ഇസ്ലാമബാദ്: ആയുധധാരികള്‍ ലാഹോറിലെ വസതിയില്‍ നിന്ന് ഒരു അമേരിക്കന്‍ പൗരനെ തട്ടിക്കൊണ്ടുപോയതായി പോലീസ് അറിയിച്ചു. സംഭവം അമേരിക്കന്‍ നയതന്ത്രകാര്യാലയം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും തട്ടിക്കൊണ്ടുപോയ ആളുടെ വിശദാംശങ്ങള്‍ അവര്‍ വെളിപ്പെടുത്തിയില്ല.
ഗോത്രവര്‍ഗക്കാരുടെ വികസനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ജെ.ഇ. ഓസ്റ്റിന്‍ എന്ന കമ്പനിയുടെ ജോലിക്കായി അറുപതുകാരനായ ഇയാള്‍ അഞ്ച് വര്‍ഷമായി പാക്കിസ്ഥാനിലായിരുന്നുവെന്ന് പോലീസ് അറിയിച്ചതായി വാര്‍ത്താലേഖകര്‍ വ്യക്തമാക്കി. മോചനദ്രവ്യത്തിനായി പാക്കിസ്ഥാനികളെ തട്ടിക്കൊണ്ടുപോകുന്നത് പതിവാണ്. ഭീകരവാദി സംഘടനകള്‍ ചില വിദേശികളെ ഇതിനായി ലക്ഷ്യമിട്ടിട്ടുണ്ട്.
ശനിയാഴ്ച പ്രഭാതത്തില്‍ 8 പേരാണ് വീട് ആക്രമിച്ചതെന്ന് പോലീസ് അറിയിച്ചു. അമേരിക്കക്കാരന്റെ ഡ്രൈവറെ നിര്‍ബന്ധിച്ചാണ് വാതില്‍ തുറപ്പിച്ചതെന്ന് ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ സുരക്ഷ ഗാര്‍ഡുമാരെ റംസാനുള്ള ഭക്ഷണം കൊണ്ടുവരുന്ന നാട്യത്തില്‍ വാതില്‍ തുറപ്പിച്ചതാണെന്നും മറ്റു റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശിക്കുന്നു. തട്ടിക്കൊണ്ടുപോകപ്പെട്ട അമേരിക്കന്‍ പൗരന് ഇസ്ലാമബാദില്‍ താമസിച്ച് കറാച്ചിയിലേക്ക് യാത്ര ചെയ്യുകയാണ് പതിവ്. തട്ടിക്കൊണ്ടുപോയി എന്ന വസ്തുത അമേരിക്കന്‍ നയതന്ത്രകാര്യാലയത്തിലെ ആല്‍ബര്‍ട്ടോ റോഡ്രിഗ്സ് ആണ് വാര്‍ത്താ ലേഖകര്‍ക്കായി സ്ഥിരീകരിച്ചത്. സംഭവത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
കഴിഞ്ഞ മെയ് മാസത്തില്‍ ഒസാമ ബിന്‍ലാദന്റെ അബോട്ടാബാദിലുള്ള ഒളിത്താവളം അമേരിക്ക നശിപ്പിക്കുകയും ലാദനെ പിടികൂടുകയും ചെയ്തിരുന്നു. ഈ സംഭവത്തെതുടര്‍ന്ന് അമേരിക്കന്‍-പാക്കിസ്ഥാന് ബന്ധത്തില്‍ ഉലച്ചിലുണ്ടായി. സിഐഎയുടെ റേയ്മണ്ട് ഡേവിസ് തന്നെ കൊള്ളയടിക്കാന്‍ വന്ന രണ്ടുപാക്കിസ്ഥാനികളെ വെടിവെച്ചുകൊന്നത് പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കിയിരുന്നു.
പാക്കിസ്ഥാനില്‍ വിദേശികള്‍ പലപ്പോഴും തട്ടിക്കൊണ്ടുപോകപ്പെടുന്നു. കഴിഞ്ഞ ജൂലൈയില്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ സ്വിസ് ദമ്പതികളെ തട്ടിക്കൊണ്ടുപോയിരുന്നു.
2010 മാര്‍ച്ച് നാലിന് തന്റെ മുത്തശ്ശിയുടെ പഞ്ചാബ് പ്രദേശത്തുള്ള വസതി സന്ദര്‍ശിക്കാനെത്തിയ സഹില്‍ സയിദ് എന്ന 5 വയസ്സുകാരനായ ബ്രിട്ടീഷ് ബാലനേയും തട്ടിക്കൊണ്ടുപോവുകയുണ്ടായി. ഒരുലക്ഷത്തി എണ്‍പതിനായിരം അമേരിക്കന്‍ ഡോളര്‍ മോചനദ്രവ്യം നല്‍കിയശേഷമാണ് 12 ദിവസത്തിനകം കുട്ടിയെ മോചിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: