ന്യൂദല്‍ഹി: ഹരിയാനയില്‍ രാജീവ്ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റിന് ഭൂമി അനുവദിച്ച പ്രശ്നം ബിജെപി ലോക്സഭയില്‍ ഉന്നയിച്ചതിനെത്തുടര്‍ന്നുണ്ടായ ബഹളത്തില്‍ സഭ സ്തംഭിച്ചു. ബിജെപി നേതാവ് രാജ്നാഥ്സിംഗാണ് വിഷയം അവതരിപ്പിച്ചത്. ബഹളംമൂലം സഭ രണ്ടുപ്രാവശ്യം നിര്‍ത്തിവെക്കേണ്ടിവന്നു. ഹരിയാനയിലെ ഗുരുഗാവ് ജില്ലയിലെ ഹവാസ് ഗ്രാമത്തിലെ കര്‍ഷകരുടെ ഒപ്പ് നിര്‍ബന്ധിതമായി വാങ്ങിയാണ് സ്ഥലം കൈക്കലാക്കിയതെന്ന് സിങ്ങ് ആരോപിച്ചു. ഹവാസ് അടക്കം 12 ഗ്രാമങ്ങള്‍ താന്‍ സന്ദര്‍ശിച്ചുവെന്നും നിര്‍ബന്ധിതമായി ഒപ്പിടുവിച്ചതാണെന്നാണ് മനസ്സിലാക്കാന്‍ സാധിച്ചതെന്നും ഇതിനെതിരെ ജുഡീഷ്യല്‍ അന്വേഷണം ആവശ്യമാണെന്നും സിങ്ങ് വിശദമാക്കി. ഇതിനിടെ ബഹളം വെച്ച കോണ്‍ഗ്രസ് അംഗങ്ങള്‍ സിംഗിനെതിരെ രംഗത്തുവന്നു. ബഹളം മൂലം സഭ നിര്‍ത്തിവെക്കുന്നതായി ഡെപ്യൂട്ടി സ്പീക്കര്‍ കരിയ മുണ്ട അറിയിച്ചു.
ഇതിനിടെ രാജീവ്ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റിന് ഭൂമി അനുവദിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലേക്കിറങ്ങി. ഭൂമി നല്‍കിയത് റദ്ദാക്കാനും കര്‍ഷകരെ ദ്രോഹിക്കുന്നത് അവസാനിപ്പിക്കാനും അവര്‍ ആവശ്യപ്പെട്ടു. രാജീവ്ഗാന്ധി ട്രസ്റ്റിന് എട്ട് ഏക്കര്‍ ഭൂമി നിയമങ്ങള്‍ വളച്ചൊടിച്ച് അനുവദിച്ചതിന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഹരിയാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: