കൊച്ചി: നഗരത്തില്‍ വിവിധ സ്ഥലങ്ങളിലായി നടക്കുന്ന പുസ്തകമേളകളില്‍ പുസ്തകപ്രേമികളുടെ വന്‍തിരക്ക്. ആദ്ധ്യാത്മിക പുസ്തകങ്ങള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതലെന്ന് സംഘാടകര്‍ പറയുന്നു. വ്യക്തിത്വവികാസത്തിനും പോസിറ്റീവ് ചിന്തകള്‍ക്കും ഉതകുന്ന പുതിയതലമുറ പുസ്തകങ്ങള്‍ക്കും നല്ല ഡിമാന്റുണ്ട്. എന്‍ബിഎസ്, ഡിസി, മാതൃഭൂമി എന്നീ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിലാണ് പുസ്തകമേളകള്‍ നടക്കുന്നത്.
എന്‍ബിഎസിന്റെ മറൈന്‍ ഡ്രൈവ് കേന്ദ്രത്തില്‍ നടക്കുന്ന ഓണം പുസ്തകോത്സവം പ്രൊഫ.എം.കെ.സാനു ഉദ്ഘാടനം ചെയ്തു. പി.പ്രകാശ്, ടി.പി.വേണുഗോപാല്‍, കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പുസ്തകങ്ങള്‍ക്ക് 10 ശതമാനം മുതല്‍ 50 ശതമാനം വരെ വിലക്കിഴിവ് നല്‍കുന്നുണ്ട്. 500 രൂപയ്ക്ക് മുകളില്‍ പുസ്തകം വാങ്ങുന്നവര്‍ക്ക് വെള്ളിയാഴ്ച തോറും നറുക്കെടുപ്പ് നടത്തി മൂന്നുപേര്‍ക്ക് 1000 രൂപ വീതം മുഖവിലയുള്ള പുസ്തകങ്ങള്‍ നല്കുന്ന പദ്ധതിയും പുസ്തകോത്സവത്തിലുണ്ട്. 600 രൂപ വിലയില്‍ മഹാഭാരതം, അദ്ധ്യാത്മരാമായണം എന്നീ ഗ്രന്ഥങ്ങള്‍ വാങ്ങുമ്പോള്‍ 400 രൂപ മുഖവിലയുള്ള ശ്രീമഹാഭാഗവതം സൗജന്യമായി പുസ്തകമേളയില്‍ ലഭിക്കും. 4000ത്തിലധികം ടൈറ്റിലുള്ള എന്‍ബിഎസിന്റെ ഗ്രന്ഥങ്ങള്‍ കൂടാതെ മറ്റു പ്രസാധകരുടെ പുസ്തകങ്ങളും ഇവിടെ ലഭിക്കും.
ടൗണ്‍ഹാളില്‍ നടക്കുന്ന മാതൃഭൂമി പുസ്തകോത്സവത്തില്‍ മലയാളം, ഇംഗ്ലീഷ് ഭാഷകളിലായി നിരവധി പ്രസാധകരുടെ പുസ്തകങ്ങള്‍ ലഭിക്കുന്നു. ആദ്ധ്യാത്മിക ഗ്രന്ഥങ്ങളാണ് കൂടുതല്‍ വിറ്റഴിയുന്നത്. ആരോഗ്യം, കഥ, നോവല്‍ വിഭാഗങ്ങളിലെ പുസ്തകങ്ങള്‍ക്കും ആവശ്യക്കാരേറെയുണ്ട്. കുട്ടികള്‍ക്കുള്ള പുസ്തകങ്ങളുടെ വലിയശേഖരം മേളയുടെ പ്രത്യേകതയാണ്. ഇംഗ്ലീഷ് വിഭാഗത്തില്‍ ചേതന്‍ ഭഗതിന്റെ ടു സ്റ്റേറ്റ്സ്, രശ്മിബന്സാലിന്റെ ഐഹാവ് എ ഡ്രീം, ഡാന്‍ബ്രൗണിന്റെ എയ്ഞ്ചല്‍ ആന്റ് ഡമണ്‍സ്, ഡിജിറ്റല്‍ ഫോര്‍ട്രസ് തുടങ്ങിയ ഗ്രന്ഥങ്ങള്‍ക്ക് നല്ല വില്പനയുണ്ട്. 1975ല്‍ നടന്ന അഗ്നിഹോത്രത്തെ സംബന്ധിച്ച് ഫ്രിട്സ് സ്റ്റാള്‍, സി.വി.സോമയാജിപ്പാട്, എം.ഇട്ടിരവി എന്നിവരുമായി ചേര്‍ന്ന് എഴുതിയ അഗ്നി, ദ വേദിക് റിച്വല്‍ ഓഫ് ദ ഫയര്‍ അല്‍ത്താര്‍ എന്ന 5000 രൂപ വിലയുള്ള മനോഹരമായ ഗ്രന്ഥം പുസ്തകമേളയുടെ ആകര്‍ഷണമാണ്. ദ ഭഗവദ്ഗീത, റോയല്‍ സയന്‍സ് ഓഫ് ഗോഡ് റിയലൈസേഷന് എന്ന ശ്രീപരമഹംസയോഗാനന്ദയുടെ പ്രദഢഗ്രന്ഥവും മേളയിലുണ്ട്. മേള 15ന് സമാപിക്കും. ഇംഗ്ലീഷ് പുസ്തകങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്തുകൊണ്ട് ഡിസി-പെന്‍ ഗ്വിന് പുസ്തകമേള നഗരത്തിലെ വിവിധ ഡിസി ബുക്സ് ശാഖകളിലായി നടക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: