തൃശൂര്‍: കടല്‍കൊള്ളക്കാര്‍ റാഞ്ചിയ കപ്പല്‍ മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നു. എണ്ണയുടെ വില കണക്കാക്കിയാണ് മോചനദ്രവ്യത്തെക്കുറിച്ച് കൊള്ളക്കാര്‍ നിര്‍ദ്ദേശം വയ്ക്കുന്നത്. കപ്പലിപ്പോള് സൊമാലിയന്‍ തീരത്താണ്. ഒമാനിലെ ഷിപ്പിംഗ് കമ്പനിയാണ് കടല്‍ക്കൊള്ളക്കാരുമായി ബന്ധപ്പെടുന്നത്. കഴിഞ്ഞ 20നാണ് മുംബൈയില്‍ നിന്ന് പോയ എംബി ഫെയര്‍ കം ബോഗി എന്ന എണ്ണടാങ്കര്‍ സൊമാലിയന്‍ കൊള്ളക്കാര്‍ ഒമാന്‍ തീരത്തുവച്ച് റാഞ്ചിയത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരാണ് കപ്പലിലുള്ളത്. കപ്പലിലെ ഇലക്ട്രീഷ്യനായ തളിക്കുളം എരണേഴത്ത് കിഴക്കൂട്ടയില്‍ രോഹിത് (25) ഇന്നലെ രാത്രി 10.30ന് വീട്ടിലേക്ക് ഫോണ്‍ ചെയ്തിരുന്നു. ക ഴിഞ്ഞ 22ന് രാവിലേയും രോ ഹിത് വീട്ടിലേക്ക് വിളിച്ചിരുന്നു.
കൊള്ളക്കാര്‍ ഉപദ്രവിച്ചിട്ടില്ലെന്നും വെള്ളവും ഭക്ഷണവും ലഭിക്കുന്നുണ്ടെന്നും സുഹൃത്തുക്കളെപോലെയാണവര് പെരുമാറുന്നതെന്നും ആശങ്കപ്പെടാനില്ലെന്നും രോഹിത് അമ്മ ജലജയോട് പറഞ്ഞു. മകന്റെ ശബ്ദം കേട്ടതോടെ അമ്മയ്ക്കും ബന്ധുക്കള്‍ക്കും തെല്ല് ആശ്വാസമായിട്ടുണ്ട്. എന്നാല്‍ മോചനത്തിന് ഇനിയും മാസങ്ങളെടുത്തേക്കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: