കേരളത്തിന്റെ സാമ്പത്തികരംഗം മുന്‍ഭരണം കുളമാക്കിയെന്ന് ധനമന്ത്രിയും കുളമാക്കാന്‍ പോകുന്നതേയുള്ളൂവെന്ന് മുന്‍ ധനമന്ത്രിയും പറയുന്നു. തലേന്നും പിറ്റേന്നുമായി ഇരുവരും പുറത്തിറക്കിയ ധവളപത്രമാകട്ടെ ആരാണ് കുറ്റക്കാരനെന്നറിയാതെ ജനങ്ങളെ ഇരുട്ടില്‍ തപ്പിക്കുകയും ചെയ്യുന്നു. ഇതില്‍ നിന്ന് ഒരു കാര്യം ഉറപ്പിക്കാം. കേരളത്തിന്റെ ധനസ്ഥിതി പരിതാപകരമായി തുടരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണകാലത്ത് സംസ്ഥാനത്തിന്റെ റവന്യൂ കമ്മി പരിധികടന്നതായി നിയമ സഭയില്‍ ധനമന്ത്രി കെ.എം. മാണി അവതരിപ്പിച്ച ധവളപത്രത്തില്‍ പറയുന്നുണ്ട്. ആഭ്യന്തര ഉത്പാദനത്തില്‍ കാര്‍ഷിക, കാര്‍ഷിക അനുബന്ധമേഖലയില്‍ നിന്നുള്ള വിഹിതം കുറഞ്ഞു. നടപ്പു സാമ്പത്തിക വര്‍ഷം സംസ്ഥാനത്തിന് 10,197 കോടി രൂപ ബാധ്യതയെന്ന് ധവളപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ബജറ്റിനുപുറത്തെ ബാധ്യത 5,064 കോടിരൂപ. ശമ്പള പരിഷ്കരണം നടത്താനുള്ള ബാധ്യത 4,825 കോടി രൂപ. പെന്ഷന് റിവിഷന്‍ 6,518 കോടിരൂപ അധികം ചെലവാകും. നെല്ല് സംഭരണം, വിപണി ഇടപെടല്‍ എന്നിവയ്ക്ക് 191 കോടിരൂപ ബാധ്യത. കാര്‍ഷിക കടാശ്വാസ ഇനത്തില്‍ 175 കോടി ബാധ്യത. റേഷന്‍ സ്ബസിഡിക്ക് 267 കോടി അധിക ചെലവ്.
3881.11 കോടി രൂപയാണ് ട്രഷറിയില്‍ മിച്ചമുള്ളത്. എന്നാലിതില്‍ കൂടുതലും സ്ഥിരം നിക്ഷേപമാണ്. ഇത് കണക്കിലെടുത്ത് സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടുവെന്ന് അവകാശപ്പെടാനാകില്ല. നികുതി വരുമാനത്തില്‍ കാര്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. എന്നാലിത് കാരണം വാറ്റ് സമ്പ്രദായം നടപ്പിലാക്കിയതാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വികസനേതര ചെലവുകള്‍ കുതിച്ചുയരുകയും വികസന ചെലവുകള്‍ കുറയുകയുമാണ് ചെയ്തത്. ഇത് വികസനത്തെ പ്രതികൂലമായി ബാധിച്ചു. ശമ്പളം, പെന്ഷന്, പലിശ എന്നിവയുടെ ചെലവുകളെല്ലാം ഗണ്യമായി ഉയര്‍ന്നു. ഇത് പിടിച്ചുനിര്‍ത്താന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കാര്യമായി ഒന്നും ചെയ്തില്ല. സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയെ താളം തെറ്റിക്കുന്നതാണ് ഈ ബാധ്യതകള്‍, ധവളപത്രം യഥാര്‍ത്ഥത്തില്‍ ഒരു കുറ്റപത്രമായാണ് ധനകാര്യമന്ത്രി അവതരിപ്പിച്ചിട്ടുള്ളത്.
പെന്ഷന് പരിഷ്കരണവും ജീവനക്കാരുടെ ശമ്പള പരിഷ്കരണവും സംസ്ഥാനത്തിന്റെ ധനസ്ഥിതിയില്‍ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ട്രഷറി മിച്ചം സംസ്ഥാനത്തെ സാമ്പത്തികസ്ഥിതിയുടെ സൂചനയല്ലെന്നും ധവളപത്രം പറയുന്നുണ്ട്. ശമ്പളം, പെന്ഷന്, പലിശ എന്നീ ഇനത്തില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം 19,798കോടിയാണ് ചിലവിട്ടത്. മൊത്തം റവന്യൂ ചെലവിന്റെ 63.59 ശതമാനവും വരവിന്റെ 75.83 ശതമാനവുമാണ്. ധനകാര്യമന്ത്രി പറയുന്നതിലൊന്നും കഥയില്ലെന്ന് സമര്‍ത്ഥിക്കാനാണ് മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക് ബദല്‍ ധവളപത്രം അവതരിപ്പിച്ചുകൊണ്ട് പറഞ്ഞത്. നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കാന്‍ അവസരം ലഭിക്കാത്തതിനാല്‍ സഭയ്ക്ക് വെളിയില്‍ വാര്‍ത്താ സമ്മേളനം നടത്തിക്കൊണ്ടാണ് പ്രതിപക്ഷത്തിന്റെ ധവളപത്രം പരസ്യമാക്കിയത്. നിയസഭയിലെ ധവളപത്രത്തിന് മറുപടി ധവളപത്രം സഭയില്‍ സ്ഥാനം പിടിച്ചില്ലെങ്കിലും മുന്‍ യുഡിഎഫ് ഭരണത്തിന്റെ വീഴ്ചയും ഇനി സംഭവിക്കാന്‍ പോകുന്ന കെടുകാര്യസ്ഥതയും കേരളത്തിന്റെ ധനകാര്യസ്ഥിതിയെക്കുറിച്ചുള്ള അപകടകരമായ സൂചനയാണ് ഐസക് നിരത്തിയത്. കേരളത്തിന്റെ അവസ്ഥയെക്കുറിച്ച് ബജറ്റ് അവതരിപ്പിക്കവെ ധനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ ആവര്‍ത്തനം തന്നെയാണ് ധവളപത്രത്തിലും കാണുന്നത്.
സംസ്ഥാനധനമാനേജ്മെന്റിനെ സംബന്ധിച്ച് ധനകാര്യകമ്മീഷനും ആസൂത്രണ കമ്മീഷനും ദേശീയ വികസനം ലക്ഷ്യമാക്കി രൂപീകരിച്ചിട്ടുള്ള സമിതികളുമെല്ലാം ആവര്‍ത്തിച്ചാവശ്യപ്പെടുന്നത് റവന്യൂ കമ്മി കുറയ്ക്കണമെന്നാണ് പദ്ധതിയേതര ചെലവുകള്‍ക്കായി കടംവാങ്ങുന്ന പ്രവണത കഴിവതും ഒഴിവാക്കണമെന്നാണ് നിരന്തരം നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ ആ നിര്‍ദ്ദേശങ്ങള്‍ ഗൗനിക്കാന്‍ ഇടതുഭരണമോ വലതുഭരണമോ കൂട്ടാക്കാറില്ലെന്നതാണ് വസ്തുത. അഞ്ച് വര്‍ഷം മുമ്പ് കേരളത്തിന്റെ കടബാധ്യത 45,929 കോടി രൂപയായിരുന്നെങ്കില്‍ ഈ സാമ്പത്തികവര്‍ഷം അത് 88,887 കോടി രൂപയായി വര്‍ദ്ധിച്ചിരിക്കുന്നു. 93 ശതമാനമാണ് അഞ്ചുവര്‍ഷത്തെ കടത്തിന്റെ വര്‍ദ്ധനവ്. ആഭ്യന്തര കടം 25,671 കോടിയില്‍ നിന്ന് 56,288 കോടി രൂപയായി. 119 ശതമാനമാണ് ഇക്കാര്യത്തില്‍ വര്‍ദ്ധനവുണ്ടായത്. പൊതു കടത്തിന്റെ വലുപ്പം കൂട്ടാനാണ് കഴിഞ്ഞ സര്‍ക്കാര്‍ ശ്രദ്ധിച്ചത്. കടം പെരുകുന്നതിനെതിരെ കേന്ദ്രം നല്കിയ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും കര്‍ക്കശമാക്കിയതുകൊണ്ട് മാത്രമാണ് കടത്തിന്റെ വലുപ്പം ഇത്രയുമായി ഒതുങ്ങിയത്. കടംവാങ്ങുന്നതിനെതിരെ കേന്ദ്രസര്‍ക്കാര്‍ നിബന്ധന വയ്ക്കുമ്പോള്‍ അതിനെ വിമര്‍ശിക്കാനാണ് ഇടതുമുന്നണി സര്‍ക്കാര്‍ ഔത്സുക്യം കാണിച്ചത്. സംസ്ഥാനം ഇന്ന് കടക്കെണിയിലാണെന്ന് പറഞ്ഞാല്‍ അതിലൊട്ടും അതിശയോക്തി ഇല്ല.
കടംവാങ്ങി മുന്‍ കടവും പലിശയും വീട്ടേണ്ട പരിതാപകരമായ അവസ്ഥയില്‍ കേരളം എത്തിനില്‍ക്കുകയാണ്. തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലെ കണക്കനുസരിച്ച് സാമ്പത്തിക വര്‍ഷം ആകെ വാങ്ങുന്ന വായ്പ 19,633.28 കോടി രൂപയാണ്. അതില്‍ 15,399.93 കോടിരൂപ പലിശ കൊടുക്കുവാനും കടത്തിന്റെ വാര്‍ഷിക തിരിച്ചടവിനുംവേണ്ടിയാണ് ചെലവാക്കാന്‍ നിശ്ചയിച്ചിരുന്നത്. കടം വാങ്ങാതെ മുന്‍ കടം തരിച്ചടയ്ക്കാനാവാത്ത സാഹചര്യമാണ് ഇന്നുള്ളത്. ഇതില്‍ നിന്ന് കരകയറാന്‍ ധനകാര്യ വിദഗ്ധന്മാര് ചേരിതിരിഞ്ഞ് ആരോപണപ്രത്യാരോപണങ്ങള്‍ ഉന്നയിച്ചതുകൊണ്ടായില്ല, പ്രതിവിധിയാണ് പ്രധാനം. അതിന് യുക്തവും വ്യക്തവുമായ നയവും നിലപാടുകളും അനിവാര്യമാണ്. രാഷ്ട്രീയരംഗത്തുനിന്നുതന്നെ അതിന് ക്രിയാത്മകമായ സമീപനം ഉയര്‍ന്നുവരേണ്ടതുണ്ട്. കേരളത്തിന്റെ ഭാവിക്ക് അത് ഒഴിച്ചുകൂടാനാവത്തതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: