വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ യുദ്ധ ഹെലികോപ്റ്റര്‍ തകര്‍ന്ന് മുപ്പത്തിയൊന്ന് യുഎസ് സൈനികര്‍ മരിക്കാനിടയായതിനെക്കുറിച്ച് നാറ്റോ സഖ്യസേന അന്വേഷണം ആരംഭിച്ചു. താലിബാന് ശക്തികേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തി മടങ്ങുകയായിരുന്ന ഹെലികോപ്റ്റര്‍ ഉത്തര അഫ്ഗാനിലെ വര്‍ദാക് പ്രവിശ്യയില്‍ തകര്‍ന്നു വീഴുകയായിരുന്നു. താലിബാന് റോക്കറ്റ് ആക്രമണത്തിലൂടെ ഹെലികോപ്റ്റര്‍ തകര്‍ക്കുകയായിരുന്നുവെന്നാണ് സേനയുടെ പ്രാഥമിക നിഗമനം.
നാറ്റോ നേതൃത്വം നല്കുന്ന സുരക്ഷാസേന (ഐഎസ്എഎഫ്)യും, പെന്റഗണും സംയുക്തമായാണ് അപകടത്തെക്കുറിച്ച് അന്വേഷണം നടത്തുന്നത്. 2001 ല്‍ ആരംഭിച്ച അഫ്ഗാന് അധിനിവേശത്തിനിടയില്‍ ഇതാദ്യമായാണ് ഇത്രയധികം യുഎസ് സൈനികര്‍ ഒരേ ദിവസം കൊല്ലപ്പെടുന്നത്. ഇക്കാരണത്താല്‍ അമേരിക്ക ദുരന്തത്തെ അത്യധികം ഗൗരവപരമായാണ് കണക്കാക്കിയിട്ടുള്ളത്. ഇതോടൊപ്പം തങ്ങള്‍ യുഎസ് ഹെലികോപ്റ്റര്‍ വെടിവെച്ചിടുകയായിരുന്നുവെന്ന വാദവുമായി താലിബാന് നേതൃത്വവും രംഗത്തെത്തിയിരുന്നു. ഹെലികോപ്റ്ററിന് നേര്‍ക്ക് നടത്തിയ ആക്രമണത്തിനിടയില്‍ എട്ടു താലിബാന് ഭീകരര്‍ കൊല്ലപ്പെട്ടുവെന്നും ഇവര്‍ അവകാശപ്പെട്ടിരുന്നു. യുഎസ് സൈനികരെക്കൂടാതെ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഏഴ് അഫ്ഗാന് സൈനികരും അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. അഫ്ഗാന് സേനയ്ക്ക് അധികാരം കൈമാറാനുള്ള നടപടിക്രമങ്ങള്‍ യുഎസ് പൂര്‍ത്തിയാക്കിയിട്ട് രണ്ടാഴ്ച പിന്നിട്ട സാഹചര്യത്തിലാണ് താലിബാന് നാറ്റോയ്ക്കെതിരെ ശക്തമായ തിരിച്ചടി നടത്തിയത്. 2014 ഓടുകൂടി അഫ്ഗാനില്‍നിന്നും പൂര്‍ണമായി പിന്മാറാനുള്ള ശ്രമങ്ങള്‍ യുഎസ് സേന തുടങ്ങിവെച്ച സാഹചര്യത്തില്‍ താലിബാന് കനത്ത ആക്രമണങ്ങളഴിച്ചു വിടുന്നത് അത്യന്തം അപകടകരമാണെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
സയദ് അബാദ് ജില്ലയിലെ ഒരു ഗ്രാമത്തിന് മീതെ പറക്കുകയായിരുന്ന ചിനൂക് ഹെലികോപ്റ്ററുകളിലൊന്ന് ഒരു താലിബാന് കമാന്‍ഡറുടെ വസതിയ്ക്ക് സമീപം താണുവന്നിറങ്ങിയെന്നും എന്നാല്‍ ഇതിനിടെ വെടിവെപ്പുണ്ടായതോടെ വീണ്ടും പറന്നുയരാനുള്ള ശ്രമത്തിനിടെ താഴെ വീണു തകരുകയായിരുന്നുവെന്നും ഗ്രാമവാസികള്‍ വെളിപ്പെടുത്തിയതായി ഒരു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതുപ്രകാരം അപകടം നടന്ന സ്ഥലത്തുനിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പെന്റഗണ്‍. ഇതോടൊപ്പം അഫ്ഗാന് പ്രസിഡന്റ് ഹമീദ് കര്‍സായി യുഎസ് പ്രസിഡന്റ് ബരാക് ഒബാമയെ അനുശോചനം അറിയിച്ചിട്ടുണ്ട്. ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടവര്‍ രാജ്യത്തിന്റെ യശ്ശസ്സുയര്‍ത്തിയ ധീരന്മാരാണെന്നും ഇവരുടെ വിയോഗത്തെത്തുടര്‍ന്നുണ്ടായ ദുഃഖം രേഖപ്പെടുത്തുവാന്‍ വാക്കുകള്‍ അപര്യാപ്തമാണെന്നും നാറ്റോ സുരക്ഷാ സേനയുടെ ചുമതലയുള്ള ജനറല്‍ ജോണ്‍ അലന് അഭിപ്രായപ്പെട്ടു. ഇതിനിടെ ഒബാമ ബിന്‍ലാദന്റെ വധത്തിനായി രൂപപ്പെടുത്തിയ സേനാ വിഭാഗമായ സീല്‍ടീം 6 ലെ ചില അംഗങ്ങളും കൊല്ലപ്പെട്ടവരിലുള്പ്പെടുന്നതായി സൂചനയുണ്ട്. എന്നാല്‍ ലാദനെ വധിച്ച ഓപ്പറേഷന് അബോട്ടാബാദില്‍ ഇവര്‍ പങ്കെടുത്തിരുന്നില്ലെന്നാണ് വിവരം. അഫ്ഗാനിലെ ചുമതലകള്‍ പൂര്‍ത്തിയാക്കാന്‍ യുഎസ് സേന ബാധ്യസ്ഥമാണെന്നും താലിബാന്റെ അക്രമ നടപടികള്‍ക്ക് സേനയെ പിന്തിരിപ്പിക്കാനാകില്ലെന്നും യുഎസ് പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ സംഭവത്തില്‍ അനുശോചിച്ചുകൊണ്ട് പുറത്തിറക്കിയ പ്രസ്താവന പറയുന്നു. കൊല്ലപ്പെട്ട യുഎസ് സൈനികരുടേയും അഫ്ഗാന് പട്ടാളക്കാരുടേയും കുടുംബാംഗങ്ങളോട് വൈറ്റ് ഹൗസ് അനുശോചനമറിയിച്ചിട്ടുണ്ട്.
അഫ്ഗാനില്‍ ഇതിനുമുന്‍പും നിരവധി യുദ്ധ ഹെലികോപ്റ്ററുകള്‍ അപകടത്തില്‍ പെട്ടിട്ടുണ്ട്. 2005 ഏപ്രിലില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് പതിനഞ്ചും അതേ വര്‍ഷം ജൂണില്‍ പതിനേഴും യുഎസ് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഈ വര്‍ഷം 374 ഓളം സൈനികര്‍ അഫ്ഗാനില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇവരില്‍ മൂന്നില്‍ രണ്ടോളം പേര് യുഎസ് സൈനികരാണ്. ഇതിനിടെ നാറ്റോ ആക്രമണങ്ങളില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നതിനെച്ചൊല്ലി അഫ്ഗാന് സര്‍ക്കാരും യുഎസുമായി അഭിപ്രായ ഭിന്നതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: