച്ചില്‍ 13 പള്ളിയോടങ്ങളും പങ്കെടുക്കും.
ഈ വര്‍ഷത്തെ ജലമേള സ്പോണ്സര് ചെയ്യുന്നത് നോര്ത്തമേരിക്കന് മലയാളികളുടെ സംഘടനയായ ഫൊക്കാനോ ആണ്. എ ബാച്ചിലും ബി. ബാച്ചിലും ഒന്നാംസ്ഥാനത്ത് എത്തുന്ന പള്ളിയോടങ്ങള്‍ക്ക് എന്‍.എസ്.എസ്. ഏര്‍പ്പെടുത്തിയിട്ടുള്ള മന്നം ട്രോഫി ലഭിക്കും. ഇതോടൊപ്പംതന്നെ ദേവസ്വം ബോര്‍ഡ് പുതിയതായി ഏര്പ്പെടുത്തിട ട്രോഫികളും ജേതാക്കള്‍ക്ക് ലഭിക്കും.
പരമ്പരാഗത ശൈലിയില്‍ തുഴഞ്ഞ് മികച്ച പ്രകടനം കാഴ്ചവെക്കുന്ന പള്ളിയോടത്തിന് എസ്.എന്‍.ഡി.പി യോഗം ഏര്‍പ്പെടുത്തിയ ആര്. ശങ്കര്‍ സ്മാരക സ്വര്ണ്ണട്രോഫിയും സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: