തിരുവനന്തപുരം : കേരളാ കോണ്‍ഗ്രസ് സ്വാമി അഗ്നിവേശിന്റെ പ്രഭാഷണം ഒരുക്കുന്നത് വിവാദമാകുന്നു. പ്രമുഖ ഹിന്ദു വിരുദ്ധനായ അഗ്നിവേശിന്റെ പ്രഭാഷണം മാമന് മത്തായി വിചാരവേദിയുടെ പേരിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. അണ്ണാ ഹസാരെയുടെ സമരത്തെ പിന്നില്‍ നിന്ന് കുത്താന്‍ ശ്രമിച്ചതുള്‍പ്പെടെ ദേശീയ സംഭവങ്ങളിലെല്ലാം വിവാദ നായകനായ അഗ്നിവേശ് ആള്‍ദൈവങ്ങള്‍ക്കെതിരെ സംസാരിക്കാനാണ് തിരുവനന്തപുരത്തെത്തുന്നത്. കേരളാകോണ്‍ഗ്രസ് നേതാവായിരുന്ന മാമ്മന്‍ മത്തായിയുടെ പേരില്‍ രൂപീകരിച്ച വിചാരവേദിയാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.
നിര്‍ണായക ദേശീയ പ്രശ്നങ്ങളില്‍ കോണ്‍ഗ്രസ്സിന്റെ പ്രത്യേകിച്ച് സോണിയാ ഗാന്ധിയുടെ പാര്‍ശ്വവര്‍ത്തിയായി പ്രവര്‍ത്തിച്ച ആളാണ് അഗ്നിവേശ്. ഹിന്ദു വിരുദ്ധ നിലപാടുകളുടെ പേരില്‍ ആര്യ സമാജത്തില്‍ നിന്നും പുറത്താക്കപ്പെട്ട ഇദ്ദേഹം കാശ്മീര്‍ പ്രശ്നത്തിലും അമര്‍നാഥ് തീര്‍ത്ഥയാത്രയിലുമൊക്കെ ദേശവിരുദ്ധ നിലപാടുകളാണ് സ്വീകരിച്ചത്. പശ്ചിമ ബംഗാളിലെ മാവോയിസ്റ്റുകളുമായി അവിഹിത സൗഹൃദം പുലര്‍ത്തുന്ന ഇദ്ദേഹത്തെയാണ് നക്സലൈറ്റുകള്‍ തങ്ങളുടെ മധ്യസ്ഥനായി സര്‍ക്കാരുമായി ചര്‍ച്ചകള്‍ക്ക് നിയോഗിച്ചിരുന്നത്.
ഏറ്റവും അവസാനം അഗ്നിവേശിന്റെ തനിനിറം മനസ്സിലായത് അണ്ണാഹസാരെ സമരത്തിനിടയിലാണ്. ഹസാരെയുടെ സമരത്തെ പിന്തുണയ്ക്കുന്നുവെന്ന് അവകാശപ്പെട്ട് ഒപ്പംകൂടിയ ഇദ്ദേഹം ഹസാരെ സംഘത്തിന്റെ നീക്കങ്ങളെ കോണ്‍ഗ്രസ്സിന് ഒറ്റിക്കൊടുക്കുകയായിരുന്നു.
ബാബാ റാംദേവിന്റെ സമരത്തിനും പിന്തുണ പ്രഖ്യാപിച്ച് ഒപ്പംകൂടിയ അഗ്നിവേശ് സമരവേദിയിലെ കാര്യങ്ങള്‍ സര്‍ക്കാരിന് അപ്പപ്പോള്‍ ഒറ്റിക്കൊടുക്കുകയായിരുന്നുവെന്ന് പിന്നീട് ആരോപണമുണ്ടായി. അര്‍ദ്ധരാത്രിയിലെ പോലീസ് നടപടിക്ക് സഹായകമായതും അഗ്നിവേശിനെപ്പോലുള്ളവര്‍ നല്കിയ വിവരങ്ങളായിരുന്നു. പോലീസ് നടപടിക്കുശേഷം റാംദേവിനെ തള്ളിപ്പറയാനാണ് അഗ്നിവേശ് ശ്രമിച്ചത്.
അമര്‍നാഥ് തീര്‍ത്ഥയാത്ര വെറും തട്ടിപ്പെന്നായിരുന്നു ഈ കഴിഞ്ഞ മെയ് 18ന് അഗ്നിവേശ് പറഞ്ഞത്. “അമര്‍നാഥിലെ ശിവലിംഗം സ്വാഭാവികമായിട്ടുള്ളതാണ് മതവുമായി ഇതിന് ബന്ധമില്ല. എന്തിനാണ് ജനങ്ങള്‍ അമര്‍നാഥിലേക്ക് പോകുന്നതെന്ന് മനസ്സിലാകുന്നില്ല, മതത്തിന്റെ പേരിലുള്ള തട്ടിപ്പ് മാത്രമാണ്” എന്നായിരുന്നു പ്രസ്താവന ഇറക്കിയത്.
കാശ്മീര്‍ വിഘടനവാദി നേതാവ് സെയ്ദ് അലിഷാ ഗിലാനിയുമായി ബിരിയാണി കഴിക്കുന്നത് താന്‍ ഇഷ്ടപ്പെടുന്നതായ അഗ്നിവേശിന്റെ പ്രസ്താവനയും വിവാദമായിരുന്നു. ആസ്ട്രേലിയന്‍ മിഷണറിയായിരുന്ന ഗ്രഹാംസ്റ്റെയിന്‍സിന്റെ മരണത്തെത്തുടര്‍ന്ന് ഹിന്ദു സംഘടനയെയും നേതാക്കളെയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് രാജ്യത്തുടനീളം പ്രസംഗങ്ങള്‍ നടത്തിയ അഗ്നിവേശിനെ പോപ്പ് നേരിട്ട് അഭിനന്ദിച്ചിരുന്നു. രാജീവ് ഗാന്ധി അവാര്‍ഡ് സമ്മാനിച്ചു കൊണ്ടാണ് സോണിയാഗാന്ധി ഈ വിഷയത്തില്‍ അഗ്നിവേശിനെ ആദരിച്ചത്. അതേസമയം ഹിന്ദു സന്യാസിയായിരുന്ന സ്വാമി ലക്ഷ്മണാനന്ദ കൊല്ലപ്പെട്ടപ്പോള്‍ ഒരക്ഷരം ഉരിയാടാന്‍ അഗ്നിവേശ് തയ്യാറായില്ല. മാവോ തീവ്ര വാദികളുടെ വക്താവായിട്ട് സ്വയം പ്രത്യക്ഷപ്പെട്ട അഗ്നിവേശ് മുതിര്‍ന്ന നക്സല്‍ നേതാക്കളെ പലരെയും ജയിലില്‍ പോയിക്കണ്ട് വാര്‍ത്ത സൃഷ്ടിച്ചിരുന്നു. മുസ്ലിങ്ങള്‍ വന്ദേമാതരം പാടണ്ടെന്ന അഗ്നിവേശിന്റെ പ്രസ്താവനയും വിവാദത്തില്‍പ്പെട്ടു.
ഇങ്ങനെ ഒരാളെ കേരളത്തില്‍ എഴുന്നള്ളിച്ചുകൊണ്ടുവന്ന് പ്രസംഗം സംഘടിപ്പിക്കാന്‍ കേരളാ കോണ്‍ഗ്രസ് തയ്യാറായതിന് പിന്നിലാണ് ദുരൂഹതയുള്ളത്. ആള്‍ദൈവങ്ങള്‍ക്കെതിരെ അഗ്നിവേശ് പ്രതികരിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടുള്ള പടുകൂറ്റുന്‍ പോസ്റ്ററുകളാണ് നഗരത്തിലുടനീളം പതിച്ചിരിക്കുന്നത്. മാമ്മന്‍ മത്തായിയുടെ പേര് ഉപയോഗിച്ചുവെന്നതൊഴിച്ചാല്‍ ഇതിന് പിന്നില്‍ മറ്റ് അജണ്ടകളുണ്ടെന്ന് വ്യക്തം. പി.സി. തോമസ്, പി.സി. ജോര്‍ജ്ജ്, ഡോ. വര്‍ഗ്ഗീസ് ജോര്‍ജ്ജ്, ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാപ്പൊലീത്ത, എം.എ. ബേബി, തോമസ് ഉണ്ണിയാടന്, ജമീല പ്രകാശം എന്നിവരൊക്കെ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. സ്പീക്കര്‍ ജി. കാര്‍ത്തികേയനാണ് ഉദ്ഘാടകന്‍.
പി. ശ്രീകുമാര്‍ :-
പ്രതികരിക്കാൻ ഇവിടെ എഴുതുക: