ഗുരുവായൂര്‍ : ക്ഷേത്രസുരക്ഷയും വികസനവും സംബന്ധിച്ച് 1994ല്‍ കോടതി നിയോഗിച്ച ജസ്റ്റിസ് കൃഷ്ണനുണ്ണി കമ്മീഷന് റിപ്പോര്‍ട്ട് പ്രകാരം ക്ഷേത്രത്തിന് നൂറ് മീറ്റര്‍ ചുറ്റളവില്‍ ഭൂമി ഏറ്റെടുക്കുന്നതിന് ഉത്തരവായിട്ട് 18 വര്‍ഷം പിന്നിട്ടിട്ടും നടപടികള്‍ എങ്ങുമെത്താത്തത് ദുരൂഹതയുണര്‍ത്തുന്നു. ഇതിന്റെ പിന്നില്‍ സ്ഥലമെടുപ്പ് തടയാന്‍ രാഷ്ട്രീയ നീക്കം നടത്തുന്നതാണെന്നും സംശയമുയര്‍ത്തി. കമ്മീഷന്റെ റിപ്പോര്‍ട്ട് നടപ്പിലാക്കാനുള്ള ബാധ്യത സര്‍ക്കാരിനായിരിക്കെ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സര്‍ക്കാര്‍ ഒഴിഞ്ഞുമാറുകയാണ്.
ഇതേതുടര്‍ന്ന് പൊതു പ്രവര്‍ത്തകരായ കെ.ജി.സുകുമാരന്‍ മാസ്റ്റര്‍, സേതു തിരുവെങ്കിടം, ഗുരുവായൂര്‍ ദേവസ്വം എംപ്ലോയീസ് അസോസിയേഷന് തുടങ്ങിയവര്‍ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും നല്കിയ ഹര്‍ജിയുടെ ഫലമായി ഭൂമി ഏറ്റെടുക്കല്‍ നടപടി ത്വരിതപ്പെടുത്താന്‍ കോടതികള്‍ നിര്‍ദ്ദേശിച്ചെങ്കിലും ഇതും നടപ്പിലായില്ല. 25 മീറ്റര്‍ ചുറ്റളവില്‍ സ്ഥലം എടുക്കുന്നതിനുള്ള എണ്‍പത് ശതമാനം നടപടികള്‍ പൂര്‍ത്തിയായപ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പത്തുമീറ്റര്‍ സ്ഥലമെടുത്താല്‍ മതിയെന്ന് തീരുമാനിച്ച് കോടതി വിധിക്കെതിരെ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും റിവ്യൂഹര്‍ജി നല്‍കിയെങ്കിലും ഇത് തള്ളിപ്പോവുകയായിരുന്നു. ഇതേതുടര്‍ന്ന് 2006ല്‍ 25 മീറ്റര്‍ ചുറ്റളവില്‍ സ്ഥലമെടുത്തു.
സര്‍ക്കാര്‍ തീരുമാനം മൂലം ദേവസ്വത്തിനും സര്‍ക്കാരിനും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. സര്‍ക്കാരിന്റെ സാമ്പത്തിക സഹായമില്ലാതിരിക്കെ പൊതുസ്ഥാപനങ്ങളായ പോലീസ് സ്റ്റേഷന്, ഫയര്‍ സ്റ്റേഷന് എന്നിവക്ക് ദേവസ്വം പൊന്നുംവിലക്കെടുത്ത ഭൂമി നല്കാന് സര്‍ക്കാര്‍ ഉത്തരവിട്ടതും ക്ഷേത്രസ്വത്ത് അനധികൃതമായി കയ്യേറുന്നതിന്റെ ഭാഗമാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതിനെതിരെ ഹിന്ദു ഐക്യവേദി അടക്കമുള്ള സംഘടനകള്‍ നിരവധി പ്രക്ഷോഭങ്ങള്‍ നടത്തിവരികയാണ്.
നൂറുമീറ്റര്‍ ചുറ്റളവില്‍ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ നാളിതുവരെയായിട്ടും പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. സര്‍ക്കാരിന്റേയും പ്രാദേശിക ഭരണകൂടത്തിന്റേയും പൊതുആവശ്യങ്ങള്‍ക്കുള്ള പരോക്ഷ സാമ്പത്തിക സ്രോതസ്സായി ദേവസ്വം ഫണ്ട് ഉപയോഗപ്പെടുത്തുന്ന നടപടികളാണ് തുടരുന്നത്. കെഎസ്ഇബിക്ക് പാട്ടത്തിന് സ്ഥലം, പോലീസ് സ്റ്റേഷന്, ഫയര്‍ സ്റ്റേഷന്, കെ.ടി.ഡി.സി. കോഫിഹൗസ്, പോലീസ് താമസം എന്നിവക്കായി വിട്ടുകൊടുത്തതുമൂലം പ്രതിമാസം 73000രൂപയുടെ നഷ്ടമാണ് ദേവസ്വത്തിനുള്ളത്. ശുദ്ധജലപദ്ധതിക്ക് മുനിസിപ്പാലിറ്റിക്ക് ദേവസ്വത്തിന്റെ വിഹിതമായി 78ലക്ഷം രൂപ അടച്ചപ്പോള്‍ ഇനി ബാക്കി 78ലക്ഷം രൂപ അടക്കണമെന്നാണ് നഗരസഭ ആവശ്യപ്പെട്ടിരിക്കുന്നത്.
നൂറുമീറ്റര്‍ ചുറ്റളവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെതിരെ വിധിയുണ്ടായിട്ടും ഇതെല്ലാം ലംഘിച്ചുകൊണ്ട് ഫ്ലാറ്റുകളുടെ നിര്‍മാണം ഈ മേഖലയില്‍ നടന്നിട്ടുണ്ട്. ദേവസ്വം പുനരധിവാസത്തിന് പതിമൂന്നര ഏക്കര്‍ അക്വയര്‍ ചെയ്തിരുന്നുവെങ്കിലും 25മീറ്റര്‍ സ്ഥലത്തുനിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് പുനരധിവാസ സ്ഥലം നല്‍കിയിരുന്നില്ല. കിഴക്കേനട വികസനത്തിന്റെ ഭാഗമായി സ്ഥലമെടുപ്പിന് ഭരണസമിതി തീരുമാനിച്ചപ്പോഴാണ് ക്ഷേത്രസുരക്ഷക്ക് ഭീഷണിയാകും വിധം ഏറ്റെടുക്കല്‍ നടപടി അട്ടിമറിക്കാനായി വികസനത്തിന്റെ പേരില്‍ ചില സംഘടിതശക്തികള്‍ പ്രതിഷേധ പ്രതീതിയുണ്ടാക്കി രംഗത്തുവന്നത്. ഇതേതുടര്‍ന്ന് രണ്ട് കമ്മറ്റികള്‍ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു.
ഗുരുവായൂര്‍ ക്ഷേത്രം സ്ഥലമെടുപ്പ് അട്ടിമറിക്കുന്നതിന് പിന്നില്‍ രാഷ്ട്രീയക്കാരുടേയും ഫ്ലാറ്റ് നിര്‍മ്മാതാക്കളുടേയും കൈകളാണെന്ന ആരോപണം ശക്തമായിരിക്കുകയാണ്. ഫ്ലാറ്റ് നിര്‍മ്മാതാക്കളും ഫ്ലാറ്റ് വാങ്ങുന്നവരും ഹവാല പണമിടപാടുകളിലെ കണ്ണികളാണെന്നും സംശയമുണ്ട്. ഇവരുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷണവിധേയമാക്കണമെന്നും ഭക്തജനങ്ങള്‍ ആവശ്യപ്പെടുന്നു. സ്ഥലം നഷ്ടപ്പെട്ടവരും ഭൂമി ഏറ്റെടുക്കലിനെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും നിരവധി ഹര്‍ജികള്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നല്‍കിയതില്‍ ക്ഷേത്രസുരക്ഷക്ക് നൂറു മീറ്റര്‍ ചുറ്റളവില്‍ സ്ഥലമെടുപ്പ് ഉടനെതന്നെ നടപ്പിലാക്കണമെന്നുള്ള വിധി മാനിച്ച് ഭൂമിയേറ്റെടുക്കല്‍ അടിയന്തരമായി വേണമെന്ന് ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടു.
കെ.ജി.രാധാകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: