ബീജിംഗ്: ചൈനീസ് നാവികസേനയുടെ ആദ്യത്തെ വിമാനവാഹിനി പരീക്ഷണ പ്രകടനങ്ങള്‍ ആരംഭിച്ചതായി സിന്‍ഗുവാ വാര്‍ത്താ ഏജന്‍സി അറിയിച്ചു. പഴയ സോവിയറ്റ് യൂണിയന്റെ കപ്പലില്‍ ചില മാറ്റങ്ങള്‍ വരുത്തിയതാണ് ചൈനയുടെ വിമാനവാഹിനി. ചൈനയുടെ തെക്കന്‍ സമുദ്രമേഖലകളില്‍ ധാരാളം തര്‍ക്കങ്ങള്‍ നടക്കുന്ന ഈ സന്ദര്‍ഭത്തില്‍ ഈ വിമാനവാഹിനി പുതിയ ആശങ്കകളുയര്‍ത്തുന്നു. ലിയോങ്ങ് പ്രവിശ്യയിലെ ഡാലിയന്‍ പോര്‍ട്ടില്‍നിന്നും കഴിഞ്ഞ ബുധനാഴ്ച കപ്പല്‍ പുറപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
റാഫിറ്റിങ്ങിന്റെ ഭാഗമായാണ് കപ്പലിന്റെ യാത്രയെന്ന് സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചു. വര്യാഗ് എന്ന പഴയ റഷ്യന്‍ കപ്പലാണ് ചൈനയുടെ പുതിയ വിമാനവാഹിനി. 1980ലാണ് റഷ്യ കപ്പല്‍ നിര്‍മിച്ചത്. 1991 ലെ സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം കപ്പല്‍ ഉക്രെയിനിലായിരുന്നു. സാധാരണ നിലക്ക് റഷ്യന്‍ യുദ്ധക്കപ്പലുകള്‍ പൊളിച്ചു വില്‍ക്കാറാണ് പതിവ്. പക്ഷേ ചൈനീസ് സേന ഒരു ഹോട്ടലാക്കാനാണെന്ന വ്യാജേന കപ്പല്‍ വാങ്ങുകയായിരുന്നു.
കപ്പല്‍ കെട്ടിവലിച്ച് ചൈനയിലെത്തിക്കാന്‍ വര്‍ഷങ്ങളെടുത്തു. ജൂണ്‍ മാസത്തില്‍ ചൈന അവരുടെ ആദ്യത്തെ വിമാനവാഹിനിയുടെ പണിപ്പുരയിലാണെന്ന് അറിയിച്ചിരുന്നു. പക്ഷേ ഈ കപ്പല്‍ പരിശീലനത്തിനും ഗവേഷണത്തിനും മാത്രമായി ഉപയോഗിക്കുമെന്നാണ് ചൈന വെളിപ്പെടുത്തിയത്.
വികസനത്തിന്റെ കാര്യത്തില്‍ ചൈനയുടെ പട്ടാളം അമേരിക്കയുടേതിനേക്കാള്‍ 20 വര്‍ഷം പുറകിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയുടെ ആയുധങ്ങളോട് കിടപിടിക്കുന്നവക്കായി ചൈന പരിശ്രമിക്കുന്നുവെന്നാണ് പറയപ്പെടുന്നത്.
ചൈനീസ് സേന അന്തര്‍വാഹിനികള്‍ക്കായാണ് കൂടുതല്‍ പണം ചെലവിടുന്നത്. 1500 കിലോമീറ്ററുകള്‍ അകലെയുള്ള വിമാനവാഹിനികളെപ്പോലും തകര്ക്കാന്കഴിവുള്ള മിസെയിലുകള്‍ ചൈനയുടെ പക്കലുണ്ട്. ഇതുകൂടാതെ അത്യാധുനികമായ വിമാനങ്ങളും ചരക്ക് വിമാനങ്ങളും റഷ്യയുടെ സഹായത്തോടെ അവര്‍ കൈക്കലാക്കിയിരിക്കുന്നു. ഇവയെല്ലാം അമേരിക്കന്‍ സൈനിക താവളങ്ങളെ ആക്രമിക്കാന്‍ കഴിയുന്നവയാണ്. കൂടാതെ അമേരിക്കന്‍ കപ്പലുകളെയും ലക്ഷ്യമാക്കാം. ഇതുമൂലം ചൈനയുടെ തീരങ്ങളില്‍ അമേരിക്കന്‍ വിമാനങ്ങള്‍ക്ക് സ്വൈരവിഹാരം നടത്താന്‍ കഴിയില്ല. ചൈനയുടെ ആയുധശേഖരങ്ങള്‍ തങ്ങളെ അലോസരപ്പെടുത്തുന്നതായി കഴിഞ്ഞ ദിവസം അമേരിക്ക ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: