പാലക്കാട്: മലമ്പുഴ ഉദ്യാനത്തില്‍ നിര്‍മാണത്തിലിരിക്കുന്ന തൂക്കുപാലം തകര്‍ന്ന് രണ്ട് തൊഴിലാളികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പാലക്കാട്ടുകാരായ ശിവന്, ശിവദാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോയമ്പത്തൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചക്ക് ഒന്നിനാണ് പാലം തകര്‍ന്നത്. പാലത്തിന്റെ ഏറ്റവും മുകളില്‍ റോപ്പ് കെട്ടുമ്പോഴാണ് പാലം പൊട്ടിവീണ് രണ്ടുപേരും 50 അടി താഴ്ചയുള്ള കനാലിലേക്ക് വീണത്. ഉടന്‍ തന്നെ സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികള്‍ ഓടിയെത്തി ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. പാലത്തിന്റെ തൂണുകളായി സ്ഥാപിച്ചിരുന്ന ഇരുമ്പ് കമ്പികള്‍ മറിഞ്ഞതാണ് അപകടകാരണമെന്ന് കുരുതുന്നു.
മലമ്പുഴ ഉദ്യാനനവീകരണത്തിന്റെ ഭാഗമായാണ് 30 ലക്ഷം രൂപ ചിലവില്‍ പഴയ തൂക്കുപാലത്തിന് സമാന്തരമായി പുതിയ തൂക്കുപാലം നിര്‍മിക്കുന്നത്. ഒന്നരമാസം മുമ്പ് തുടങ്ങിയ നിര്‍മാണപ്രവൃത്തികള്‍ അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോഴാണ് തകര്‍ച്ചയുണ്ടായിരിക്കുന്നത്. നിര്‍മാണത്തിലെ അപാകതയാണ് പാലം തകരാനിടയാക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. 26 കോടി രൂപ ചിലവില്‍ നടക്കുന്ന ഉദ്യാനനവീകരണ പ്രവര്‍ത്തികളില്‍ വന്‍ ക്രമക്കേട് നടക്കുന്നതായി നേരത്തെ ആരോപണം ഉണ്ടായിരുന്നു. ഇത് സാധൂകരിക്കുന്നതാണ് പുതിയ സംഭവം. ജലസേചനവകുപ്പ് അധികൃതര്‍, മലമ്പുഴ പോലിസ് എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: