തിരുവനന്തപുരം: പുതിയ മദ്യനയത്തിന്റെ കരട് തയാറായി. 2014ന് ശേഷം ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കില്ല. ബാറുകളുടെ പ്രവര്‍ത്തന സമയവും വെട്ടികുറയ്ക്കും. 2012 മുതല്‍ ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമായിരിക്കും ബാര്‍ ലൈസന്‍സ് അനുവദിക്കുക. 2013 മുതല്‍ ബാര്‍ ലൈസന്‍സ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തും. 2014 മുതല്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സുകള്‍ നല്കുകയില്ല.
മദ്യഉപഭോഗം കുറയ്ക്കാനായി കര്‍ശനമായ വ്യവസ്ഥകളാണ് നയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മദ്യം വില്‍ക്കുന്നതിനും വാങ്ങുന്നതിനുമുള്ള പ്രായപരിധി 18 വയസ്സില്‍ നിന്ന് 21 വയസ്സായി ഉയര്‍ത്താനും മദ്യനയം നിര്‍ദ്ദേശിച്ചിക്കുന്നു. ഒരാള്‍ക്ക് കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവ് ഒന്നര ലിറ്ററായി നിജപ്പെടുത്തി. നിലവില്‍ ഇത് മൂന്ന് ലിറ്ററാണ്.
ആരാധനലായങ്ങളില്‍ നിന്നും വിദ്യാലയങ്ങളില്‍ നിന്നും ബാര്‍ ഹോട്ടലുകളുടെ ദൂരപരിധി 200 മീറ്ററാക്കും. ദുഃഖവെള്ളിയാഴ്ച ഡ്രൈഡേ ആയി കണക്കാക്കും. ബാറുകള്‍ തമ്മിലുള്ള അകലം പഞ്ചായത്തുകളില്‍ മൂന്ന് കിലോമീറ്ററും നഗരങ്ങളില്‍ ഒരു കിലോമീറ്ററും ആക്കി മാറ്റാനും പുതിയ മദ്യനയത്തില്‍ ശുപാര്‍ശയുണ്ട്.
ബാര്‍ ഹോട്ടലുകളുടെ പ്രവര്‍ത്തനസമയം കുറയ്ക്കും. രാവിലെ ഒമ്പത് മണിയ്ക്കായിരിക്കും ബാറുകള്‍ തുറക്കുക. ഇനി മുതല്‍ കള്ളു ഷാപ്പുകള്‍ ഗ്രൂപ്പ് അടിസ്ഥാനത്തിലായിരിക്കും ലേലം ചെയ്യുക. എന്നാല്‍ തൃശൂര്‍, വൈക്കം എന്നിവിടങ്ങളില്‍ റേഞ്ച് അടിസ്ഥാനത്തില്‍ ലേലം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: