കൊച്ചി: മോഹന്‍ലാലും മമ്മൂട്ടിയും കണക്കില്‍പ്പെടാത്ത സ്വത്ത് സമ്പാദിച്ചതായി ആദായനികുതി വകുപ്പിന്റെ വിലയിരുത്തല്‍. ഇരുവരില്‍ നിന്നും പിടിച്ചെടുത്ത രേഖകള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണ്.
മോഹന്‍ലാലിനെ തിങ്കളാഴ്ച വിശദമായി ചോദ്യം ചെയ്യും. മമ്മൂട്ടിയെ കൊച്ചിയിലെ വസതിയില്‍ വെച്ച് ആദായനികുതി വകുപ്പ് പുലര്‍ച്ചെവരെ ചോദ്യം ചെയ്തിരുന്നു. മമ്മൂട്ടിയുമായും മോഹന്‍ലാലുമായും ബന്ധപ്പെട്ട ഇരുപതോളം കേന്ദ്രങ്ങളില്‍ റെയ്ഡ് നടന്നെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഗൗരവമുള്ള കേസായതുകൊണ്ട് വരുംദിവസങ്ങളിലും റെയ്ഡുകളുണ്ടാകും. ഇവരുമായി ബന്ധപ്പെട്ടവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. പ്രാധാന്യമുള്ള കേസായതിനാല്‍ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം വാര്‍ത്താക്കുറിപ്പ് ഇറക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മോഹന്‍ലാല്‍ രാമേശ്വരത്ത് ബ്ലസിയുടെ പ്രണയം എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ്. വെള്ളിയാഴ്ച ഷൂട്ടിങ്ങിനിടയില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ലാലിനെ ചോദ്യം ചെയ്തിരുന്നു. തനിക്ക് ഉടന്‍ നാട്ടില്‍ തിരിച്ചെത്താന്‍ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം മോഹന്‍ ലാല്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ആദായനികുതി വിഷയത്തില്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തെറ്റായിട്ട് എന്തെങ്കിലും ചെയ്തതായി ബോധ്യപ്പെട്ടാല്‍ സര്‍ക്കാരിന് നടപടി എടുക്കാമെന്നും മോഹന്‍ലാല്‍ രാമേശ്വരത്ത് പറഞ്ഞു.
ലാലിന്റെ വീട്ടില്‍ ഇതുവരെ തുറന്ന് പരിശോധിക്കാത്ത രണ്ട് ലോക്കറുകളുണ്ട്. ഇത് തുറക്കാന്‍ ലാലിന്റെയോ ഭാര്യയുടെയോ വിരലടയാളം ആവശ്യമാണ്. ലാല്‍ മടങ്ങിയെത്തിയ ശേഷമായിരിക്കും ഇവ തുറന്ന് പരിശോധിക്കുക വെള്ളിയാഴ്ച നടന്ന റെയ്ഡിനിടെ വൈകുന്നേരം മമ്മൂട്ടിയില്‍ നിന്നും ആദായനികുതി വകുപ്പ് ഉദ്യോസ്ഥര്‍ മൊഴിയെടുത്തിരുന്നു. രാത്രിയോടെയാണ് ചെന്നൈയില്‍ നിന്നും മമ്മൂട്ടി കൊച്ചിയിലെത്തിയത്. മമ്മൂട്ടി ചോദ്യം ചെയ്യലിന് പൂര്‍ണമായും സഹകരിച്ചുവെന്ന് ആദായ നികുതി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
മമ്മൂട്ടിയുടെ വീട്ടിലെ ലോക്കറില്‍ നിന്നും സ്വത്തുക്കളുമായി ബന്ധപ്പെട്ട ചില രേഖകള്‍ കണ്ടെടുത്തെന്നും എന്നാല്‍ ഈ കാര്യത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഇപ്പോള്‍ നല്‍കില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബാങ്ക് അക്കൗണ്ടുകളും ഉദ്യോഗസ്ഥര്‍ പരിശോധിച്ചിട്ടുണ്ട്. മലയാളത്തിലെ രണ്ടു സൂപ്പര്‍താരങ്ങളെയും കഴിഞ്ഞ കുറേ മാസങ്ങളായി ആദായ നികുതി വകുപ്പ് നിരീക്ഷിച്ചു വരികയായിരുന്നു.
നേരത്തെ താരങ്ങള്‍ വെളിപ്പെടുത്തിയ സമ്പാദ്യത്തെയും സ്വത്തിനെയും കുറിച്ചുള്ള വിവരങ്ങളും യഥാര്‍ത്ഥ വരുമാനത്തെയും കുറിച്ച് സംശയമുണ്ടായതിനെ തുടര്‍ന്നായിരുന്നു സെക്ഷന്‍ 132 പ്രകാരമുള്ള പരിശോധന. കൊച്ചിയിലെ ഇന്‍കംടാക്സ് ഡയറക്ടര്‍ ജനറല്‍ (ഇന്‍വെസ്റ്റിഗേഷന്‍) ഇ.ടി. ലൂക്കോസിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ് ഏകോപിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: