കൊച്ചി: കാതികൂടം ഗ്രാമത്തേയും ചാലക്കുടി പുഴയേയും മലിനമാക്കുന്ന എന്‍ജിഐഎല്‍ കമ്പനിയുടെ പനമ്പിള്ളി ഹെഡ് ഓഫീസിലേക്ക് ഐക്യദാര്‍ഢ്യ സമിതി പ്രവര്‍ത്തകരും കാതികൂടം സമരസമിതി പ്രവര്‍ത്തകരും പ്രതിഷേധ പ്രകടനം നടത്തി.
1979-ല്‍ സ്ഥാപിതമായ കമ്പനി 120 ടണ്‍ എല്ല് അസംസ്കൃത വസ്തുവായി ഒരു ദിവസം ഉപയോഗിക്കുന്നു. ഹൈഡ്രോ ക്ലോറിക് ആസിഡില്‍ എല്ല് സംസ്കരിക്കപ്പെടുമ്പോള്‍ കാത്സ്യവും ഫോസ്ഫേറ്റും ആഗിരണം ചെയ്യപ്പെടുന്നു. ബാക്കി വരുന്ന ഓസ്മിയം വീണ്ടും സംസ്കരിച്ചാണ് ജലാറ്റിന്‍ ഉണ്ടാക്കുന്നത്. എല്ല് ജലം ഉപയോഗിച്ച് കഴുകി വൃത്തിയാക്കുമ്പോള്‍ ഏതാണ്ട് 60 ടണ്‍ മാലിന്യങ്ങള്‍ ഒരു ദിവസം കമ്പനി പുറന്തള്ളുന്നു. ഗ്രീസ് പോലെ വഴുവഴുപ്പുള്ള ഖരമാലിന്യം പുഴവെള്ളത്തിന്റെ പിഎച്ച് മൂല്യം കുറച്ച് ജലം ആസിഡാക്കി മാറ്റുന്നു. ജൈവവളമാണെന്ന പേരില്‍ തൃശൂര്‍, എറണാകുളം, പാലക്കാട് തുടങ്ങിയ ജില്ലകളിലും വ്യാപകമായി നിക്ഷേപിച്ചുവരുന്നു. കാതികൂടം നിവാസികള്‍ക്ക് ക്യാന്‍സര്‍, ത്വക്ക്രോഗങ്ങള്‍, ആസ്ത്മ തുടങ്ങിയ അസുഖങ്ങള്‍ പിടിപെടുകയും പരിസ്ഥിതി മലിനീകരണം മൂലം ജീവിതം ദുസ്സഹമായ സാഹചര്യത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിലും ഗവണ്മെന്റിലും പരാതികള്‍ സമര്‍പ്പിച്ചെങ്കിലും പരിഹാരം ഇല്ലാത്ത സാഹചര്യത്തിലാണ് സമരരംഗത്ത് എത്തിച്ചേര്‍ന്നതെന്ന് ഭാരവാഹികള്‍ പറയുന്നു.
യോഗം പ്രൊഫ. സാറാ ജോസഫ് ഉദ്ഘാടനം ചെയ്തു. സി.ആര്. നീലകണ്ഠന് അധ്യക്ഷത വഹിച്ചു. ഡോ. സി.എം. ജോയി, അഡ്വ. തുഷാര്‍ നിര്‍മ്മല്‍ സാരഥി, യേശുദാസ് വരാപ്പുഴ, അനില്‍കുമാര്‍, ഷെര്‍ളി, പി.ജെ. മാനുവല്‍, പുരുഷന് ഏലൂര്‍, വി.സി. ജെന്നി, ഡോ. ഹരി, അഡ്വ. ജോഷി ജേക്കബ്, എം.എന്‍. ഗിരി, ഫാ. അഗസ്റ്റിന് വട്ടോളി, കുരുവിള മാത്യൂസ്, ഏലൂര്‍ ഗോപിനാഥ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: