ഹൈദരാബാദ്: മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.രാജശേഖരറെഡ്ഡിയുടെ മകനായ വൈ.എസ്.ജഗന്മോഹന് റെഡ്ഡിക്കെതിരായ സിബിഐ കേസില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എംപി മെകാപാട്ടി രാജ്മോഹന്‍ റെഡ്ഡി ഇന്നലെ രാജിവെച്ചു. നെല്ലൂര്‍ ജില്ലയിലെ പാര്‍ലമെന്റംഗമായ രാജ്മോഹന്‍ റെഡ്ഡി ലോക്സഭാ സ്പീക്കര്‍ മീരാ കുമാറിനാണ് രാജി സമര്‍പ്പിച്ചത്. അന്കാപ്പള്ളിയില് നിന്നുള്ള സബ്ബം ഹരി എന്ന എംപി കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ രാജിവെക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തവണത്തേത് തന്റെ അവസാനത്തെ പാര്‍ലമെന്റ് സമ്മേളനമായിരിക്കുമെന്ന് ഹരി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. മറ്റൊരു പാര്‍ലമെന്റംഗം കൂടി ഒരാഴ്ചക്കുള്ളില്‍ രാജിവെക്കാന്‍ സാധ്യതയുണ്ടെന്നും അയാള്‍ പറഞ്ഞു.
ജഗനുമായി രാജ്മോഹനും ഹരിക്കും ഉറ്റബന്ധമാണുള്ളത്. വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കടപ്പയില്‍നിന്നുള്ള നേതാവാണ് ജഗന് എന്നറിയപ്പെടുന്ന ജഗന്മോഹന് റെഡ്ഡി. ഭരണകക്ഷിയായ കോണ്‍ഗ്രസില്‍നിന്ന് 26 എംഎല്‍എമാരാണ് രാജി സമര്‍പ്പിച്ചിരിക്കുന്നത്. മൊത്തം 29 എംഎല്‍എമാര്‍ അന്തരിച്ച മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയെ അപമാനിക്കാനുള്ള ഗൂഢാലോചനക്കെതിരെ രാജി സമര്‍പ്പിച്ചിട്ടുണ്ട്.
2009 ല്‍ ഒരു ഹെലിക്കോപ്ടര്‍ അപകടത്തില്‍ രാജശേഖര റെഡ്ഡി കൊല്ലപ്പെട്ടശേഷം എല്ലാ പാര്‍ലമെന്റംഗങ്ങളും നിയമസഭാ സാമാജികരും ജഗനെ മുഖ്യമന്ത്രിയാക്കാനുള്ള അപേക്ഷ നേതൃത്വത്തിന് നല്‍കിയിരുന്നുവെങ്കിലും അത് നടപ്പിലാക്കിയില്ല. ആന്ധ്രാപ്രദേശ് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടില്ലെങ്കിലും സിബിഐ വൈ.എസ്.രാജശേഖര റെഡ്ഡിയുടെ പേര് മനഃപൂര്‍വം പ്രഥമവിവര റിപ്പോര്‍ട്ടില്‍ ചേര്‍ക്കുകയായിരുന്നുവെന്ന് ജഗന് കുറ്റപ്പെടുത്തി.
വൈ.എസ്.രാജശേഖര റെഡ്ഡിയുമായി ഗൂഢാലോചന നടത്തി തങ്ങളുടെ ബിസിനസില്‍ മുതല്‍മുടക്കിയ കമ്പനികള്‍ക്ക് അന്യായമായ സഹായങ്ങള്‍ ചെയ്തുകൊടുത്തുവെന്നാണ് ജഗനും മറ്റ് 71 പേര്‍ക്കുമെതിരായ സിബിഐയുടെ ആരോപണം. കോണ്‍ഗ്രസ് പാര്‍ട്ടി വിടാനുള്ള മന്ത്രവാദമാണ് ജഗനെതിരെയുള്ള സിബിഐ അന്വേഷണമെന്ന് രാജ്മോഹന്‍ പറഞ്ഞു. ജനങ്ങള്‍ ജഗന് നിരുപാധിക പിന്തുണ നല്കുന്നതിനാല് ഈ ഗൂഢാലോചനകളൊന്നും വിജയിക്കുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: