കണ്ണൂര്‍: യുഡിഎഫ് നയിക്കുന്ന കേരളത്തിലെ ഗവണ്മെന്റ് ആരോപണ വിധേയരുടെ കൂട്ടായ്മയായി മാറിയിരിക്കുകയാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം എം.ടി.രമേശ് പറഞ്ഞു. രാജ്യത്ത് നടക്കുന്ന അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ ബിജെപി കണ്ണൂര്‍ നിയോജക മണ്ഡലം കമ്മറ്റി സ്റ്റേഡിയം കോര്‍ണറില്‍ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തില്‍ കോണ്‍ഗ്രസ്സ് നയിക്കുന്ന യുപിഎ ഗവണ്മെന്റ് അഴിമതിയില്‍ സര്‍വകാല റെക്കോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ്. സമാനമായ സാഹചര്യമാണ് കേരളത്തിലും ഉള്ളതെന്ന് സമീപകാലത്ത് യുഡിഎഫ് മന്ത്രിസഭയിലെ മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാര്‍ക്കെതിരെ ഉയര്‍ന്നു വരുന്ന ആരോപണങ്ങളും അന്വേഷണങ്ങളും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. കേന്ദ്രത്തിലും കേരളത്തിലും മാത്രമല്ല, കോണ്‍ഗ്രസ്സ് ഭരിക്കുന്ന ഒട്ടുമിക്ക സംസ്ഥാനങ്ങളിലും അഴിമതി സാര്‍വത്രികമായിരിക്കുകയാണ്. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമിതിയില്‍ ഡല്‍ഹിയിലെ കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിക്കെതിരെ ആരോപണമുയര്‍ന്നിരിക്കുകയാണ്. എന്നാല്‍ കര്‍ണാടകയില്‍ യെദ്യൂരപ്പ കാണിച്ച ധാര്‍മ്മികതയും ആത്മാര്‍ത്ഥതയും കാണിക്കാന്‍ കേന്ദ്ര സര്‍ക്കാറോ ഇതര കോണ്‍ഗ്രസ്സ് ഗവണ്മെന്റുകളോ തയ്യാറാകുന്നില്ല. രാജ്യത്തെ അഴിമതിയില്ലാത്തതും വാഗ്ദാനങ്ങള്‍ പാലിക്കുന്നതുമായ സര്‍ക്കാറുകള്‍ ബിജെപി സര്‍ക്കാറുകളാണ്. അദ്ദേഹം പറഞ്ഞു.
ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണം എല്‍ഡിഎഫ് ഭരണകാലത്ത് അട്ടിമറിക്കപ്പെട്ടു. കോടിയേരിയുടെ വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്കി. സിപിഎമ്മും കോണ്‍ഗ്രസ്സും അഴിമതിക്കാര്യത്തില്‍ എല്ലാകാലത്തും ഒത്തുകളിക്കുയായിരുന്നുവെന്നതിന് ഇത് വ്യക്തമായ തെളിവാണ്. ലോകായുക്ത റിപ്പോര്‍ട്ടിന്റെ പേരില്‍ രാജ്യത്ത് ഇന്നുവരെ ഒരു മന്ത്രിസഭയും രാജിവെച്ചിട്ടില്ല. രാഷ്ട്രീയ മര്യാദയുടെയും ധാര്‍മ്മികതയുടെയും പേരിലാണ് യദ്യൂരപ്പ രാജിവെച്ചത്. പ്രധാനമന്ത്രിയടക്കം സംശയത്തിന്റെ നിഴലിലാണ്. ധാര്‍മ്മികതയുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ രാജിവെച്ച് പുറത്തു പോകേണ്ടതാണ്. നിസ്സംഗനായ മന്‍മോഹന്‍സിംഗ് ആരെയാണ് സംരക്ഷിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും കൊള്ളക്കാരുടെ കൂട്ടായ്മയായി കേന്ദ്ര സര്‍ക്കാര്‍ മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കാസര്‍കോട് കഴിഞ്ഞ വര്‍ഷം മുസ്ലീം ലീഗ് നടത്തിയ അക്രമം ആസൂത്രിതവും മലബാറിലാകെ കലാപം വ്യാപിപ്പിക്കാനുമുള്ളതായിരുന്നുവെന്ന് കമ്മീഷന് മുമ്പാകെ പോലീസ് ഉദ്യോഗസ്ഥര്‍ കൊടുത്ത മൊഴി പുറത്തു വന്നതോടെ വ്യക്തമായിരിക്കുകയാണ്. ഇന്നത്തെ മന്ത്രിസഭയിലെ ചില അംഗങ്ങള്‍ നേരിട്ട് നേതൃത്വം കൊടുത്ത അക്രമമായിരുന്നു അവിടെ നടന്നത്. ഇക്കാര്യങ്ങള്‍ അക്രമം നടന്ന അന്നുതന്നെ ബിജെപി ഉന്നയിച്ചതാണ്. പോലീസുദ്യോഗസ്ഥരുടെ മൊഴി ലീഗ് നേതാക്കള്‍ക്കെതിരാകും എന്ന ഘട്ടത്തിലാണ് ജുഡീഷ്യല്‍ കമ്മീഷനെ യുഡിഎഫ് സര്‍ക്കാര്‍ പിരിച്ചു വിട്ടത്. ലീഗ് നേതാക്കളെ രക്ഷപ്പെടുത്താന്‍ സര്‍ക്കാര്‍ ബോധപൂര്‍വ്വം കമ്മീഷനെ പിരിച്ചു വിടുകയായിരുന്നു. ഇത് പ്രതിഷേധാര്‍ഹമാണ്. കലാപത്തിന് മസ്ലീം തീവ്രവാദ സംഘടനകള്‍ എവിടെയെല്ലാം ശ്രമിച്ചിട്ടുണ്ടോ അവിടെയെല്ലാം ഇവര്‍ക്ക് മുസ്ലീം ലീഗ് നേതൃത്വം അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. കാസര്‍കോട് സംഭവത്തില്‍ നിന്ന് ലീഗ് നേതൃത്വത്തിന് ഒഴിഞ്ഞുമാറാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ മണ്ഡലം പ്രസിഡണ്ട് ടി.സി.മനോജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം എം.കെ.ശശീന്ദ്രന് മാസ്റ്റര്‍, ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത്, ജനറല്‍ സെക്രട്ടറി യു.ടി.ജയന്തന് എന്നിവര്‍ സംബന്ധിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി കെ.പ്രശോഭ് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: