ലണ്ടന്‍: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കലാപം കത്തിപ്പടര്‍ന്ന ലണ്ടനില്‍ ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകള്‍ നിരോധിക്കാന്‍ നീക്കം. വെബ്സൈറ്റുകള്‍ മുഖാന്തിരം കലാപകാരികള്‍ ആശയവിനിമയം നടത്താനും ആക്രമണ പദ്ധതികള്‍ തയ്യാറാക്കാനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.
പോലീസില്‍നിന്നും രഹസ്യാന്വേഷണ വിഭാഗങ്ങളില്‍നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകള്‍ തല്‍ക്കാലത്തേക്കെങ്കിലും നിരോധിക്കേണ്ടി വരുമെന്ന് കാമറൂണ്‍ പാര്‍ലമെന്റില്‍ പറഞ്ഞു. ബ്ലാക്ബെറി ഫോണുകളിലുള്ള മെസഞ്ചര്‍ സംവിധാനം കലാപകാരികള്‍ ദുരുപയോഗം ചെയ്യുന്നതായി തെളിഞ്ഞിട്ടുണ്ടെന്നും ഫേസ്ബുക്കിലും ട്വിറ്ററിലും സന്ദേശങ്ങള്‍ അയക്കുന്നവരെ രാജ്യത്ത് കര്‍ശനമായി നിരീക്ഷിച്ച് വരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തരലണ്ടനിലെ ചെറിയൊരു പ്രദേശത്ത് ആരംഭിച്ച കലാപം മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍, ബെര്മിങ്ന്ഘാം എന്നിവിടങ്ങളിലേക്ക് അതിവേഗത്തില്‍ പടരുകയായിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ എരിതീയില്‍ എണ്ണയൊഴിക്കുന്നപോലെ പ്രവര്‍ത്തിക്കുന്ന മെസഞ്ചര്‍ സംവിധാനമുള്ള വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്, കാമറൂണ്‍ പറഞ്ഞു.
എന്നാല്‍ ആശയവിനിമയത്തിനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നത് കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് വഴിവെച്ചേക്കാമെന്ന് ഓപ്പണ്‍ റൈറ്റ്സ് ട്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജിം കില്ലോക് ആശങ്കപ്പെട്ടു. സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതുമൂലം ജനങ്ങള്‍ കടുത്ത അരക്ഷിതാവസ്ഥയിലാണെന്ന കാര്യം അദ്ദേഹം ഓര്‍മിപ്പിച്ചു. ഇതോടൊപ്പം വെബ്സൈറ്റുകള്‍ നിരോധിക്കാനുള്ള പ്രധാനമന്ത്രിയുടെ പദ്ധതി ഈജിപ്ത് പ്രസിഡന്റ് ഹോസ്നി മുബാറക്കിന്റെ ഏകാധിപത്യത്തെ ഓര്‍മിപ്പിക്കുന്നുവെന്നും അഭിപ്രായമുയരുന്നുണ്ട്.
ആഗസ്റ്റ് ആറിന് ആരംഭിച്ച കലാപത്തെത്തുടര്‍ന്ന് ഇതേവരെ 1,300 ഓളം പ്രക്ഷോഭകര്‍ അറസ്റ്റിലായതായാണ് റിപ്പോര്‍ട്ട്. ഇവരില്‍ എണ്ണൂറിലേറെപ്പേര്‍ ലണ്ടനില്‍നിന്നാണ് അറസ്റ്റിലായത്. കുട്ടികളും യുവാക്കളുമടങ്ങുന്ന സംഘങ്ങളാണ് ആക്രമണത്തിന് നേതൃത്വം നല്‍കുന്നത്. മൂന്ന് ഏഷ്യന്‍ വംശജരെ കലാപകാരികള്‍ കാറിടിച്ച് കൊലപ്പെടുത്തിയിരുന്നു. മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ വാസസ്ഥലങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും കൊള്ള നടന്നിട്ടുണ്ട്. ഇതോടൊപ്പം ലണ്ടന്‍ കലാപത്തില്‍ ഗുജറാത്തികള്‍ നടത്തുന്ന പത്ത് ശതമാനം സ്ഥാപനങ്ങള്‍ക്ക് നഷ്ടം വന്നതായി റിപ്പോര്‍ട്ടുണ്ട്. ഉത്തരലണ്ടനില്‍ പോലീസ് വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ആരംഭിച്ച കലാപം ഏറെക്കുറെ നിയന്ത്രണത്തിലാക്കിയതായാണ് ഭരണകൂടം അവകാശപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: