ഉത്തരകാശി: പര്‍വത സംസ്ഥാനങ്ങളായ ഉത്തരാഞ്ചലിലും ഹിമാചല്‍ പ്രദേശിലും ഈയാഴ്ച പെയ്ത കനത്ത മഴ ജനജീവിതത്തെ സാരമായി ബാധിച്ചു. സംസ്ഥാനത്തിന്റെ സിരകള്‍ പോലെ പ്രവര്‍ത്തിക്കുന്ന റോഡുകളില്‍ മലയിടിച്ചിലുണ്ടായതുമൂലം കുളിരു തേടിയെത്തിയ സഞ്ചാരികള്‍ പലയിടത്തും യാത്രചെയ്യാനാവാതെ കുടുങ്ങി. ഉത്തരാഞ്ചലിനെ ഗംഗോത്രിയും യമുനോത്രിയുമായി ബന്ധിപ്പിക്കുന്ന എന്‍എച്ച് 108 ല്‍ പല സ്ഥലത്തും പാറകള്വീണ് ഗതാഗതം തടസപ്പെട്ടു. കാലാവസ്ഥ മോശമായതിനാല്‍ കുളു താഴ്വരയിലേക്കുള്ള ഗതാഗതം തകരാറിലാവുകയും ഈ സുഖവാസകേന്ദ്രം ഒറ്റപ്പെടുകയും ചെയ്തു.
ഉത്തരാഖണ്ഡിലെ ഗ്രാമങ്ങള്‍ പ്രായോഗികമായി പരസ്പരം ബന്ധപ്പെടാന്‍ കഴിയാത്ത ദ്വീപുകള്‍പോലെയാണ്. പല സ്ഥലത്തും പാതകള്‍ ഇടിഞ്ഞ് ഗതാഗതതടസമുണ്ടായി. തിരക്കുള്ളവര്‍ക്ക് 30 ഉം 40 ഉം കിലോമീറ്ററുകള്‍ നടക്കുകയല്ലാതെ മറ്റ് ഗതിയുണ്ടായിരുന്നില്ല. ഒറ്റപ്പെട്ടുപോയ വിനോദസഞ്ചാരികള്‍ക്ക് അടുത്ത നഗരത്തിലെ സങ്കേതത്തിലെത്താന്‍ 12 മണിക്കൂര്‍ നടക്കേണ്ടിവന്നു. തേഹ്രി ഗര്‍വാള്‍ ജില്ലയിലെ ചാബിയക്കും ചിന്യാലി സൗദിനുമിടക്കുള്ള 65 കിലോമീറ്റര്‍ പാതയില്‍ 59 സ്ഥലത്ത് റോഡുകള്‍ ഒലിച്ചുപോയി. കുറെക്കാലത്തേക്ക് തങ്ങള്‍ ഒറ്റപ്പെട്ടുപോകുമോ എന്ന് ഇവിടത്തെ താമസക്കാര്‍പോലും ഭയപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: