വിക്കിലീക്സ് പുറത്തുവിട്ട രഹസ്യരേഖകള്‍ വാര്‍ത്തകളാക്കി ആഘോഷിച്ച ഇന്ത്യന്‍ മാധ്യമങ്ങള്‍ പൊതുവായി സ്വീകരിച്ച ഒരു ഇരട്ടത്താപ്പ് ഇപ്പോള്‍ പ്രകടമായിരിക്കുകയാണ്. വിക്കിലീക്സ് രേഖകള്‍ ഉപയോഗിച്ച് ലോകമെമ്പാടുമുള്ള രാഷ്ട്രീയ നേതാക്കളെയും ഭരണാധികാരികളെയും ഭരണകൂടങ്ങളെയും തുറന്നുകാട്ടിയ മാധ്യമങ്ങള്‍ ഏഴ് വര്‍ഷത്തിലേറെയായി ഇന്ത്യയില്‍ ഭരണകക്ഷിയായി തുടരുന്ന കോണ്‍ഗ്രസിനോട് പക്ഷെ മൃദുസമീപനമാണ് സ്വീകരിച്ചത്. വിക്കിലീക്സിന്റെ കടന്നാക്രമണത്തില്‍നിന്ന് കോണ്‍ഗ്രസിനെ രക്ഷിക്കുകയെന്ന ദൗത്യമാണ് പല മാധ്യമങ്ങളും ഏറ്റെടുത്തത്. വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചുമായി ധാരണയിലെത്തി രഹസ്യരേഖകള്‍ പരമ്പരയായി പുറത്തുവിട്ട ‘ദ ഹിന്ദു’ ദിനപത്രം സ്വീകരിച്ച ഇരട്ടത്താപ്പ് ശ്രദ്ധേയമായിരുന്നു. യുപിഎ സര്‍ക്കാരിനെ നയിക്കുന്ന മന്‍മോഹന്‍സിംഗിനെ വിക്കിലീക്സ് രേഖകളിലൂടെ ഈ പത്രം പ്രതിക്കൂട്ടില്‍ നിര്‍ത്തിയപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കും മകന് രാഹുല്‍ഗാന്ധിക്കും എതിരായി വിക്കിലീക്സ് രേഖകളില്‍ ഒന്നുമില്ലെന്ന പ്രതീതിയാണ് സൃഷ്ടിക്കപ്പെട്ടത്. വിക്കിലീക്സ് രേഖകള്‍ വെളിപ്പെടുത്തിയതിന്റെ തുടര്‍ച്ചയായി അച്ചടിച്ചുവിട്ട അഭിപ്രായ സര്‍വെയിലൂടെ രാഹുല്‍ഗാന്ധിയാണ് ഇന്ത്യയ്ക്ക് ഏറ്റവും അനുയോജ്യനായ പ്രധാനമന്ത്രിയെന്ന് സ്ഥാപിക്കാനും ഈ ദേശീയ ദിനപത്രം വൃത്തികെട്ട ചങ്കൂറ്റം കാണിച്ചു. ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളില്‍ പലരെയും കടിച്ചുകുടഞ്ഞ വിക്കിലീക്സ് രേഖകളില്‍ സോണിയക്കെതിരെ എന്തെങ്കിലുമുണ്ടോ എന്ന് അന്വേഷിക്കാന്‍ ശ്രമിക്കാതിരുന്നവര്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ പ്രാഥമിക മര്യാദപോലും പാലിച്ചില്ലെന്നതാണ് സത്യം.
2014 ല്‍ നടക്കേണ്ട പൊതുതെരഞ്ഞെടുപ്പിന് മുമ്പായി യുപിഎ സര്‍ക്കാരില്‍ ഒരു അധികാരകൈമാറ്റമാണ് ‘ദ ഹിന്ദു’ ലക്ഷ്യമിട്ടതെന്ന് വ്യക്തം. സോണിയയും കോണ്‍ഗ്രസിലെ ഒരു വിഭാഗവും ആഗ്രഹിക്കുന്നതുപോലെ മന്മോഹനെ വീഴ്ത്തി രാഹുലിനെ പ്രധാനമന്ത്രിയായി വാഴിക്കുക. സിഎന്‍എന്‍-ഐബിഎന്‍ ചാനലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് മന്മോഹന് സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്ന പ്രശ്നമില്ലെന്ന് ‘ഹിന്ദു’വിന്റെ എഡിറ്റര്‍ ഇന്‍-ചീഫ് എന്‍.റാം തികഞ്ഞ ആത്മവിശ്വാസത്തോടെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്വന്തം പത്രത്തിലൂടെ വിക്കിലീക്സ് രേഖകള്‍ പുറത്തുവന്നത്. ഇതേ ചാനല്‍ സംഘടിപ്പിച്ചെടുത്ത അഭിപ്രായരൂപീകരണമാണ് രാഹുലിന് അനുകൂലമായ ജനഹിതമായി റാമിന്റെ പത്രം പ്രചരിപ്പിച്ചത്. “രാഹുല്‍ഗാന്ധി ഏറ്റവും ജനപിന്തുണയുള്ള രാഷ്ട്രീയ നേതാവായും ഭാവി പ്രധാനമന്ത്രിയായും ഉയരുന്നു” എന്നായിരുന്നു സര്‍വെയുടെ ശീര്‍ഷകം. 19 സംസ്ഥാനങ്ങളിലാണ് സര്‍വെ സംഘടിപ്പിച്ചതത്രെ. തെരഞ്ഞെടുപ്പിനുശേഷം ആരായിരിക്കണം പ്രധാനമന്ത്രി എന്നായിരുന്നു സര്‍വെയില്‍ ഉന്നയിച്ച ചോദ്യം.
രാഹുല്‍ പ്രധാനമന്ത്രിയാവണമെന്ന് 2009 ല്‍ വെറും ആറ് ശതമാനംപേര്‍ ആഗ്രഹിച്ചപ്പോള്‍ 2011 ല്‍ 19 ശതമാനം പേര് പിന്തുണക്കുന്നുവെന്നാണ് സിഎന്‍എന്‍-ഐബിഎന്നിനുവേണ്ടി സര്‍വെ നടത്തിയ സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡവലപിംഗ് സൊസൈറ്റീസ് (സിഎസ്ഡിഎസ്) കണ്ടുപിടിച്ചത്. ജനാഭിപ്രായം ഇങ്ങനെ നാടകീയമായി കുതിച്ചുയരാന്‍ അഞ്ച് വര്‍ഷത്തിനിടെ രാഹുലിന് അനുകൂലമായി എന്ത് തരംഗമാണ് ഉണ്ടായതെന്ന് ‘ഹിന്ദു’ വിശദീകരിച്ചിട്ടില്ല. നേരെമറിച്ച് അഴിമതിയുടെ കാര്യത്തില്‍ യുപിഎ സര്‍ക്കാരിനെതിരായി ചരിത്രത്തിലെ ഏറ്റവും ശക്തമായ ജനവികാരമാണ് രാജ്യത്ത് ഉയര്‍ന്നത്. ഇതില്‍നിന്ന് എങ്ങനെയാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും ‘ഭാവി പ്രധാനമന്ത്രി’യുമായ രാഹുല്‍ രക്ഷപ്പെട്ടത്! ജനസമ്മതി ഉയര്‍ന്നതായി സര്‍വെ കണ്ടെത്തുന്ന കാലയളവിലാണ് രാഹുല്‍ നേതൃത്വം നല്കിയ ബീഹാര്‍-തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ദയനീയമായി തോറ്റത്. രാഹുലിന്റെ ജനസമ്മതിക്ക് തൊട്ടുപിന്നില്‍ പത്ത് ശതമാനം വീതം പിന്തുണയോടെ മന്‍മോഹന്‍സിംഗിനേയും സോണിയെയും പ്രതിഷ്ഠിച്ച് അപ്രീതിക്ക് പാത്രമാകാതിരിക്കാനും എന്‍.റാമിന്റെ ബുദ്ധി പ്രവര്‍ത്തിച്ചിട്ടുണ്ട്.
യഥാര്‍ത്ഥത്തില്‍ 2011 ല്‍ രാഹുലിന്റെ ജനപ്രീതിയില്‍ വന്‍ ഇടിവാണുണ്ടായതെന്ന് സ്റ്റാര്‍ന്യൂസ്- നീല്‍സണ്‍ അഭിപ്രായ സര്‍വെയില്‍നിന്ന് വ്യക്തമാവുകയുണ്ടായി. 28 നഗരങ്ങളിലായി 9000 പേരില്‍നിന്ന് അഭിപ്രായമാരാഞ്ഞപ്പോള്‍ രാഹുല്‍ പ്രധാനമന്ത്രിയാവണമെന്ന് ആഗ്രഹിക്കുന്നവര്‍ 17 ശതമാനം മാത്രമായിരുന്നു. 78 ശതമാനം പേര് പ്രധാനമന്ത്രിസ്ഥാനത്തേക്ക് നിര്‍ദേശിച്ചത് അഴിമതിവിരുദ്ധ സമരനായകന് അണ്ണാ ഹസാരെയെയാണ്. 18നും 25 നും ഇടയ്ക്ക് പ്രായമുള്ളവരില്‍ 74 ശതമാനം പേരും രാഹുലിനെയല്ല ഹസാരെയാണ് അനുകൂലിച്ചത്.
ഇന്ത്യന്‍ മാധ്യമങ്ങളുടെ ‘രാഹുല്മാനിയ’ എത്രത്തോളമുണ്ടെന്ന് വിക്കിലീക്സ് രേഖകള്‍ തമസ്ക്കരിച്ച അവയുടെ നടപടിയില്‍നിന്ന് വ്യക്തമാണ്. കോളമിസ്റ്റും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉപശാലാ വിവരങ്ങള്‍ അറിയാവുന്നയാളുമായ സയീദ് നഖ്വിയും യുഎസ് നയതന്ത്ര ഉദ്യോഗസ്ഥന് പോളോഫും തമ്മില്‍ നടത്തിയതായി വിക്കിലീക്സ് പുറത്തുവിട്ട സംഭാഷണം കോണ്‍ഗ്രസിനുള്ളിലും യുപിഎ ഭരണത്തിലും രാഹുല്‍ഗാന്ധിയുടെ വിലയില്ലായ്മയിലേക്ക് വെളിച്ചം വീശുന്നതാണ്. “പല കാരണത്താലും ഇന്ത്യയുടെ പ്രധാനമന്ത്രിയാവാന്‍ രാഹുലിന് കഴിയില്ലെന്നാണ് സോണിയയുടെ ഉപജാപവൃന്ദത്തില്പ്പെടുന്ന കോണ്‍ഗ്രസ് നേതാക്കള്‍പോലും കരുതുന്നത്”- എന്നാണ് നഖ്വി പറഞ്ഞത്. രാഹുലിന് ചില ‘മാനസിക പ്രശ്നങ്ങള്‍’ ഉണ്ടെന്നത് പൊതുവെ അറിവുള്ളതാണെന്നും നഖ്വി അഭിപ്രായപ്പെടുന്നുണ്ട്. സ്വന്തം മണ്ഡലമായ അമേതി ഔപചാരികമായി സന്ദര്‍ശിക്കുന്നതൊഴികെ ഉത്തര്‍പ്രദേശിനുവേണ്ടി രാഹുല്‍ ഒന്നും ചെയ്യുന്നില്ലെന്നും സംസ്ഥാനത്തെ ജനങ്ങളില്‍ മതിപ്പുണ്ടാക്കാന്‍ കഴിയുന്നില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ തന്നോടു പറഞ്ഞിട്ടുള്ളതായി നഖ്വി വെളിപ്പെടുത്തുന്നു. ബുദ്ധിയും വിവേകവുമുള്ള പ്രിയങ്ക രാഷ്ട്രീയത്തിലേയ്ക്ക് വരണമെന്നാണ് ‘ഗാന്ധികുടുംബം’ ആഗ്രഹിക്കുന്നതെങ്കിലും ഇറ്റാലിയന്‍ മാതാവായ സോണിയയ്ക്ക് മകനോടുള്ള വാത്സല്യമാണ് മകളെ തഴഞ്ഞ് രാഹുലിനെ പിന്‍ഗാമിയായി തെരഞ്ഞെടുത്തതെന്നും നഖ്വി പറയുന്നു.
രാജീവ് ഗാന്ധിയുടെ അടുത്ത സുഹൃത്തുകൂടിയായിരുന്ന സയീദ് നഖ്വി രാഹുലിനെക്കുറിച്ച് ഇങ്ങനെ പറയുന്നതില്‍നിന്ന് മനസ്സിലാക്കാവുന്നതും ഊഹിക്കാവുന്നതുമായ കാര്യങ്ങള്‍ നിരവധിയാണ്. മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നതുപോലെ രാഹുല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ സര്വസമ്മതനല്ലെന്നതാണ് ഒന്നാമത്തേത്. അര്‍ഹതയും യോഗ്യതയുമില്ലാത്ത രാഹുലിനെ പാര്‍ട്ടിക്കും സര്‍ക്കാരിനും മേല്‍ അടിച്ചേല്‍പ്പിക്കുകയാണ് സോണിയാഗാന്ധി ചെയ്യുന്നത്. അഴിമതിക്കെതിരെ അണ്ണാഹസാരെ നടത്തിയ നിരാഹാര സമരവുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ലോക്സഭയില്‍ വായിച്ച പ്രസംഗം ഇതിന് തെളിവായിരുന്നു. ഹസാരെയുടെ മുഖ്യമായ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടും അഴിമതിക്കെതിരായി പോരാടുന്ന അദ്ദേഹത്തെ ആദരിച്ചുകൊണ്ടും പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ തിരുത്തുന്നതും അപമാനിക്കുന്നതുമായിരുന്നു രാഹുലിന്റെ പ്രസംഗം. മന്മോഹന് അഭിവാദ്യം ചെയ്ത ഹസാരയെ ഏകാധിപതിയെന്ന് വിശേഷിപ്പിക്കുകയാണ് രാഹുല്‍ ചെയ്തത്. പ്രധാനമന്ത്രിയെന്ന നിലയില്‍ മന്മോഹന് പറയുന്നതല്ല സര്‍ക്കാരിന്റെ നിലപാടെന്ന് വരുത്തുകയാണ് രാഹുല്‍ ചെയ്തത്. ഹസാരെയുടെ സമരവുമായി ഏറ്റുമുട്ടലിന്റെ പാത സ്വീകരിച്ച കോണ്‍ഗ്രസിലെ ചില നേതാക്കളും കേന്ദ്രമന്ത്രിമാരുമാണ് രാഹുലിനെക്കൊണ്ട് ഇങ്ങനെ വേഷം കെട്ടിച്ചത്. സോണിയയുടെ സാന്നിദ്ധ്യം രാജ്യത്തില്ലായിരുന്നുവെങ്കിലും കീഴ്വഴക്കം ലംഘിച്ച് ശൂന്യവേളയില്‍ രാഹുലിന് പ്രസംഗിക്കാന്‍ അനുമതി നല്‍കപ്പെട്ടതിന് പിന്നില്‍ സോണിയയുടെ കരങ്ങളാണുണ്ടായിരുന്നത്. മഹത്തായ കാര്യങ്ങളെന്ന നിലയില്‍ പാര്‍ലമെന്റില്‍ പറഞ്ഞത് ഒരിക്കല്‍ക്കൂടി ഓര്ക്കാന്പോലുമാവാത്തവിധം യാന്ത്രികമായിരുന്നു രാഹുലിന്റെ പ്രസംഗം. ലോക്പാലിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെതുപോലെ ഭരണഘടനാ പദവി നല്‍കണമെന്ന നിര്‍ദ്ദേശം വളരെ മുമ്പുതന്നെ മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ ടി.എന്‍.ശേഷന് മുന്നോട്ടുവെച്ചതാണ്. രാഹുലിനെ സൂപ്പര്‍ പ്രധാനമന്ത്രിയായി അവതരിപ്പിക്കാന്‍ തീരുമാനിച്ചവര്‍ ഈ ആശയം മോഷ്ടിച്ച് പാര്‍ലമെന്റില്‍ പറയിക്കുകയായിരുന്നു.
പാക് ഭീകരസംഘടനയായ ലഷ്ക്കറെ തോയ്ബയെ ന്യായീകരിച്ചുകൊണ്ട് ഇന്ത്യയിലെ യുഎസ് അംബാസഡറുമായി രാഹുല്‍ഗാന്ധി നടത്തിയ സംഭാഷണം വിക്കിലീക്സിലൂടെ വളരെമുമ്പെ പുറത്തുവന്നിരുന്നു. രാജ്യദ്രോഹപരമായ അഭിപ്രായ പ്രകടനമാണ് നടത്തിയതെങ്കിലും രാഹുലിനെ മാധ്യമങ്ങള്‍ സമര്‍ത്ഥമായി രക്ഷിച്ചെടുത്തു. 2007 ല്‍ രാഹുല്‍ ഗാന്ധിയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി കോണ്‍ഗ്രസ് അവരോധിച്ച സന്ദര്‍ഭത്തില്‍ യുഎസ് അംബാസഡറായ ഡേവിഡ് മള്‍ഫോര്‍ഡ് എംബസിയില്‍നിന്ന് അയച്ച രഹസ്യ സന്ദേശവും വിക്കിലീക്സ് പുറത്തുവിടുകയുണ്ടായി. ഇതിനോടും മാധ്യമങ്ങള്‍ സ്വീകരിച്ചത് തണുപ്പന്‍ സമീപനമാണ്. പല ബുദ്ധിജീവികളും രാഷ്ട്രീയ നേതാക്കളും രാഷ്ട്രീയ ധാരണയൊന്നുമില്ലാത്ത ‘ഒഴിഞ്ഞ പെട്ടി’യായാണ് രാഹുലിനെ കാണുന്നതെന്നായിരുന്നു മള്‍ഫോര്‍ഡിന്റെ സന്ദേശം. പ്രധാനമന്ത്രിയായി വാഴിക്കപ്പെടുമെന്ന് കരുതപ്പെടുന്ന രാഹുലിന്റെ കഴിവും കാര്യശേഷിയും സംശയാസ്പദമാണെന്ന് മള്‍ഫോര്‍ഡ് പറയുന്നതിന് നേര്‍ക്കും മാധ്യമങ്ങള്‍ കണ്ണടച്ചു.
2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം സോണിയാഗാന്ധി പ്രധാനമന്ത്രിയാവണമെന്നാണ് യുപിഎ സഖ്യകക്ഷിയായ ഡിഎംകെ ആഗ്രഹിച്ചതെന്നും വിക്കിലീക്സ് വെളിപ്പെടുത്തുകയുണ്ടായി. പ്രധാനമന്ത്രിയാവാന്‍ നല്ലത് സോണിയാഗാന്ധിയാണെന്നും മന്മോഹന് ‘മോശക്കാരന്‍’ ആണെന്നും ഡിഎംകെയുടെ നയരൂപീകരണത്തില്‍ പ്രമുഖ പങ്ക് വഹിക്കുന്ന ശിവപ്രകാശം പറഞ്ഞതായുള്ള യുഎസ് കോണ്‍സല്‍ ജനറല്‍ ഡെന്നീസ് ടി.ഹൂപ്പറുടെ സന്ദേശമാണ് വിക്കിലീക്സ് വെളിപ്പെടുത്തിയത്. ഭരണസഖ്യമായ യുപിഎയും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും തമ്മിലുള്ള ദുര്‍ബലമായ ബന്ധം എടുത്തുകാട്ടുന്നതാണിത്.
സോണിയയോടുള്ള ഈ ആഭിമുഖ്യമാണ് 2ജി സ്പെക്ട്രംപോലെ സഹസ്രകോടികളുടെ അഴിമതി നടത്താന്‍ ഡിഎംകെ മന്ത്രിമാര്‍ക്ക് ധൈര്യം പകര്‍ന്നതെന്ന് കരുതേണ്ടിയിരിക്കുന്നു. ടെലികോം മന്ത്രിയായ എ.രാജക്ക് പ്രധാനമന്ത്രിയെ മറികടന്ന് സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കാന്‍ കഴിഞ്ഞതിന്റെ കാരണവും മറ്റൊന്നല്ല. 2ജി അഴിമതിയിലൂടെ നേടിയ 1.76 ലക്ഷം കോടി രൂപയുടെ ഗുണഭോക്താക്കള്‍ ഡിഎംകെ മാത്രമല്ലെന്നും സോണിയാഗാന്ധിയുടെ കുടുംബത്തിന് ഇതുമായി ബന്ധമുണ്ടെന്നുമുള്ള ഡോ. സുബ്രഹ്മണ്യന് സ്വാമിയുടെ ആരോപണത്തെ ബലപ്പെടുത്തുന്നതാണ് വിക്കിലീക്സ് വെളിപ്പെടുത്തിയ സോണിയയോടുള്ള ഡിഎംകെ ആഭിമുഖ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: