ഉത്തര്‍പ്രദേശിലെ അലിഗറില്‍ 27-1-1956ല്‍ അമര്‍സിംഗ് ജനിക്കുമ്പോള്‍ അച്ഛന് കല്‍ക്കത്തയില്‍ ചെറിയ കച്ചവടം നടത്തിയാണ് കുടുംബംപോറ്റിയിരുന്നത്. പശ്ചിമബംഗാളിലെ കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി പ്രസ്ഥാനമായ ഛാത്ര പരിഷത്തിലൂടെ അമര്‍പൊതുപ്രവര്‍ത്തനത്തിലെത്തി. കല്‍ക്കത്തയിലെ സെന്റ്സേവിയേഴ്സ് കോളേജില്‍ നിന്നും നിയമബിരുദം കരസ്ഥമാക്കി. ബംഗാള്‍ രാഷ്ട്രീയത്തില്‍ ഹിന്ദി സംസാരിക്കുന്ന യുപിക്കാരനായതനിക്ക് അവസരങ്ങള്‍ ലഭിക്കാനുള്ള സാധ്യത വിരളമാണെന്ന കണക്കുകൂട്ടലില്‍ ആകാശത്തോളം ഉയര്‍ന്ന മോഹങ്ങളുമായി ദല്‍ഹിയിലെത്തി.
ഒരു കെമിക്കല്‍ കമ്പനിയുടെ ലെയ്സണ്‍ ജോലിയായിരുന്നു തുടക്കം. ഇതിനിടയില്‍ ചുറുചുറുക്കും വിധേയത്വവും ഉള്ള ഈ ചെറുപ്പക്കാരനെ കോണ്‍ഗ്രസ് നേതാവ് മാധവറാവുസിന്ധ്യകണ്ടുമൂട്ടി സ്വതസിദ്ധമായ രാജകീയ ശൈലിയില്‍ സിന്ധ്യ ഇയാളെ ഇന്ദ്രപ്രസ്ഥത്തിനു പരിചയപ്പെടുത്തി. അങ്ങനെ തലസ്ഥാനത്തെ അനേകം രാഷ്ട്രീയ ഭാഗ്യാന്വേഷികളില്‍ അമറും അറിയപ്പെടുന്ന ഒരാളായിമാറി. തന്റെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ പാരമ്പര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് വൃത്തങ്ങളിലും, ദല്‍ഹി പ്രദേശത്താകെയും ഇമേജ് സൃഷ്ടിക്കാന്‍ ഈ ചെറുപ്പക്കാരന് പതിനെട്ടടവും പയറ്റി. ഇത്രയൊക്കെയായിട്ടും പാര്‍ലമെന്റിലേക്ക് മത്സരിക്കാന്‍ പാര്‍ട്ടിടിക്കറ്റ് നല്‍കിയില്ല. തന്റെ മോഹങ്ങള്‍ സഫലമാക്കാനുള്ള കുറുക്കുവഴി രാഷ്ട്രീയമാണ് എന്ന ഉത്തമബോധ്യമുള്ളതിനാല്‍ 1995-ല്‍ മുലായം സിങ്ങ് യാദവിന്റെ സമാജ് വാദിപാര്‍ട്ടിയില്‍ ചേര്‍ന്നു. ആധുനിക രാഷ്ട്രീയത്തിന്റെ വിപണ സാധ്യതകളെക്കുറിച്ച് മുലായത്തിന് പുതിയ അറിവുകള്‍ പകര്ന്നുനല്കിയതും ദല്ഹിരാഷ്ട്രീയത്തിന്റെ അടിയൊഴുക്കുകള്‍ സ്വാനുഭവത്തിലൂടെ മനസ്സിലാക്കിയ അമര്‍സിങ്ങായിരുന്നു. രാഷ്ട്രീയ കുതിരക്കച്ചവടവും ആഡംബരപൂര്‍ണമായ ജീവിതശൈലിയും മുലായംസിങ്ങില്‍ വളര്‍ത്തിയെടുക്കാനും തന്ത്രശാലിയായ അമര്‍ മറന്നില്ല. ഇങ്ങനെ മുലായം സിങ്ങ്യാദ്വ് എന്ന സോഷ്യലിസ്റ്റിന് പുത്തന്‍ പ്രവണതകളിലേക്ക് മാമോദീസമുക്കുകയും പാര്‍ട്ടിയില്‍ തന്റെ പിടിയുറപ്പിക്കുകയും ചെയ്ത അമര്‍ 1996 നവംബറില്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
സഭാംഗമായതോടെ സൗഹൃദവലയം വികസിപ്പിക്കുവാന്‍ ഒരുഷോമാനായിരുന്ന അമര്‍. പദ്ധതികളിട്ടു ബോളിവുഡിലെ കിരീടം വക്കാത്ത രാജാവായിരുന്ന അമിതാബ് ബച്ചനുമായുള്ളപരിചയം അദ്ദേഹത്തെ സിനിമാരംഗത്ത് അറിയപ്പെടുന്നവനും ആദരിക്കപ്പെടുന്നവനുമാക്കി. ജയപ്രദയേയും സഞ്ജയ് ദത്തിനെയും സമാജ്വാദിപാര്ട്ടിയിലേക്ക് കൊണ്ടുവരുവാനും അമറിനുകഴിഞ്ഞു.
2002-ലും 2008ലും വീണ്ടും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അമര്‍ സമാജ്വാദിപാര്‍ട്ടിയുടെ ദേശീയ വക്താവും ജനറള്‍ സെക്രട്ടറിയുമായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ നാഷണല്‍ ടെക്സ്റ്റയില്‍ കോര്പ്പറേഷന് ഡയറക്ടര്‍, ഇന്ത്യന്‍ എയര്‍ലൈന്‍സ് ഡയറക്ടര്‍ മുതലായ പദവികളും ധാരാളം കമ്മറ്റികളിലെ അംഗത്വവും കൈവശപ്പെടുത്തി. തന്റെ എതിരാളികളോട് നിഷ്കരുണം പെരുമാറിയിരുന്ന അമര്‍സിങ്ങ് സ്നേഹിതര്‍ക്കുവേണ്ടി എന്തുത്യാഗം സഹിക്കാനും സദാസന്നദ്ധനായിരുന്നു. അഭിനയപ്രതിഭയായ അമിതാഭ്ബച്ചനെ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറ്റുന്നതില്‍ അമര്‍സിങ്ങ് നിര്‍ണായക പങ്കുവഹിച്ചു. താരങ്ങളോടുള്ള കേവല പരിചയത്തില്‍ നിന്ന് അഭിനയരംഗത്തേക്കും അമര്‍സിങ്ങ് കടന്നു. രണ്ടോ മൂന്നോ ബംഗാളി ചിത്രങ്ങളിലും, ദേവാനന്ദിന്റെ ഹിന്ദിചിത്രമായ ചാര്‍ജ്ജ് ഷിറ്റിലും അദ്ദേഹം അഭിനയിച്ചു. മുലായംസിങ്ങ് യാദവ് ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 2005ല്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റനെ സംസ്ഥാനം സന്ദര്‍ശിക്കാന്‍ അമര്‍സിങ്ങ് ക്ഷണിക്കുകയും ക്ലിന്റണ് ആ ക്ഷണം സ്വീകരിക്കുകയും ചെയ്തു. ഇത്തരം സന്ദര്‍ഭങ്ങളും തന്റെ രാഷ്ട്രീയതാരപദവി നിലനിര്‍ത്താന്‍ അമര്‍സിങ്ങ് ഫലപ്രദമായി ഉപയോഗിച്ചു.
വിവാദങ്ങള്‍ അമര്‍സിങ്ങിന്റെ കുടപ്പിറപ്പുകളായിരുന്നു. പലപ്പോഴും സ്വയം വിവാദങ്ങള്‍ സൃഷ്ടിക്കുന്ന ഒരാളായി അദ്ദേഹത്തിന്റെ ജീവചരിത്രത്തെ രേഖപ്പെടുത്താനാവും. തന്റെ ടെലിഫോണ്‍ സന്ദേശങ്ങള്‍ ചോര്‍ത്തി മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ അദ്ദേഹം 2006-ല്‍ സുപ്രീംകോടതിയെ സമീപിക്കുകയും താല്‍ക്കാലിക നിരോധനവിധിസമ്പാദിക്കുകയും ചെയ്തു. 2011-മെയില്‍ സുപ്രീം കോടതി ഈ നിരോധനം പിന്‍വലിച്ചു. രാഷ്ട്രീയനേതാക്കളുമായും സിനിമാതാരങ്ങളുമായും സര്‍ക്കാരിനെ തങ്ങള്‍ക്കനുകൂലമായി വളയ്ക്കുന്നതിനെ സംബന്ധിച്ചായിരുന്നു ഫോണ്‍ സംഭാഷണങ്ങള്‍. ഇത്തരത്തില്‍ ബോളിവുഡ്താരമായ ബിപാഷബസുവുമായുള്ള ഒരു സംഭാഷണം സഭ്യതയുടെ പരിധികള്‍ ലംഘിക്കുന്നതാണ്.
ജൂലായ് 2008-ല്‍ അന്നത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിമായാവതി ആറ് സമാജ്വാദിപാര്ട്ടി അംഗങ്ങളെ ദല്‍ഹിയില്‍ തടവില്‍ വച്ചിരിക്കുകയാണെന്ന് അമര്‍ ആരോപിച്ചു. അവിശ്വാസ പ്രമേയത്തില്‍ പാര്ട്ടിവിരുദ്ധനിലപാടെടുത്ത ഇവരെ പുറത്താക്കുകയും ചെയ്തു.
2008-ല്‍ ദല്ഹിസ്ഫോടനക്കേസിലെ പ്രതികള്‍ ഒളിച്ചിരുന്ന ബട്ലഹൗസിലെ തിരച്ചിലിനിടയില്‍ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥനായ മോഹന്‍ചന്ദ് ശര്‍മയുടെ കുടുംബത്തിന് അമര്‍ 10 ലക്ഷം രൂപ നല്കി. പിന്നീട് ഏറ്റുമുട്ടല്‍ കെട്ടിച്ചമച്ച കഥയാണെന്നും സംഭവത്തെക്കുറിച്ച് ഒരു ജുഡീഷ്യല്‍ അന്വേഷണം ആവശ്യമാണെന്നും അമര്‍സിങ്ങ് പ്രഖ്യാപിച്ചപ്പോള്‍ പ്രതിഷേധത്തോടെ ശര്‍മയുടെ കുടുംബം തുക തിരിച്ചുകൊടുത്തു.
2008-ല്‍ അമേരിക്കയുമായുള്ള ആണവകരാറിനെ ചൊല്ലി കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ യുപിഎ സര്‍ക്കാരിന് പിന്തുണപിന്‍വലിച്ചു. സര്‍ക്കാരിനെ താങ്ങിനിര്‍ത്താന്‍ 39 അംഗങ്ങളുള്ള സമാജ്വാദിപാര്ട്ടി ശ്രമിച്ചത് അമര്‍സിങ്ങിന്റെ നേതൃത്വത്തിലായിരുന്നു. ഇതിനു പുറമേ പാര്‍ലമെന്റില്‍ അനുകൂലമായി വോട്ടുചെയ്യാന്‍ 3 എംപിമാരെ സ്വാധീനിക്കാന്‍ പണം നല്‍കിയത് വലിയ രാഷ്ട്രീയ കോലാഹലത്തിന് ഇടയാക്കിയിരുന്നു. വോട്ടിന് കോഴ എന്ന പേരില്‍ കുപ്രസിദ്ധമായ ഈ കേസ്സില്‍ 2011 സെപ്തംബര്‍ 7ന് പ്രത്യേകകോടതി സിങ്ങിനെ തിഹാര്‍ ജയിലില്‍ റിമാന്റ് ചെയ്തു. താന്രോഗിയാണെന്നും, സിംഗപ്പൂരില്‍ വൃക്കകള്‍ മാറ്റിവച്ചതാണെന്നും, അതിനാല്‍ തന്നെ 24 മണിക്കൂറും നിരന്തരമായ വൈദ്യശ്രദ്ധയും, ശുശ്രുഷയും ആവശ്യമാണെന്നും ഉള്ള സിങ്ങിന്റെ പരിദേവനത്തില്‍ സെപ്തംബര്‍ 12ന് കോടതി ജാമ്യാപേക്ഷ പരിഗണിക്കും.
സമാജാവാദിപാര്ട്ടിയിലും അമര്‍സിങ്ങിന്റെ തത്ത്വദീക്ഷയില്ലാത്ത പെരുമാറ്റം വിമര്‍ശനവിധേയമായി. ഇടത്തട്ടുകാരന്റേയും ദളിതരുടേയും എന്ന് അറിയപ്പെട്ടിരുന്ന പാര്‍ട്ടിയുടെ പണത്തിന്റേയും താരത്തിളക്കത്തിന്റേയും പുതിയ മൂല്യങ്ങള്‍ അടിസ്ഥാനഘടകങ്ങളെ അസുന്തുഷ്ടരാക്കി. സ്വാഭാവികമായും പാര്‍ട്ടി അണികള്‍ അമര്‍സിങ്ങിനെതിരെ തിരിഞ്ഞ അവസരത്തിലാണ് 2009ല്‍ ഫിറോസാബാദില്‍ ലോക്സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. പാര്‍ട്ടി നേതാവ് മുലായം സിങ്ങ്യാദവിന്റെ മരുമകള്‍ ഡിംപിള്‍ ഇവിടെ രാജ് ബബ്ബാറിനോട് പരാജയപ്പെട്ടു. ഇതിന്റെ ഉത്തരവാദിത്വം ഡിംപിളിന്റെ ഭര്‍ത്താവായ അഖിലേഷ്യാദവ് അമറിന്റെ തലയിലാണ് കെട്ടിവച്ചത്. ഇതേതുടര്‍ന്ന് 14 വര്‍ഷമായി തന്റെ രാഷ്ട്രീയഗുരുവും വഴികാട്ടിയും ആത്മമിത്രവുമായിരുന്ന മുലായംസിങ്ങ്യാദവുമായി അമര്‍സിങ്ങ് അകന്നു. ജീവിതത്തില്‍ ഇന്നേവരെ തെരെഞ്ഞെടുപ്പുകളെ നേരിടാതെ, നേരിട്ട് രാജ്യസഭയിലെത്തിയ അമറിനേക്കാള്‍ തന്റെ കുടുംബവും പാര്ട്ടിഅണികളുമാണ് വലുതെന്ന് 2012-ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മുലായംസിങ്ങ് തീരുമാനിക്കുകയായിരുന്നു. ഇങ്ങനെ 2011 ജനുവരി 7ന് പാര്‍ട്ടി അംഗത്വം ഒഴികെയുള്ള സ്ഥാനങ്ങള്‍ ആരോഗ്യപരമായകാരണങ്ങളാല്‍ അമര്‍സിങ്ങ് രാജിവെച്ചു.
അഴിമതിയുടെ സുതാര്യതയാണ് അമര്‍സിങ്ങിന്റെ രാഷ്ട്രീയ ജീവിതമെന്നതിനാല്‍ സംഭവങ്ങളുടെ കേവലമായ പ്രതിപാദനത്തില്‍ നിന്ന് സാധാരണക്കാര്‍ക്കുപോലും അദ്ദേഹത്തിന്റെ ലക്ഷ്യവും മാര്‍ഗവും എളുപ്പം മനസ്സിലാക്കാം. പണവും പദവിയും സമ്പാദിക്കാനുള്ള കുറുക്കുവഴിയില്‍ ജനാധിപത്യമൂല്യങ്ങളെ പന്താടാന്‍ അദ്ദേഹം വിമുഖത കാട്ടിയില്ല. വ്യാപാരത്തില്‍ നിന്നും, ലാഭത്തില്‍ നിന്നും ആരംഭിച്ച ജീവിതം അധികാരത്തിന്റെ ഇടനാഴികളില്‍ പണം പെരുപ്പിക്കാനും സുഖലോലുപതക്കുമുള്ള മാര്‍ഗങ്ങള്‍ തേടുകയായിരുന്നു. ഒരു ജനാധിപത്യ സംവിധാനത്തെ വ്യക്തിയുടെ താല്പര്യങ്ങള്ക്കുവേണ്ടി ദുര്‍വിനിയോഗം ചെയ്യുന്നത് എങ്ങനെ എന്നതിന് നിദര്‍ശകമാണ് അമര്‍സിങ്ങിന്റെ ജീവിതം. അതുകൊണ്ടുതന്നെ രാജനൈതിക അധാര്‍മ്മികതയുടെ പ്രത്യക്ഷോദാഹരണമായ ആ വ്യക്തിത്വത്തിന് മുദ്രചാര്ത്തട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: