പേര്സോണെ എന്ന ലാറ്റിന്‍ വാക്കില്‍ നിന്നാണ് പേഴ്സണാലിറ്റി എന്ന വാക്കിന്റെ ഉത്ഭവം. തെറ്റിദ്ധരിപ്പിക്കുന്നത്, മൂടുപടം എന്നൊക്കെയാണ് ഈ വാക്കിനര്‍ത്ഥം. അര്‍ത്ഥം പോലെതന്നെയാണ് അതിന്റെ ഉള്ളടക്കവും. കൃത്രി മമായ ഒരു ആവരണമാണ് അത്. യാഥാര്‍ത്ഥ്യവുമായി അതിന് ബന്ധമില്ല. ബാഹ്യമായ ഒരു നിര്‍മ്മിതിയാണത്. ഏതെങ്കിലും ആവശ്യത്തിനായി സ്വയമോ സമൂഹത്തിന്റെ പ്രേരണയാലോ എടുത്തണിയുന്ന ഒരു കുപ്പായം. ഇതാണ് വ്യക്തിത്വവികസനം എന്ന പേരില്‍ ഇവിടെ അക്കാദമികളും അനുബന്ധ സ്ഥാപനങ്ങളും വ്യക്തികളിലേക്ക് പകര്‍ന്നു നല്‍കുന്നത്.
ആധുനിക ജീവിതത്തിന് അത്യന്താപേക്ഷിതമായ ഒരു ഘടകമായി ഈ യാന്ത്രികവ്യക്തിത്വം മാറിയിരിക്കുന്നു. പുതിയ ഒരു ഉത്പന്നത്തെ മാര്‍ക്കറ്റു ചെയ്യുവാന്‍ ആവശ്യമായ ഒരു ഭാഷയും ആവിഷ്ക്കാരരീതിയുമായാണ് അത് നമുക്കുമുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. വേഷത്തിലും ഭാഷയിലും കാട്ടുന്ന ഈ അദ്ധ്യാരോപത്തിന് മനുഷ്യന്റെ യഥാര്‍ത്ഥ സത്തയുമായി യാതൊരു ബന്ധവുമില്ല. നില്ക്കുന്നതും ഇരിക്കുന്നതും നടക്കുന്നതും ചിരിക്കുന്നതും അഭിവാദനം ചെയ്യുന്നതും എങ്ങനെയാണെന്ന് അത് പഠിപ്പിക്കുന്നു. കമ്പനി എക്സിക്യുട്ടീവുകളിലും മാനേജര്‍മാരിലും എല്ലാം ഈ ട്രയിന്ഡ് പേഴ്സണാലിറ്റി നമുക്ക് കണ്ടെത്താം. എന്നാല്‍ ഇവരുടെയൊക്കെ യഥാര്‍ത്ഥവ്യക്തിത്വം ജീവിതത്തിന്റെ സന്നിഗ്ധ ഘട്ടങ്ങളില്‍ മാത്രമാണ് മറനീക്കി പുറത്തുവരുന്നത്. ഇവര്‍ നേരിടുന്ന സാഹസികവും അപകടകരവുമായ ഒരു സാഹചര്യത്തെ പരിശോധിച്ചാല്‍ നമുക്കിത് മനസ്സിലാകും. വടിവൊത്ത ഭാഷയും ഇസ്തിരിയിട്ട വേഷവും പുഞ്ചിരിയുമെല്ലാം മറന്ന് എങ്ങനെയും ഒന്നു രക്ഷപ്പെട്ടാല്‍ മതിയെന്ന ചിന്തയില്‍ ഓരോരുത്തരും ചെയ്തുകൂട്ടുന്ന കാര്യങ്ങള്‍ അവരുടെ വ്യക്തിവൈശിഷ്ട്യത്തെയാണ് വെളിവാക്കുന്നത്. ഇത്തരം ഘട്ടങ്ങളില്‍ എന്താണോ ഒരാളില്‍ പ്രകടമാകുന്നത് അതാണ് അയാളുടെ യഥാര്‍ത്ഥ വ്യക്തിഘടന. ഇതിനെ വ്യക്തിവൈശിഷ്ട്യം എന്നു പറയാം. ഇതാവട്ടെ ഒരാളുടെ ഉള്ളില്‍ ഉളവാകുന്നതാണ്. അത് ആന്തരികതയുടെ പ്രകാശമാണ്. അത് കൈവരുത്തുവാനുള്ള ശിക്ഷണം ഒരു പഠനകേന്ദ്രം നല്‍കാനാവില്ല.
അതാണ് കവി പറഞ്ഞത്-
‘തന്നതില്ലപരനുള്ളു കാട്ടുവാന്‍
ഒന്നുമേ നരനുപായമീശ്വരന്‍
ഇന്ന്ഭാഷയിതപൂര്‍ണ്ണമങ്ങഹോ
വന്നുപോംപിഴയുമര്‍ത്ഥശങ്കയാല്‍’
വ്യക്തിയുടെ യഥാര്‍ത്ഥ സത്തയെ ദ്യോതിപ്പിക്കാന്‍ ഭാഷപോലും അശക്തമായിരിക്കുന്നു. അഥവാ ഭാഷയിലൂടെ വിനിമയം ചെയ്യാമെന്നു കരുതിയാലും ശരിയായ അര്‍ത്ഥത്തില്‍ അത് സ്വീകരിക്കപ്പെടണമെന്നുമില്ല. ഇവിടെയാണ് ബുദ്ധി ഹൃദയത്തിന് വഴിമാറുന്നത്. വ്യക്തിവൈശിഷ്ട്യം ഭാഷകൊണ്ടുള്ള അധരവ്യായാമമല്ല. ആത്മാവുകള്‍ തമ്മിലുള്ള മൂകമായ വിനിമയമാണത്. ഇത് അറിയുന്നവന് ുലൃ്ിമഹശ്യേ ഉണ്ടാവില്ല അവന്റെ ചിരി അധരത്തിന്റെ വിടരലല്ല ഉള്ളത്തിന്റെ ഉണരലാണ്. ബാഹ്യമായ വേഷവിധാനങ്ങള്‍ അവനെ സ്വാധീനിക്കുന്നതില്‍ പരാജയപ്പെടുന്നു. ആന്തരികമായ പ്രകാശമാണ് അവനെ ചൂഴ്ന്നു നില്‍ക്കുന്നത്. ഈ പ്രകാശത്തിന്റെ പ്രായോഗികതയാണ് സൂര്യയോഗ്. ഉള്ളിലൂള്ള ആത്മസൂര്യനെ ജ്വലിപ്പിക്കുവാന്‍ അതിലൂടെ സാധിക്കുന്നു. സമൂഹനിര്‍മ്മിതവും യാന്ത്രികവുമായ എല്ലാ വ്യക്തിത്വത്തില്‍ നിന്നും അത് മനുഷ്യനെ മുക്തമാക്കുന്നു. അങ്ങനെ വ്യക്തിവൈശിഷ്ട്യത്തിന്റെ ഔന്നത്ത്യത്തിലേക്ക് മനുഷ്യന് ഉയരാനാവുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: