ന്യൂദല്‍ഹി: പാചകവാതക സിലിണ്ടറുകളുടെ വിതരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ആവശ്യപ്പെടുമ്പോഴെല്ലാം നല്‍കുന്നത് നിര്‍ത്തി പകരം വര്‍ഷത്തില്‍ നാല് സിലിണ്ടറുകള്‍ മാത്രം നിലവിലുള്ള സബ്സിഡി നിരക്കില്‍ വിതരണം ചെയ്യാനാണ് നീക്കം.
കൂടുതല്‍ സിലിണ്ടറുകള്‍ ആവശ്യമുള്ളവര്‍ക്ക് നിലവിലുള്ള മാര്‍ക്കറ്റ് വിലയിലോ സിലിണ്ടര്‍ ഒന്നിന് 800 രൂപക്കോ നല്‍കാനാണ് നീക്കം. ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്കും ഇത് ബാധകമാകും. ഇതു സംബന്ധിച്ച് ശുപാര്‍ശ മന്ത്രിതല സമിതിക്ക് കൈമാറും. മണ്ണെണ്ണയുടെ കരിഞ്ചന്ത വില്‍പ്പന അവസാനിപ്പിക്കാനും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. കാര്‍, ടൂവീലര്‍, വീട് എന്നിവ ഉള്ളവര്‍ക്ക് സബ്സിഡി ഒഴിവാക്കി സിലിണ്ടര്‍ നല്കുന്ന കാര്യവും പരിഗണനയിലാണ്.
കോടീശ്വരന്മാര്ക്കുപോലും ഇപ്പോള്‍ സബ്സിഡി നിരക്കിലാണ് സിലിണ്ടര്‍ ലഭിക്കുന്നതെന്ന് മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം. ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്ക് ഒരുവര്‍ഷം നാല് സിലിണ്ടര്‍ മാത്രം മതിയാകും. ഇത് സബ്സിഡി നിരക്കില്‍ നല്‍കും. ഇവര്‍ക്ക് മണ്ണെണ്ണയും ലഭിക്കുന്നുണ്ട്.
ഇപ്പോള്‍ 12,000 കോടി രൂപയാണ് പാചകവാതകത്തിനും മണ്ണെണ്ണക്കും സബ്സിഡി ഇനത്തില്‍ സര്‍ക്കാര്‍ നല്‍കുന്നതെന്ന് മന്ത്രാലയം അവകാശപ്പെടുന്നു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിയന്ത്രണം ഒരു മാസത്തില്‍ ഒരു സിലിണ്ടര്‍ എന്ന കണക്കില്‍ ഉപയോഗിക്കുന്നവര്‍ക്ക് വലിയ അടിയാകും. പാവപ്പെട്ടവര്‍ക്കടക്കം അവരുടെ മാസവരുമാനത്തില്‍ വന്‍ബാധ്യത വരുത്തുന്നതാകും നിയന്ത്രണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: