ബദിയഡുക്ക: മകണ്റ്റെ ദുരൂഹമരണത്തിണ്റ്റെ ചുരുളഴിക്കണമെന്നാവശ്യപ്പെട്ട് മാതാവ് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പയ്ക്ക് നിവേദനം നല്കി. 2011 ജനുവരി 23ന് മംഗലാപുരം, ലേഡീസ് ക്ളബിനു സമീപത്തു മരിച്ച നിലയില്‍ കാണപ്പെട്ട് ബദിയഡുക്ക, ചൊട്ടത്തടുക്കയിലെ ഉദയ (32)ണ്റ്റെ മാതാവ് ജാനകിയാണ് നിവേദനം നല്‍കിയത്. മംഗലാപുരത്തെ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ബന്ധുവിണ്റ്റെ കൂടെ നില്ക്കാന് പോയതായിരുന്നു ഉദയന്‍. രാത്രി രോഗിക്കു പഴം വാങ്ങാനാണെന്നു പറഞ്ഞ് പുറത്തിറങ്ങിയതായിരുന്നു. അതിനുശേഷം ആശുപത്രിയില്‍ തിരിച്ചെത്തിയിരുന്നില്ല. അന്വേഷണത്തില്‍ ഉദയന്‍ വീട്ടിലും എത്തിയിരുന്നില്ലെന്നു വ്യക്തമായി. വീട്ടുകാര്‍ മൊബൈല്‍ഫോണില്‍ ബന്ധപ്പെട്ടുവെങ്കിലും വിവരമൊന്നും ലഭിച്ചില്ല. ഉദയനെ കാണാതായതിനു നാലാംനാള്‍ കന്നഡ പത്രത്തില്‍ അജ്ഞാതജഡം കണ്ടെത്തി എന്ന വാര്‍ത്തയെത്തുടര്‍ന്ന് ബന്ധുക്കള്‍ മംഗലാപുരം വെന്‍ലോക് ആശുപത്രിയിലെത്തി മൃതദേഹം പരിശോധിച്ചപ്പോഴാണ് മരിച്ചത് ഉദയനാണെന്നു വ്യക്തമായത്. ശരീരത്തിണ്റ്റെ വിവിധ ഭാഗങ്ങളില്‍ പരിക്ക് ഉണ്ടായിരുന്നു. എന്നാല്‍ എങ്ങനെയാണ് മരണം നടന്നതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി പറഞ്ഞിരുന്നില്ല. ആറുമാസം മുമ്പാണ് ഉദയന്‍ വിവാഹിതനായത്. പരേതനായ ശേഷപ്പയുടെ ഏക മകനാണ്. ഉദയണ്റ്റെ മരണത്തോടെ താന്‍ അനാഥയായിയെന്നും മരണത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും ജാനകി മുഖ്യമന്ത്രിക്കു നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: