തിരുവനന്തപുരം: തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തകരെ പാളയം എല്‍.എം.എസ് കോമ്പൗണ്ടിലെ ബിഷപ്സ് ഹൗസ് വളപ്പില്‍ വച്ച് മര്‍ദ്ദിച്ച സംഭവത്തെ കുറിച്ച് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
പ്രതിപക്ഷത്ത് നിന്നും ഇ.പി.ജയരാജന് ആണ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയത്. പോലീസും ഗുണ്ടാ മാഫിയകളും തമ്മിലുള്ള ബന്ധമാണ് ഇന്നലത്തെ സംഭവത്തിലൂടെ പുറത്തു വന്നിരിക്കുന്നതെന്ന് ഇ.പി.ജയരാജന് പറഞ്ഞു. പ്രതികള്‍ക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തി കേസെടുത്തത് ഇതിന് തെളിവാണ്.
മാധ്യമ പ്രവര്‍ത്തകരെ സര്‍ക്കാര്‍ വേട്ടയാടുകയാണെന്നും ജയരാജന് ആരോപിച്ചു. ഇതിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി സംഭവത്തെ ഗൗരവമായാണ് സര്‍ക്കാര്‍ കാണുന്നതെന്ന് വ്യക്തമാക്കി. ഇന്ത്യാവിഷന് ബ്യൂറോചീഫ് മാര്‍ഷല്‍ വി.സെബാസ്റ്റ്യനെ മര്‍ദ്ദിച്ച രണ്ട് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു. അക്രമവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ ആക്രമിച്ച കേസില്‍ 28 പേര്‍ക്കെതിരെയാണ് ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യാതൊരു പ്രകോപനവും കൂടാതെയാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം നടന്നതെന്നും, ഇക്കാര്യത്തില്‍ നിയമം അതിന്റെ വഴിക്ക് പോകുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷം ഇറങ്ങിപ്പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: