മെക്സിക്കോ: മെക്സിക്കോയുടെ വടക്കന്‍ മേഖലയായ മോണ്ടറേയിലുള്ള ഒരു ഉല്ലാസ കേന്ദ്രത്തിന് നേര്‍ക്ക് നടന്ന സായുധ ആക്രമണത്തില്‍ അന്‍പതിലേറെപ്പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നൂറുകണക്കിനാളുകള്‍ ഒത്തുകൂടിയിരുന്ന ചൂതാട്ടകേന്ദ്രത്തിലേക്ക് അതിക്രമിച്ചെത്തിയ ആയുധധാരികള്‍ വെടിയുതിര്‍ത്തതിനുശേഷം കെട്ടിടത്തിന് തീകൊളുത്തുകയായിരുന്നു. തീയിലും പുകയിലും പെട്ടാണ് കൂടുതലാളുകളും കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.
മയക്കുമരുന്ന് മാഫിയ സംഘങ്ങള്‍ തമ്മില്‍ നിരന്തരം ഏറ്റുമുട്ടലുകള്‍ നടക്കാറുള്ള മെക്സിക്കോയില്‍ ചൂതാട്ട കേന്ദ്രങ്ങള്‍ക്ക് നേരെയും ആക്രമണങ്ങളുണ്ടാകാറുണ്ട്. പ്രസിഡന്റ് ഫെലിപ്പ് കാല്‍ഡഗോണ്‍ ഇത്തരം മാഫിയകള്‍ക്കെതിരെ കര്‍ശന നിലപാടുകള്‍ സ്വീകരിച്ചതിനുശേഷം രാജ്യത്തുണ്ടാകുന്ന ഏറ്റവും ഭയാനകമായ ആക്രമണമാണിതെന്ന് കണക്കാക്കപ്പെടുന്നു. ഇതിനിടയില്‍ കാല്ഡറോണ് സംഭവത്തെ ശക്തമായി അപലപിച്ചു. സംസ്കാരശൂന്യവും അത്യന്തം ഭീകരവുമായ ആക്രമണമാണ് നിരപരാധികള്‍ക്ക് നേര്‍ക്കുണ്ടായതെന്ന് അദ്ദേഹം തന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കി. ആക്രമണമഴിച്ചുവിടുന്ന മാഫിയാ സംഘങ്ങളെ കര്‍ശനമായി അമര്‍ച്ച ചെയ്യുമെന്നും കാല്‍ഡഗോണ്‍ വ്യക്തമാക്കി. മെക്സിക്കോയിലെ മൂന്ന് വന്‍നഗരങ്ങളിലൊന്നായ മോണ്ടറേയില് നടന്ന ഇത്തരമൊരാക്രമണം അത്യന്തം ഗൗരവമുള്ളതാണെന്നും മയക്കുമരുന്ന് മാഫിയാ സംഘങ്ങളുടെ കുടിപ്പക അക്രമത്തിന് വഴിവെച്ചതാവാമെന്നും പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. അന്പത്തിമൂന്നു പേര് മരിച്ചതായി സ്ഥിരീകരിച്ചതായും അക്രമികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചുകഴിഞ്ഞതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
ലാറ്റിന്‍ അമേരിക്കന്‍ നാടുകളിലെ സമാധാന പ്രദേശങ്ങളിലൊന്നായിരുന്ന മൊണ്ടഗേയില് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അധോലോക സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ സാധാരണയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ മയക്കുമരുന്ന് മാഫിയ വിരുദ്ധ പോരാട്ടം ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം ചൂതാട്ടകേന്ദ്രത്തിന്റെ എമര്‍ജന്‍സി വാതിലുകള്‍ അടച്ചതിന് ശേഷമാണ് അക്രമികള്‍ തീകൊളുത്തിയതെന്നും കയ്യില്‍ കരുതിയിരുന്ന ദ്രാവക ഇന്ധനം ഒഴിച്ചാണ് ഇവര്‍ തീ കൊളുത്തിയതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സ്പാനിഷ് മാധ്യമങ്ങള്‍ പുറത്തുവിട്ടു. കനത്ത പുകപടലത്താല്‍ മൂടപ്പെട്ട കെട്ടിടത്തിന് വെളിയില്‍ ദുരന്തത്തിനിരയായവരുടെ ബന്ധുക്കള്‍ കൂട്ടംകൂടി നിന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: