ന്യൂദല്‍ഹി: തന്റെ ജീവിതം ഹോമിക്കേണ്ടിവന്നാലും അഴിമതിവിരുദ്ധ ബില്ലിലെ വ്യവസ്ഥകള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നതുവരെ നിരാഹാരം തുടരുമെന്ന് രാംലീല മൈതാനത്തെ ആയിരക്കണക്കിന് അനുയായികളെ സാക്ഷിനിര്‍ത്തി അണ്ണാ ഹസാരെ പ്രഖ്യാപിച്ചു. തന്റെ മുഴുവന്‍ ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിക്കുന്നതുവരെ വിട്ടുകൊടുക്കില്ല. മരിച്ചാലും പ്രശ്നമില്ല. ജീവിതാന്ത്യത്തോളം എന്റെ സമരം തുടരും, ഹസാരെ പറഞ്ഞു.
ഒമ്പതാം ദിവസവും നിരാഹാരം തുടരുന്ന ഹസാരെയോട് സംസാരം നിയന്ത്രിക്കാനും ദ്രവങ്ങള്‍ ഞരമ്പിലൂടെ സ്വീകരിക്കാനും തയ്യാറാവണമെന്നും ഡോക്ടര്‍മാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു.
എന്നാല്‍ തനിക്ക് ചുറ്റുംകൂടിയ ആളുകളില്‍നിന്ന് ഊര്‍ജം ലഭിക്കുന്നതായി അദ്ദേഹം അറിയിച്ചു. എന്റെ ഭാരം ആറുകിലോ കുറഞ്ഞിട്ടുണ്ടെങ്കിലും ജനങ്ങളില്‍നിന്നുള്ള ഊര്‍ജം ലഭിക്കുന്നതായി ഹസാരെ വെളിപ്പെടുത്തി. ഗ്രാമങ്ങളിലേക്കും അഴിമതി വ്യാപിച്ചുവെന്ന് 74കാരനായ ഹസാരെ തുറന്നടിച്ചു.
തങ്ങളുടെ കാര്യങ്ങള്‍ നടന്നുകിട്ടാന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കേണ്ട ഗതികേടിലാണ് ദരിദ്രരായ ഗ്രാമീണ ജനങ്ങളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: