പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ചൊവ്വാഴ്ച നടത്തിയ മന്ത്രിസഭാ പുനഃസംഘടന അഴിമതി ആരോപണങ്ങളാല്‍ തീര്‍ത്തും കളങ്കിതമായ യുപിഎയുടെ പ്രതിഛായ വര്‍ധിപ്പിച്ചില്ലെന്നു മാത്രമല്ല മന്‍മോഹന്‍സിംഗ് തീര്‍ത്തും ദുര്‍ബലനും പാവ പ്രധാനമന്ത്രിയുമാണെന്ന വിശ്വാസത്തിന് അടിവരയിടുകയും ചെയ്തിരിക്കുന്നു. ദിശാബോധമില്ലാത്ത പുനഃസംഘടനയാണിത്. അഴിമതി ആരോപണവിധേയരായ മൂന്ന് മന്ത്രിമാര്‍ രാജിവെക്കേണ്ടിവന്ന പശ്ചാത്തലത്തിലാണ് യുപിഎ മന്ത്രിസഭയുടെ രണ്ടാമത്തെ പുനഃസംഘടന ഉണ്ടായത്. വളരെയധികം പ്രതീക്ഷകളോടെയാണ് രാജ്യം പുനഃസംഘടനയെ കാത്തിരുന്നത്. ധനം, വിദേശം, ആഭ്യന്തരം, പ്രതിരോധം എന്നീ വകുപ്പുകളില്‍പോലും ഇളക്കിപ്രതിഷ്ഠ പ്രതീക്ഷിച്ചിരുന്നു. പക്ഷെ തീര്‍ത്തും നിരാശാജനകമായ പുനഃസംഘടന അഴിമതി ആരോപിതരെ നിലനിര്‍ത്തി എന്നുമാത്രമല്ല, ഭരണസാമര്ത്ഥ്യമുള്ളവരെ ഉള്‍പ്പെടുത്താനോ വകുപ്പുകള്ക്കനുയോജ്യനായ മന്ത്രിയെ കണ്ടെത്താനോപോലും സഹായകമായില്ല. യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ലഭിക്കുമെന്ന് വിശ്വസിച്ചവരെ അമ്പരപ്പിച്ച് മന്ത്രിസഭയുടെ ശരാശരി പ്രായം 50 എന്ന നിലയിലായി എന്നു മാത്രമല്ല ജയന്തിനടരാജനൊഴികെ ഒരു വനിതയെയും വനിതാസംവരണം കൊണ്ടുവരുമെന്ന് പറയുന്ന യുപിഎ ഉള്‍പ്പെടുത്തിയില്ല. സ്വന്തം മന്ത്രിസഭാംഗങ്ങളെപ്പോലും നിരാശപ്പെടുത്തി എന്ന് വ്യക്തമാക്കുന്നതാണ് ഗുരുദാസ് കാമത്തിന്റെ രാജി.
2 ജി സ്പെക്ട്രം അഴിമതിയില്‍ ഡിഎംകെ മന്ത്രിമാരായ എ. രാജക്കും ദയാനിധിമാരനും രാജിവെച്ചൊഴിയേണ്ടിവന്നു. ആരോപണവിധേയനായ മുരളി ദിയോറയും രാജിവെച്ചു. പക്ഷെ 2 ജി സ്പെക്ട്രം അഴിമതിയുടെ കരിനിഴല്‍ വീണ ചിദംബരത്തിനാകട്ടെ റിലയന്‍സിനെ പ്രീണിപ്പിച്ച് അഴിമതി നടത്തിയ, 2 ജി സ്പെക്ട്രം അഴിമതിയില്‍ സിഎജി റിപ്പോര്‍ട്ട് തള്ളിപ്പറഞ്ഞ കപില്‍ സിബലിനാകട്ടെ ഈ പുനഃസംഘടനയില്‍ ഒരു പോറല്‍പോലും ഏറ്റില്ല എന്ന വസ്തുത തെളിയിക്കുന്നത് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ നിസ്സഹായാവസ്ഥയാണ്. സര്‍ക്കാരിന്റെ മുഖം മിനുക്കിയ കസേരകളിയായി പുനഃസംഘടന മാറിയപ്പോള്‍ അഴിമതിക്കാരെ സംരക്ഷിക്കുന്ന പ്രധാനമന്ത്രിയാണ് മന്‍മോഹന്‍സിംഗ് എന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാകുകയാണ്. പുനഃസംഘടനയില്‍ ഏഴുപേരെ പുറത്താക്കി എട്ടുപേരെ എടുത്തപ്പോള്‍ ആദര്‍ശ് കുംഭകോണത്തില്‍പ്പെട്ട വിലാസ്റാവു ദേശ്മുഖ് തുടരുന്നു. രാഷ്ട്രീയചലനങ്ങള്‍ പ്രതീക്ഷിച്ചാകാം തെരഞ്ഞെടുപ്പ് അടുത്തുവരുന്ന യുപിയില്‍നിന്ന് ബേനിപ്രസാദ് വര്‍മ്മയെ എടുത്തതും തിളക്കുന്ന തെലുങ്കാന രാഷ്ട്രീയം തണുപ്പിക്കാന്‍ കൃഷ്ണചന്ദ്രദേവിനെ ഉള്‍പ്പെടുത്തിയതും.
ഡിഎംകെക്കുവേണ്ടി രണ്ട് സീറ്റുകള്‍ ഒഴിച്ചിട്ടിരിക്കുന്നു എന്നു മാത്രമല്ല റെയില്‍വേ വകുപ്പ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്വന്തമാക്കിയിരിക്കുന്നു. പ്രധാനമന്ത്രിയെ ധിക്കരിച്ച് റെയില്‍വേ അപകടസ്ഥലം സന്ദര്‍ശിക്കാന്‍ വിസമ്മതിച്ച മന്ത്രിയെപ്പോലും പുറത്താക്കാന്‍ ധൈര്യപ്പെടാത്ത വകുപ്പുമാറ്റം മാത്രമാണ് ഉണ്ടായത്.
ജയ്റാം രമേശിനെ പരിസ്ഥിതി മന്ത്രാലയത്തില്‍നിന്നും മാറ്റിയത് കോര്‍പ്പറേറ്റ്-ഭൂമി മാഫിയാ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണെന്ന ആരോപണവും ഉയരുന്നു. കോണ്‍ഗ്രസ് വക്താവായിരുന്ന ജയന്തി നടരാജനെ പരിസ്ഥിതിമന്ത്രിയാക്കിയത് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വഴങ്ങും എന്ന വിശ്വാസത്തിലാണ്. വനം, പരിസ്ഥിതി മന്ത്രിയായിരിക്കെ ജയ്റാം രമേശിന്റെ പല ഉറച്ച നിലപാടുകളും യുപിഎയെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. കാബിനറ്റ് റാങ്ക് നല്കി മന്ത്രിയാക്കുമ്പോഴും ഗ്രാമവികസനവകുപ്പിലും ജയറാം രമേശ് തന്റെ തനതായ ശൈലി തുടരും എന്നുറപ്പാണ്. വീരപ്പ മൊയ്ലിയുടെ സ്ഥാനചലനം അദ്ദേഹത്തിന്റെ ഭരണത്തില്‍ പല നിയമയുദ്ധങ്ങളിലും യുപിഎക്കും പരാജയം ഏറ്റുവാങ്ങേണ്ടിവന്ന സാഹചര്യത്തിലാണ്. സത്യപ്രതിജ്ഞക്കുശേഷം ജയറാം രമേശും വീരപ്പമൊയ്ലിയും തങ്ങളുടെ വകുപ്പില്‍ സന്തുഷ്ടരാണെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. കേരളത്തിന് ഈ പുനഃസംഘടന പ്രതീക്ഷിച്ചത്ര ഗുണം ചെയ്തില്ല.
അഞ്ച് മന്ത്രിസ്ഥാനത്തിന് വേണ്ടി സമ്മര്‍ദ്ദം ചെലുത്തുന്ന മുസ്ലീംലീഗിനെ തൃപ്തിപ്പെടുത്താന്‍ ഇ. അഹമ്മദിന് ക്യാബിനറ്റ് റാങ്ക് നല്‍കും എന്നും പ്രതീക്ഷിച്ചിരുന്നെങ്കിലും മാനവവിഭവശേഷി വകുപ്പിന്റെ അധികച്ചുമതല ഏറ്റെടുത്ത് തൃപ്തിപ്പെടേണ്ടിവന്നിരിക്കുന്നു. തന്റെ പുത്രന് ജോസ് കെ. മാണിക്ക് സഹമന്ത്രിസ്ഥാനം ലഭിക്കുമെന്ന കെ.എം. മാണിയുടെ മോഹവും പൊലിഞ്ഞിരിക്കുകയാണ്.എല്ലാംകൊണ്ടും നിരാശാജനകമായ പുനഃസംഘടനയാണ് യുപിഎ സര്‍ക്കാരിന്റെ ഈ അവസാന പുനഃസംഘടന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: