മുകളിലേക്ക് പോയാല്‍ തിരികെ വരാത്ത ഒരൊറ്റ സംഗതിയേ ഉള്ളൂ അത് പ്രായമാണ്” എന്നത് ഒരു സിനിമാ ഡയലോഗ് ആണ്. വാര്‍ധക്യത്തിന്റെ ലക്ഷണം ശാരീരികാസ്വാസ്ഥ്യങ്ങളും ഒറ്റപ്പെടലുമാണല്ലോ. ശാരീരികാസ്വാസ്ഥ്യങ്ങള്‍ എന്റെ കൂടെപിറപ്പാണ്. തിരക്കേറിയ പത്രപ്രവര്‍ത്തന ജീവിതത്തില്‍ പത്രപ്രവര്‍ത്തക സുഹൃത്തുക്കളും ജോലിയുടെ ഭാഗമായി പരിചയപ്പെടുന്നവര്‍ ഉറ്റ സുഹൃത്തുക്കളായി മാറുന്നതും ഒറ്റപ്പെടല്‍ എന്ന അനുഭവം എനിക്ക് നല്‍കിയില്ല.
ഈയിടെ മനോരമ ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസുമായി സംസാരിക്കുകയുണ്ടായി. ജോണിയും താനും ഒരേസമയത്ത് കോട്ടയത്ത് പത്രപ്രവര്ത്തനരംഗത്തുണ്ടായിരുന്നവരാണ്. പഴയ സൗഹൃദങ്ങള്‍ ഊഷ്മളതയോടെ തന്നെ സൂക്ഷിക്കുന്ന സ്വഭാവക്കാരനാണ് ജോണി. ഒരിക്കല്‍ ഒഎന്‍വി തന്റെ ശാരീരികാവശതകളെക്കുറിച്ച് പറഞ്ഞപ്പോള്‍ ജോണി ചൂണ്ടിക്കാണിച്ചത് ഒഎന്വിയേക്കാള് എത്രയോ പ്രായക്കൂടുതലുള്ള അച്യുതാനന്ദന്റെ ആരോഗ്യവും ഉന്മേഷവുമായിരുന്നുവത്രെ.
അപ്പോള്‍ അച്യുതാനന്ദന് തെരഞ്ഞെടുപ്പ് വേളയില്‍ തന്റെ വാര്‍ധക്യത്തെ വിമര്‍ശിച്ച രാഹുല്‍ഗാന്ധിയോട് തിരിച്ചടിച്ച വാക്കുകള്‍ എനിക്കോര്‍മ വന്നു. “തല നരച്ചതല്ലെ ന്റെ വാര്‍ധക്യം തല നരയ്ക്കാത്തതല്ലെ ന്റെ യൗവനം. മുതലാളിത്ത ദുഷ്പ്രഭുത്വത്തിന് മുന്നില്‍ മുട്ടുമടക്കാത്തതാണെന്റെ യൗവനം” എന്ന വരികള്‍ പകയും പ്രചോദനമാകാമെന്ന തിരിച്ചറിവ് എനിക്ക് നല്കി. പക്ഷേ എന്റെ പ്രചോദനം എനിക്ക് മറ്റുള്ളവരില്‍നിന്ന് ലഭിക്കുന്ന സ്നേഹവായ്പും എന്നാല്‍ കഴിയുന്ന സഹായം മറ്റുള്ളവര്‍ക്ക് ചെയ്യാനുള്ള ആഗ്രഹവുമാണ്. നന്മ എന്നും പ്രചോദനകരമാണ്. ഇപ്പോള്‍ തിന്മയും.
ഇപ്പോള്‍ എനിക്ക് വയസായി എന്ന തോന്നല്‍ ഈ ഓണക്കാലത്ത് വരുന്നത് ഞാന്‍ കണ്ട ഓണവും ഞാന്‍ കാണുന്ന ഓണവും തമ്മിലുള്ള അന്തരമാണ്. ഞാന്‍ കണ്ടിരുന്ന, എനിക്ക് പ്രിയപ്പെട്ടതായിരുന്ന പല മുഖങ്ങളും എന്നെന്നേയ്ക്കുമായി അപ്രത്യക്ഷമായതിനാലാണ് ഞാന്‍ കണ്ടു വളര്‍ന്ന നാട്ടിന്‍പുറവും എന്റെ വീടുമെല്ലാം ഓര്‍മയില്‍ മാത്രം അവശേഷിക്കുന്നത്. അന്ന് വിരിഞ്ഞ പൂക്കളും ചിലച്ചിരുന്ന കിളികളും ഇന്നില്ല.
ടിവി കാണുമ്പോള്‍ നാടന്‍ പൂക്കളുടെ പ്രദര്‍ശനം കുട്ടികള്‍ ഒരുക്കുന്ന കാഴ്ച കണ്ടു. പക്ഷേ ഞാന്‍ അറിഞ്ഞിരുന്ന ഓണപൂക്കളില്‍ അവ പെടുന്നില്ല. തുമ്പയും മുക്കുറ്റിയും ചെത്തിയും മാത്രമായിരുന്നില്ല ഞങ്ങളുടെ ഓണപൂക്കള്‍. വയലുകളില്‍നിന്ന് നീല നിറമുള്ള നെല്ലിപൂവും വരമ്പുകളില്‍നിന്ന് ചിറ്റാടയും പറിച്ചിരുന്നു. ചിറ്റാടപൂവ് റോസ് നിറമുള്ള വെല്‍വറ്റിന്റെ മാര്‍ദ്ദവമുള്ള പൂക്കളാണ്. നെല്ലിപൂക്കള്‍ പറിക്കുമ്പോള്‍ നെല്ലിക്കോഴികള്‍ പറന്നുയരുന്നത് കൗതുകത്തോടെ നോക്കിനില്‍ക്കുമായിരുന്നു. ഇന്ന് ആ പക്ഷികളും അപ്രത്യക്ഷമായി.
പറമ്പില്‍നിന്ന് കാക്കപ്പൂവെന്നും പൂച്ചപ്പൂവെന്നും വിളിക്കുന്ന ചാര-നീല നിറമുള്ള പൂക്കളും ചുവന്ന കോംഗ്ങ്ങിണി പൂവും വേലിയില്‍ പടര്‍ന്നിരുന്ന വിണ്ട പൂവും കോളാമ്പി പൂക്കളും പറിക്കുമായിരുന്നു. പക്ഷേ ഓണത്തിന്റെ ത്രില്‍ അടങ്ങിയിരുന്നത് ഉച്ചയൂണിനുശേഷം പൂക്കൊട്ടയുമായി ചെത്തിപൂവും മറ്റും ശേഖരിക്കാന്‍ മലകളില്‍ പോകുമ്പോഴാണ്. വലിയമ്മ-ചെറിയമ്മമാരുടെ മക്കള്‍ ഞങ്ങള്‍ അഞ്ചുപേര്‍ ഒരുമിച്ചാണ് പോകുക. ചെത്തിപ്പൂവിന് പുറമെ ശീമ കോംഗ്ങ്ങിണിപൂവും മാനംനോക്കി പൂവും കദളിപൂവും പറിക്കുമായിരുന്നു. ഞങ്ങള്‍ ഇടുന്ന ചെത്തിപൂക്കള്‍ കാട്ടില്‍ വിടരുന്നവയായിരുന്നു. ഇന്ന് ശീമച്ചെത്തിയുടെ പൂക്കളാണല്ലൊ പൂക്കളങ്ങളില്‍ എത്തുന്നത്.
പൂവിടുന്ന രീതിയിലും മാറ്റം വന്നു. അത്തത്തിന് മുമ്പ് മുറ്റങ്ങളില്‍ പൂത്തറ ഉയരുമായിരുന്നു. എല്ലാ ദിവസവും രാവിലെ ചാണകം മെഴുകിയ ശേഷമാണ് തറയില്‍ പൂവിടുക. നടുക്ക് തുളസിക്കതിര് വച്ച് വളയം വളയമായി ആണ് പൂവിട്ടിരുന്നത്. പൂവിടല്‍ കുട്ടികളുടെ ജോലിയായിരുന്നു. പ്രഭാതത്തില്‍ കുളിച്ച് തുമ്പപൂവും മുക്കൂറ്റിപൂവും വിണ്ടപൂവും പറിച്ച ശേഷമാണ് പൂക്കളമിടല്‍ തുടങ്ങുക. ഒടുവില്‍ പച്ചിലകൊണ്ടും ഒരു വളയമിട്ടിരുന്നു. തിരുവോണനാളില്‍ ഓണത്തപ്പനെ ഉണ്ടാക്കിയിരുന്നത് തുമ്പക്കുടം കൊണ്ടാണ്. പറമ്പില്‍നിന്നും തുമ്പയുടെ കുടങ്ങള്‍ (പൂക്കള്‍ ഉണ്ടാകുന്ന ഭാഗം) അരിഞ്ഞ് തലേദിവസം വച്ച് അതുകൊണ്ട് ഓണത്തപ്പനെയുണ്ടാക്കും. വെങ്ങോലയില്‍ കൊച്ചിയിലുള്ളതുപോലെ ത്രികോണാകൃതിയിലുള്ള ഓണത്തപ്പന്മാര് ലഭ്യമായിരുന്നില്ല. അതിന് പകരം ഒരു അമ്മിപ്പിള്ള (അമ്മിക്കല്ലിന്റെ മുകളില്‍ അരയ്ക്കുന്നത്) വച്ച് അതിന്മേല് കാലുള്ള ഓലക്കുട വയ്ക്കുമായിരുന്നു. ഇന്ന് ഇന്നസെന്റ് പരസ്യത്തില്‍ പിടിക്കുന്ന ഒാലക്കുട. ആ രീതിയും ഇന്നില്ല.
ഇന്ന് ഈ പൂക്കളെല്ലാം അപ്രത്യക്ഷമായി. “വഴിയോര പൂക്കള്‍” എന്ന സുഗതകുമാരിയുടെ കവിതയില്‍ വഴിയോരത്ത് ഇപ്പോള്‍ ചെറിയ പൂക്കളെ കാണാറില്ല എന്ന വിലാപമുണ്ട്. തൂമ്പപ്പൂ കുട്ടികള്‍ക്ക് പരിചയം പാട്ടുകളിലൂടെയാണ്.
ഇന്ന് മലയാളിയുടെ ഓണം തമിഴ്നാടിന്റെ ദയാവായ്പാണ്. തമിഴ്നാട്ടില്‍നിന്നും വരുന്ന പല നിറങ്ങളിലുള്ള ജമന്തിയും വാടാമല്ലിയും കോഴിവാലന്‍ പൂക്കളും മറ്റുമാണ് പൂക്കളത്തില്‍. ഇന്ന് പൂക്കളങ്ങള്‍ മത്സരവേദികളിലാണ് കാണുക. നവീന ഡിസൈനുകള്‍, കമ്പ്യൂട്ടറില്‍നിന്ന് പകര്‍ത്തുന്ന ഡിസൈനുകളിട്ടാണ് പൂക്കളം ശ്രദ്ധേയമാകുന്നതും സമ്മാനം നേടുന്നതും. ഞങ്ങളുടെ ഫ്ലാറ്റിലെ ഓണാഘോഷത്തിനൊരുക്കിയ പൂക്കളം ഗണപതിയുടെ രൂപമായിരുന്നു. പൂക്കള്‍ക്ക് പുറമെ പല നിറങ്ങളിലുള്ള പൊടികളും ഇലകള്‍ അരിഞ്ഞതും തെങ്ങിന് പൂക്കുല ഉതിര്ത്തെടുത്തതുമെല്ലാം ഉപയോഗിക്കപ്പെടുന്നു. അവസാന വെള്ള വളയത്തിന് ഉപയോഗിച്ചത് ഉപ്പാണ്.
ഇന്ന് ടിവി കാണുമ്പോള്‍ മലയാളികളുടെ ഓണത്തിന് തമിഴ്നാട്ടില്‍നിന്നും കൊണ്ടുവരുന്ന പച്ചക്കറികള്‍ കാണാം. എന്റെ ബാല്യകാലത്ത് പുറത്തുനിന്ന് വാങ്ങുന്നത് ഉള്ളി മാത്രം. എല്ലാ പച്ചക്കറികളും തൊടിയില്‍നിന്ന് എടുക്കുന്നു. വേനല്‍ക്കാലത്ത് പാകമാകുന്ന കുമ്പളങ്ങയും മത്തങ്ങയും വെള്ളരിയ്ക്കയും തട്ടിന്‍പുറത്ത് നീട്ടികെട്ടിയിരിക്കുന്ന മുളയില്‍ വാഴവള്ളികൊണ്ട് ചുറ്റിക്കെട്ടി തൂക്കിയിരിക്കും. പച്ചമുളക്, ഇഞ്ചി, കറിവേപ്പില, മുരിങ്ങക്കായ, നേന്ത്രക്കായ എല്ലാം പറമ്പിലുണ്ടാകും. തെങ്ങ് സുലഭമായിരുന്നതിനാല്‍ തേങ്ങാപാല്‍ ചേര്‍ക്കാനോ തേങ്ങ അരയ്ക്കാനോ നാളികേരം വാങ്ങേണ്ടി വരുന്നില്ല. പായസങ്ങള്‍ക്ക് തേങ്ങാപാലാണ് ഉപയോഗിച്ചിരുന്നത്. പാലട ഞാന്‍ രുചിച്ചത് കൊച്ചിയില്‍ വന്ന ശേഷമാണ്.
ഇന്ന് സദ്യ വിനായകയോ ബ്രാഹ്മണ സമൂഹമോ കരയോഗമോ ഒരുക്കുന്നതാണ്. ഓണക്കാലത്ത് വെളിച്ചെണ്ണയില്‍ കായ വറക്കുന്ന, ശര്‍ക്കര പുരട്ടിയുണ്ടാക്കുന്ന മണങ്ങള്‍ അന്തരീക്ഷത്തില്‍ ലയിക്കുന്നില്ല. പായസം വയ്ക്കുന്നതിന്റെ ബഹളം കേള്‍ക്കുന്നില്ല. എല്ലാം ബുക്ക് ചെയ്ത് സമയത്ത് വാങ്ങിക്കഴിക്കുന്ന ഫാസ്റ്റ്ഫുഡിന് പകരം കേറ്ററര്‍ നല്കുന്ന ഊണ്.
അപ്പോള്‍ എനിക്ക് സ്വാഭാവികമായും എന്റെ കാലം കഴിഞ്ഞുവെന്ന തോന്നല്‍ സംജാതമാകുന്നു. ഇത് ഗൃഹാതുരത്വം മാത്രമല്ല, ആ കാഴ്ചകള്‍ ഇനി ഒരിക്കലും കാണാന്‍ സാധ്യമല്ല എന്ന തിരിച്ചറിവാണ്. ഇന്ന് വെങ്ങോലയിലെ എന്റെ വീട് പൊളിച്ചുകളഞ്ഞു. വിശാലമായ പറമ്പില്‍ മൂന്ന് വീടുകളാണ് ഉയര്‍ന്നിരിക്കുന്നത്. അവിടെയുണ്ടായിരുന്ന, ഞാന്‍ കയറിയിരുന്ന മാവുകളോ, പേരകളോ, അമ്പഴങ്ങയോ, പ്ലാവുകളോ ഒന്നും ഇല്ല. എനിക്ക് തിരിച്ചറിയാവുന്ന ഒറ്റ മരവും അവിടെയില്ല. ഓണത്തിന് ഊഞ്ഞാല് കെട്ടിയിരുന്ന പ്ലാവും ഇല്ല. ചക്ക വരട്ടാന്‍ ചക്കപ്പഴം തന്നിരുന്ന പ്ലാവുകള്‍, മാങ്ങാത്തിര ഉണ്ടാക്കാന്‍ മാമ്പഴം തന്നിരുന്ന മാവുകള്‍, പുളി പെറുക്കി ഇടിച്ച് വെളിച്ചെണ്ണ ചേര്‍ത്ത് ഉരുളകളാക്കിയിരുന്ന ആ കാലത്തെ പുളിമരങ്ങളൊന്നുമില്ല.
അപ്രത്യക്ഷമായത് ഒരു ജീവിതശൈലിയാണ്, ഗ്രാമീണ ഭംഗിയാണ്. സൗരഭ്യമുള്ള പ്രഭാതമാരുതന്‍ ആണ്. ആമ്പല്പൂ വിടര്ന്നിരുന്ന കുളങ്ങളാണ്.
ഇതോടൊപ്പം എനിക്ക് നഷ്ടപ്പെട്ടത് എന്റെ പ്രിയപ്പെട്ട ശശികലയെയും സതിയെയും സരസുചേച്ചിയെയും മറ്റുമാണ്. അവരെല്ലാം ഈ ദുരന്തം കാണാന്‍ നില്‍ക്കാതെ കാലയവനികക്കുള്ളില്‍ മറഞ്ഞു. സുഹൃത്തുക്കളായിരുന്ന കസിന്‍സ് ഇല്ലെങ്കില്‍ “പണ്ട് നമ്മള് നാടി കെട്ടിത്തൂങ്ങിമരിച്ച സ്ഥലത്തുപോയി പൂക്കള്‍ പറിച്ചില്ലേ?” അല്ലെങ്കില്‍ “നീന്തിയപ്പോള്‍ സതി മുങ്ങാംകുഴിയിട്ട് വന്ന് കാലില്‍ പിടിച്ച് വലിക്കുമ്പോള്‍ മുങ്ങിത്താഴുമായിരുന്നില്ലേ” എന്ന് ചോദിച്ച് പൊട്ടിച്ചിരിക്കാന്‍ ആരും ഇല്ലാതായി. നടന്ന വഴികളെപ്പറ്റി, കട്ടുപറിച്ച പൂക്കളെപ്പറ്റി, ഇടിവെട്ടിയപ്പോള്‍ പേടിച്ചോടിയതിനെപ്പറ്റി, നീന്തുമ്പോള്‍ മഴവെള്ളം പുറത്തും മുഖത്തും വീഴുമ്പോഴുള്ള അനുഭൂതിയെപ്പറ്റി ആരോട് പറയും, ആരൊത്ത് ചിരിക്കും?
വാര്‍ധക്യത്തിന്റെ ഒറ്റപ്പെടല്‍ ഇതാണ്. പൂര്‍വാനുഭവങ്ങള്‍ പങ്കുവെച്ച് ചിരിക്കാന്‍ ആരുമില്ലാതാകുക? ഡെസ്ക്കിന്റെ കീഴില്‍ ഒളിപ്പിച്ച് വച്ച് ക്ലാസിലിരുന്ന് വായിച്ച ബുക്കുകളെപ്പറ്റി പറയാന്‍, കിട്ടിയ അടിയോര്ത്ത് ചിരിക്കാന്‍ ആരും അവശേഷിക്കാത്ത അവസ്ഥയെയാണ് ഒറ്റപ്പെടല്‍ എന്ന് ഞാന്‍ വിശേഷിപ്പിക്കുക. ഇതേപ്പറ്റി ചിന്തിക്കാതിരിക്കാന്‍ വായനയിലോ ടിവിയിലോ അഭയം തേടാം. പക്ഷേ രാത്രികളിലെ സ്വപ്നദൃശ്യങ്ങളില്‍നിന്ന് എങ്ങനെ ഒളിച്ചോടും. ഉണരുമ്പോള്‍ അത് ഹൃദയത്തിന് നല്കുന്ന ഭാരത്തെപ്പറ്റി ആരോട് പറയും? ഞാനും ശശികലയും ഞങ്ങള്‍ രാത്രികാലങ്ങളില്‍ കണ്ടിരുന്ന സ്വപ്നങ്ങള്‍പോലും പങ്കുവച്ചിരുന്നു.
ഓണം കൂട്ടായ്മയുടെ കാലമാണ്. മലയാളിക്ക് ഗൃഹാതുരത്വത്തിന്റെ കാലമാണ്. പക്ഷേ അണുകുടുംബ വ്യവസ്ഥയില്‍ ഫ്ലാറ്റ് സംസ്ക്കാരത്തില്‍ റെസിഡന്റ്സ് അസോസിയേഷന്റെ കൂട്ടായ്മയോ ക്ലബ്ബിലെ കൂട്ടായ്മയോ അല്ലാതെ എന്ത് കൂട്ടായ്മ? ഓണക്കോടി വാങ്ങി അവധിക്കെത്തിയിരുന്ന ചേട്ടനില്ല. ഉടുപ്പിട്ട് ഒരുക്കിയിരുന്ന ചേച്ചിയില്ല.
പണ്ടൊക്കെ ഞാന്‍ പത്രങ്ങളിലെ ചരമപേജ് വായിച്ചിരുന്നു. ഞാനറിയുന്ന ആരെങ്കിലും ഞാനറിയുന്ന സ്ഥലങ്ങളില്‍ മരിച്ചിട്ടുണ്ടോ എന്നറിയാന്‍. ഞാന്‍ അറിയുന്നവര്‍ എല്ലാം പോയതോടെ ഞാന്‍ ചരമങ്ങള്‍ വായിക്കാതായി. പണ്ട് ആളുകളെ തിരിച്ചറിഞ്ഞിരുന്നത് തറവാട്ട് പേര് പറഞ്ഞാണ്. ഇന്ന് രുഗ്മിണി വിലാസമെന്നോ ലക്ഷ്മീ സദനമെന്നോ വായിക്കുമ്പോള്‍ ആരാണ് മരിച്ചതെന്നുപോലും അറിയുന്നില്ല. വര്‍ഷങ്ങള്‍ വരുത്തുന്ന മാറ്റങ്ങളില്‍ മുഖങ്ങള്‍ തിരിച്ചറിയാന്‍ സാധ്യമല്ല.
അന്ന് ഓണം പങ്കുവയ്ക്കലിന്റെയും കാലമായിരുന്നു. പണിക്കാരും പാട്ടക്കാരുമെല്ലാം ഓണത്തിനെത്തിയിരുന്ന കാലം. വീടുകളിലേക്കും പായസവും മറ്റും കൊടുത്തയച്ചിരുന്ന കാലം. അത് ഉച്ചനീചത്വത്തിന്റെ പ്രതിഫലനമായി തോന്നിയിരുന്നില്ല. അന്ന് ഓണക്കോടിയായി കുട്ടികള്‍ക്ക് ഉടുപ്പും വലിയവര്‍ക്ക് മുണ്ടുമാണ് ലഭിച്ചിരുന്നത്. ഇന്ന് ബ്രാന്‍ഡഡ് ഡ്രസ്സുകളും ഏറ്റവും പുതിയ മാതൃകയിലുള്ള ചെരുപ്പുകളും എല്ലാമാണ് ഓണക്കോടി.
ഇന്ന് ഓണം കമ്പോളവല്ക്കരിക്കപ്പെട്ടു. പരസ്യങ്ങളില്‍ കാണുന്ന സാധനങ്ങള്‍ സ്വന്തമാക്കാന്‍ വ്യഗ്രത കാണിക്കുന്ന ഉപഭോഗത്വരയുള്ള സംസ്ഥാനമായി കേരളം മാറിയപ്പോള്‍ മറുനാട്ടില്‍നിന്നും വരുന്ന വഴിയോര കച്ചവടക്കാര്‍ക്കുപോലും ലാഭക്കൊയ്ത്താണ്. ഒരുതരത്തില്‍ നോക്കിയാല്‍ ഇന്ന് മലയാളി ഓണം പങ്കിടുന്നത്, ഓണാഘോഷം തരപ്പെടുത്തുന്നത് മറുനാടന്‍ ദയാവായ്പില്‍ കൂടെയാണ്. അതാണ് എനിക്ക് ജീവിതത്തോട് വിരസത തോന്നാന്‍ ഒരു കാരണം. ഏകാന്തത ഹൃദയത്തിന്റെ ഭാഗമാകുമ്പോള്‍ ലോകവും സംസ്ക്കാരവും ജീവിതശൈലിയും മാറുമ്പോള്‍ ഈ പരിചയമില്ലാത്ത ലോകത്ത് എന്തിനിങ്ങനെ ജീവിക്കണം?
ഒാണനാളുകളില്‍ വരേണ്ട ചിന്തയല്ലിത്. പക്ഷേ ഓണത്തിന്റെ അര്‍ത്ഥം നഷ്ടമാകുന്നവരുടെ ഗൃഹാതുരത്വത്തിന്റെ അനന്തരഫലമാണിത്.
ലീലാ മേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: