ചെങ്ങന്നൂര്‍: ശബരിമല വലിയ തന്ത്രി താഴമണ്‍മഠം കണ്ഠര് മഹേശ്വരര് ശതാഭിഷിക്തനായി. കര്‍ക്കിടകത്തിലെ പുണര്‍തം നാളില്‍ ജനിച്ച വലിയ തന്ത്രിയുടെ 84-ാം പിറന്നാള്‍ ദിനമായിരുന്നു ഇന്നലെ. താഴമണ്‍ മഠത്തിലും കുടുംബക്ഷേത്രത്തിലുമായി നടന്ന ചടങ്ങില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ നൂറുകണക്കിന് അയ്യപ്പ ഭക്തര്‍ പങ്കെടുത്തു.
അയ്യപ്പനെയും, ഗണപതിയെയും പ്രതിഷ്ഠിച്ചിരിക്കുന്ന കുടുംബക്ഷേത്രത്തില്‍ പുലര്‍ച്ചെ നാലിന് ആലുവ തന്ത്രവിദ്യാപീഠം ജനറല്‍ സെക്രട്ടറി മുല്ലപ്പള്ളി കൃഷ്ണന് നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍, ഗണപതിഹോമത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്ന് മൃതസഞ്ജീവനി ഹോമം, ആയുസൂക്തഹോമം, മഹാമൃത്യുഞ്ജയഹോമം എന്നിവ നടന്നു. ഈസമയം ക്ഷേത്രത്തിലെ നമസ്കാരമണ്ഡപത്തില്‍ ബഹ്മകലശത്തിനു മുന്പില് എ.ടി.നാരായണന് നമ്പൂതിരിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട വേദവിദ്യാലയത്തില്‍ നിന്നുള്ള 18 വിദ്യാര്‍ഥികള്‍ യജൂര്‍വേദ സൂക്തം ചൊല്ലി.
തുടര്‍ന്ന് ബ്രഹ്മകലശത്തിനു മുന്പില് തൊഴുകൈകളാല്‍ പത്നി ദേവകി അന്തര്‍ജനത്തോടൊപ്പം ഇരുന്ന കണ്ഠര് മഹേശ്വരര് ബ്രാഹ്മണര്‍ക്ക് ഷോഡശദാനം നടത്തി അനുഗ്രഹം നേടി. ഇതിനുശേഷം ഇരുവരെയും ഉമാമഹേശ്വര സങ്കല്‍പ്പത്തില്‍ പ്രത്യേകപൂജ നടത്തി. പുലര്‍ച്ചെ മുതല്‍ നടന്ന താന്ത്രികവും വൈദികവുമായ ചടങ്ങുകള്‍ക്ക് ശേഷം രാവിലെ 10.30ന് ശരണമന്ത്രങ്ങളാല്‍ മുഖരിതമായിരുന്ന അന്തരീക്ഷത്തില്‍ മുല്ലപ്പള്ളി കൃഷ്ണന് നമ്പൂതിരി വലിയ തന്ത്രിയെ കലശാഭിഷേകം ചെയ്തു. ശതാഭിഷിക്തനായ വലിയ തന്ത്രിക്കുവേണ്ടി വിവിധ ക്ഷേത്രങ്ങളില്‍ വിശേഷാല്‍ ഹോമപൂജകളും ആയുരാരോഗ്യസൗഖ്യത്തിനായി കുലദൈവമായ ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ പ്രത്യേക വഴിപാടുകളും നടത്തി.
കേരളത്തിനകത്തും പുറത്തുമായി 300ഓളം ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠ നടത്തിയിട്ടുള്ള ഇദ്ദേഹത്തിന് 700ഓളം ക്ഷേത്രങ്ങളില്‍ താന്ത്രികാവകാശമുണ്ട്. നിരവധി വിദേശരാഷ്ട്രങ്ങളിലും അയ്യപ്പ പ്രതിഷ്ഠ നടത്തിയിട്ടുള്ള ഇദ്ദേഹത്തിന്റെ ശതാഭിഷേകത്തിന് ആശംസകള്‍ നേരാനും അനുഗ്രഹം നേടാനുമായി നാടിന്റെ നാനാഭാഗത്തുനിന്നും നൂറുകണക്കിന് ഭക്തരാണ് എത്തിച്ചേര്‍ന്നത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പൊളിറ്റിക്കല്‍ സെക്രട്ടറി കെ.എസ്.വാസുദേവശര്‍മ, കൊടിക്കുന്നില്‍ സുരേഷ് എംപി, തന്ത്രിമാരായ അക്കീരമണ്‍ കാളിദാസഭട്ടതിരി, അടിമുറ്റത്ത് സുരേഷ്ഭട്ടതിരി, എന്‍എസ്എസ് രജിസ്ട്രാര്‍ കെ.എന്‍.വിശ്വനാഥ പിള്ള, താലൂക്ക് യൂണിയന് വൈസ് പ്രസിഡന്റ് പി.എന്‍.സുകുമാരപണിക്കര്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.രാജഗോപാല്‍, മെമ്പര്‍മാരായ കെ.സിസിലി, കെ.വി.പദ്മനാഭന്, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ജി.രാമന്നായര്, ചെറുകോല്‍പ്പുഴ ഹിന്ദുമഹാമണ്ഡലം പ്രസിഡന്റ് ഉപേന്ദ്രനാഥക്കുറുപ്പ്, എം.വി.ഗോപകുമാര്‍, കെ.ജി.കര്‍ത്ത, നലാന്റാഗോപാലകൃഷ്ണന് തുടങ്ങി നിരവധി പ്രമുഖര്‍ അദ്ദേഹത്തിന് ആശംസനേരാനും അനുഗ്രഹം നേടുന്നതിനുമായി എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: