ബസ് യാത്രാനിരക്ക് കുത്തനെ കൂട്ടിയതോടെ റെയില്‍വേയില്‍ യാത്രക്കാരുടെ നിരക്ക് പതിന്മടങ്ങ് വര്‍ധിച്ചിരിക്കുകയാണ്. എത്രവണ്ടി അനുവദിച്ചാലും മുഴുവന്‍ യാത്രക്കാരെയും ഉള്‍ക്കൊള്ളാനാകാത്ത അവസ്ഥയാണുള്ളത്. തിക്കിത്തിരക്കുന്ന യാത്രക്കാരിലെ 98 ശതമാനവും ടിക്കേറ്റ്ടുത്ത് പോകുന്നവരാണ്. ഇത് കേരളത്തിന്റെ പ്രത്യേകതയാണെന്ന് കാണേണ്ടതുണ്ട്. എന്നിട്ടും കേരളത്തിലെ റെയില്‍വേ വികസനവും യാത്രക്കാരുടെ സൗകര്യവും വര്‍ധിപ്പിക്കാനുള്ള ശ്രദ്ധയോ ശ്രമമോ റെയില്‍വേ വകുപ്പോ കേന്ദ്രസര്‍ക്കാരോ കാണിക്കുന്നില്ല. പാത ഇരട്ടിപ്പിക്കുന്നതിലും വൈദ്യുതീകരണം പൂര്‍ത്തിയാക്കുന്നതിലും മികച്ച കോച്ചുകള്‍ അനുവദിക്കുന്നതിലും കേരളത്തോട് ചിറ്റമ്മ നയമാണ്. കേരളത്തോടുള്ള കേന്ദ്ര അവഗണന ഇക്കാര്യത്തില്‍ തുടരുകയാണെന്ന് മന്ത്രി ആര്യാടന് മുഹമ്മദ് സമ്മതിച്ചത് അടുത്തിടെയാണ്. കേരളത്തെ പരിഗണിച്ച രണ്ടേ രണ്ടു മന്ത്രിമാരെ ഉള്ളൂ എന്നും അത് പനമ്പള്ളിഗോവിന്ദമേനോനും ഒ.രാജഗോപാലുമാണെന്ന് ആര്യാടന് മുഹമ്മദ് തുറന്നു പറഞ്ഞിരുന്നു. ഇതിന്റെ പേരില്‍ അല്പകാലം റെയില്‍വേ കൈകാര്യം ചെയ്തിരുന്ന ഇ.അഹമ്മദിന്റെ പാര്‍ട്ടി ആര്യാടനു നേരെ വാളോങ്ങുകയും ചെയ്തിരുന്നു. അഹമ്മദ് കേരളത്തിനു വേണ്ടി എന്തൊക്കെയോ ചെയ്തു എന്ന് മുസ്ലീം ലീഗുകാര്‍ ഒരു പാട് പ്രസംഗിച്ചെങ്കിലും സത്യാവസ്ഥ ആര്യാടന് പറഞ്ഞതു തന്നെയാണെന്ന് ജനങ്ങള്‍ക്കെല്ലാം അറിയാം. വിഷയമതല്ല.
കേരളത്തിലെത്തുന്ന വണ്ടികള്‍ പലതും ഇപ്പോള്‍ വൈകി ഓടുകയാണ്. കേരളത്തിനകത്തോടുന്ന വണ്ടികള്‍ പോലും സമയനിഷ്ടപാലിക്കുന്നില്ലെന്നതിന് കാരണങ്ങള്‍ പലതാകാം. പക്ഷേ ഇത് ജനങ്ങളെ വല്ലാതെ ദ്രോഹിക്കുകയാണ്. കൃത്യ സമയത്ത് ലക്ഷ്യ സ്ഥാനത്ത് എത്താന്‍ കഴിയാത്തതു മൂലം കഷ്ടനഷ്ടങ്ങള്‍ ഏറെയാണ്. അതിനെല്ലാം പുറമെയാണ് തീവണ്ടി യാത്രാനിരക്ക് വര്‍ധിപ്പിക്കാന്‍ പോകുന്നു എന്ന ഭീഷണി. 12 ശതമാനം വരെ സെക്കന്റ്, സ്ലീപ്പര്‍ ക്ലാസുകളുടെ നിരക്കു കൂട്ടാന്‍ ശ്രമം ആരംഭിച്ചു കഴിഞ്ഞു. നിരക്കു വര്‍ധിപ്പിക്കാന്‍ റെയില്‍വേ മന്ത്രാലയത്തിന് കേന്ദ്രധനകാര്യമന്ത്രാലയം അനുമതി നല്കി ക്കഴിഞ്ഞു. ഇനി നടപടികള്‍ പൂര്‍ത്തിയാക്കുക മാത്രമാണ് വേണ്ടത്. ബജറ്റവതരണ വേളയില്‍ നിരക്കു വര്‍ധന സംബന്ധിച്ച് നിശ്ശബ്ദത പാലിക്കുകയും ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തതാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങളെ കബളിപ്പിച്ച് വോട്ടുറപ്പിക്കാനുള്ള തന്ത്രമായിരുന്നു അതിന്റെ പിന്നിലെന്ന് അന്നുതന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. അതിപ്പോള്‍ ശരിവയ്ക്കും വിധമാണ് നീക്കങ്ങള്‍ പുരോഗമിക്കുന്നത്. വരാന്‍ പോകുന്ന നിരക്കു വര്‍ധനവ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സാധാരണക്കാരായ യാത്രക്കാരെയാകും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.
2002-03 ബജറ്റിനു ശേഷം റെയില്‍വേ യാത്രാനിരക്കില്‍ കാര്യമായ വര്‍ധനവൊന്നും വരുത്താന്‍ കഴിഞ്ഞിട്ടില്ല. നിരക്കു വര്‍ധിപ്പിക്കാതെ യാത്രക്കാരുടെ സൗകര്യം വര്‍ധിപ്പിക്കുക എന്ന പുതിയ കീഴ്വഴക്കം അന്ന് എന്‍ഡിഎ സര്‍ക്കാര്‍ സൃഷ്ടിച്ചിരുന്നു. ദീര്‍ഘവീക്ഷണത്തോടെ ജനങ്ങളോട് കൂറും പ്രതിബദ്ധതയുമുള്ള റെയില്‍വേ മന്ത്രി എന്ന ഖ്യാതി നേടിയ നിതീഷ്കുമാറിന്റെ നടപടിയെ തകിടം മറിക്കാനുള്ള ധൈര്യം പിന്നീടു വന്ന ഒരു റെയില്‍വെ വകുപ്പു മന്ത്രിക്കും ഉണ്ടായിട്ടില്ലെന്നതാണ് സത്യം. എന്നാലിപ്പോള്‍ ആ കീഴ്വഴക്കം അട്ടിമറിക്കാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്. ആരോടും ബാധ്യതയില്ലെന്ന മട്ടില്‍ എന്തു തോന്ന്യവാസവും ചെയ്യാന്‍ ഒരുങ്ങി പുറപ്പെട്ട മന്മോഹന് സര്‍ക്കാര്‍ ഡീസല്‍ വിലവര്‍ധനവിന്റെ പേരിലാണ് യാത്രാനിരക്ക് കൂട്ടാന്‍ ശ്രമം തുടങ്ങിയിട്ടുള്ളത്. ഡീസല്‍ വില പലതവണ വര്‍ധിപ്പിച്ച് ജനങ്ങളെ നാനാവിധ ദുരിതത്തിലേക്ക് തള്ളിയിട്ടതും ഈ സര്‍ക്കാരാണെന്നത് വിസ്മരിക്കാനാകില്ല.
10,500 വണ്ടികളാണ് രാജ്യത്തങ്ങോളമിങ്ങോളം പ്രതിദിനം സര്‍വീസ് നടത്തുന്നത്. ഇതില്‍ 2.2 കോടി യാത്രക്കാര്‍ റെയില്‍വേയുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. ഇത്രയും വണ്ടികളോടാന്‍ വര്‍ഷം 250 കോടി ലിറ്റര്‍ ഡീസലാണ് റെയില്‍വേക്ക് വേണ്ടത്. ഏകദേശം 10,000 കോടിയിലേറെ രൂപ ഇതിനായി നീക്കി വയ്ക്കണം. ഡീസല്‍ നിരക്കു വര്‍ധന വര്‍ധിച്ച സാമ്പത്തിക ബാധ്യത വരുത്തി വച്ചു എന്നാണ് റെയില്‍വേയുടെ പരിഭവം. കൂടാതെ മറ്റു ചെലവുകളും ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ടത്രെ. 15 ലക്ഷത്തോളം ജീവനക്കാരാണ് റെയില്‍വെക്കുള്ളത്. അവരുടെ വര്‍ധിച്ച ആനുകൂല്യങ്ങള്‍, പെന്ഷന് എന്നിവയെല്ലാം കൂടുതല്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക് റെയില്‍വേയെ എത്തിച്ചു എന്നാണ് അവരുടെ വാദം. ഈ സാഹചര്യത്തിലാണ് നിരക്കു കൂട്ടാന്‍ കേന്ദ്രധനകാര്യ മന്ത്രാലയത്തിന്റെ അനുമതി അവര്‍ തേടിയത്. വിശദമായ പരിശോധനയ്ക്കും പഠനങ്ങള്‍ക്കും വിധേയമാക്കേണ്ട വിഷയമാണിത് എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. കേന്ദ്രമന്ത്രിസഭ കാര്യമായി ചര്‍ച്ച പോലും നടത്താതെ ഉദ്യോഗസ്ഥ തലത്തില്‍ തീരുമാനമെടുപ്പിച്ച് ജനരോഷത്തില്‍നിന്നും ഒളിച്ചോടാമെന്ന് യുപിഎ നേതൃത്വം ചിന്തിക്കുന്നത്. എല്ലാ പ്രശ്നങ്ങള്‍ക്കും ജനങ്ങളെ പിഴിഞ്ഞ് പരിഹാരം കണ്ടെത്തുക എന്ന ഒറ്റമൂലിയെയാണ് സര്‍ക്കാര്‍ ആശ്രയിക്കുന്നത്. പാവപ്പെട്ട യാത്രക്കാരന്റെ നെഞ്ചത്തു കൂടി വണ്ടി കയറിയിറങ്ങി പോകുന്ന സാഹചര്യമാണ് ഇന്നത്തെ നിലയില്‍ നിരക്ക് വര്‍ധിപ്പിച്ചാലുണ്ടാവുക. അതനുവദിക്കാന്‍ പാടില്ല. നിരക്കു കൂട്ടി വരുമാനമുണ്ടാക്കുക എന്ന ശൈലി മാറ്റി, നിരക്ക് കുറച്ച് കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിച്ച് വരുമാനം വര്‍ധിപ്പിക്കുക എന്ന തന്ത്രമാണ് അഭികാമ്യം. അതിന് സര്‍ക്കാര്‍ തയ്യാറായേ പറ്റൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: