മാനവചരിത്രത്തില്‍ 1967 ന് സമുന്നതമായ സ്ഥാനമുണ്ട്. ഡോ. ക്രിസ്റ്റ്യന്‍ ബെര്‍ണാഡിന്റെ നേതൃത്വത്തില്‍ ലോകത്തെ ആദ്യ ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടന്നത് 1967 ഡിസംബര്‍ 3നാണ്. ഇതിനും കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് ശ്രുതിമധുരമായ കരച്ചിലോടെ 20-7-1967ല്‍ ടോമിന് ജെ. തച്ചങ്കരി ഭൂജാതനായത്. അങ്ങിനെ അന്തര്‍ദേശീയവും പ്രദേശികവുമായ സംഭവങ്ങള്‍കൊണ്ട് 1967 ധന്യമായി.
സമര്‍ദ്ധനായിരുന്ന വിദ്യാര്‍ത്ഥിയായിരുന്ന ടോമിന് ബിഎസ്സി എംഎ ബിരുദങ്ങളിലൂടെ തിളക്കമാര്‍ന്ന വിജയത്തിലെത്തി. സിവില്‍ സര്‍വീസ് പരീക്ഷകളെ നല്ലതയ്യാറെടുപ്പോടെ നേരിട്ട് 1987ല്‍ കേരള ഐപിഎസ് കേഡറിലെ ഉദ്യോഗസ്ഥനായി.
1990 മുതല്‍ ആത്മാവിഷ്കാരത്തിനായി ഭക്തിഗാനങ്ങള്‍ രചിച്ചു. പിന്നെ രചനയും സംഗീതവും, സംഗീതവും രചനയുമായി സിനിമക്ക് പശ്ചാത്തല സംഗീതമൊരുക്കി. കാക്കിക്കുള്ളിലെ കലാകാരനെ ജനം തിരിച്ചറിഞ്ഞു. തൃശൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ഐപിഎസ് ഐഎഎസ് ഭക്തരോടൊപ്പം ആടിയും പാടിയും തച്ചങ്കരി താരമായി. കത്തോലിക്ക പുരോഹിതന്മാരുടെ നേതൃത്വത്തില്‍ നടന്ന കേന്ദ്രത്തിനെതിരെ സ്ത്രീപിഡനം, സ്ത്രീകളെ കാണാതാകല്‍, പവപ്പെട്ട രോഗികളിലെ മരുന്നു പരീക്ഷണം എന്നീ ആരോപണങ്ങള്‍ പറഞ്ഞ് കേള്‍ക്കേണ്ട താമസം ഐഎഎസ് ഐപിഎസ് ഭക്തന്മാരുടെ പോടിപൊലുമില്ലെന്നായി.
1991 ല്‍ തച്ചങ്കരി ആലപ്പുഴയില്‍ എഎസ്പിയായി വാഴുന്നകാലം, 1991 ഫെബ്രുവരി 16-ാം തീയതി രാജേന്ദ്രപ്രസാദിന്റെ ഭാര്യ സുജ അത്മഹത്യചെയ്തു.
സംഗതി പോലീസിലറിയിച്ചത് അയല്ക്കാരന് എന്‍.പ്രകാശന്. പിന്നെ സംശയമുണ്ടായില്ല. കട്ടവനെ കണ്ടില്ലെങ്കില്‍ കണ്ടവനെ പൊക്കാനായി തച്ചങ്കരിയുടെ ആജ്ഞ. 1991 ഫെബ്രുവരി 19 മുതല്‍ 56 ദിവസം പുന്നപ്രസ്റ്റേഷനില്‍ ‘സുഖചികിത്സ’ ഒരുക്കിയതായാണ് പ്രകാശന് പറയുന്നത്. തന്റെ ഔദ്യോഗിക ജീവിതത്തിലെ പാളിച്ചകളിലേക്ക് തച്ചങ്കരി തെന്നിവീണു.1994ല്‍ നിരപരാധിയെന്നു കണ്ട പ്രകാശനെ ക്രൈംബ്രാഞ്ച് വിട്ടയച്ചു. പക്ഷെ പ്രകാശന് വിട്ടില്ല. ആലപ്പുഴ സിജെഎം കോടതിയില്‍ തച്ചങ്കരിക്കെതിരെ കേസ് ഫയല്‍ ചെയ്തു. തനിക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ അനുമതി വേണമെന്ന പോലീസുദ്യോഗസ്ഥന്റെ വാദം ഹൈക്കോടതി തള്ളി. കേസ് വീണ്ടും ആലപ്പുഴ സിജെഎം കോടതിയിലേക്ക് മാറ്റി. 2008 സെപ്തംബര്‍ 19ന് ആലപ്പുഴ കോടതി തച്ചങ്കരിക്ക് സമന്‍സ് അയച്ചു. ഹൈക്കോടതിയില്‍ ഉന്നയിച്ച അതേ വാദമുഖങ്ങള്‍ സുപ്രീംകോടതിയെ ബോധ്യപ്പെടുത്താനുള്ള തച്ചങ്കരിയുടെ ശ്രമം പരാജയപ്പെട്ടു. സുപ്രീംകോടതി കേസ് എടുത്തതും തള്ളിയതും നിമിഷനേരത്തിലായിരുന്നു. പിന്നെ ആലപ്പുഴ കോടതി വിട്ടില്ല. ഹാജരകാത്ത പോലീസ് മേധാവിക്കെതിരെ അറസ്റ്റ് വാറണ്ടായി, കോടതിയില്‍ ഹാജരായി ജാമ്യമെടുക്കാതെ വയ്യെന്നായി. ഉന്നതങ്ങളില്‍ ഇരിക്കുന്നവര്‍ നിയമത്തിന് അതീതരാണെന്ന തച്ചങ്കരിയുടെ ധാരണ ഇതോടെ പൊളിയുകയായിരുന്നു.
2002ല്‍ ഡിഐജി ആയിരുന്ന തച്ചങ്കരി സിംഗപ്പൂരില്‍നിന്ന് ചെന്നൈ വഴി കൊച്ചിയിലേക്ക് സില്‍ക് എയറില്‍ സുഖമായി സഞ്ചരിക്കവേ ചെന്നൈയില്‍നിന്ന് ഒരു ധൈര്യത്തിന് തന്റെ ഗണ്മാനെയും കൂട്ടി. കസ്റ്റംസ്കാരുടെ കണ്ണില്‍ പൊടിയിടാന്‍ കഴിയാത്തതിനാല്‍ ഒരു ടിവി ചാനലിന്റെ ഉപയോഗത്തിന് മാത്രം ഉപകരിക്കുന്ന, കോടികള്‍ വിലമതിക്കുന്ന, അത്യാധുനിക ഇലക്ട്രോണിക് വിഡിയോ ഉപകരണം അവര്‍ കണ്ടെത്തി. വിജിലന്‍സ് അന്വേഷണത്തില്‍ ഗണ്മാന് വെറും മാനായി, കിളിപോലെ ഉള്ളകാര്യം തുറന്നുപറഞ്ഞ കോണ്‍സ്റ്റബിള്‍ രാമചന്ദ്രനായി. അന്വേഷിക്കുവിന്‍ കണ്ടെത്തും എന്നറിയാവുന്ന വിജിലന്സുകാര് 1996 മുതല്‍ 2001വരെ തച്ചങ്കരി 72 തവണ വിദേശയാത്ര നടത്തിയതായി ഉറപ്പുവരുത്തി. തന്റെ രാഷ്ട്രീയ യജമാനന്മാരെ സേവപിടിക്കുകയാണ് ക്ഷേമഐശ്വര്യങ്ങള്‍ക്കുള്ള മാര്‍ഗമെന്ന് തച്ചങ്കരി അന്നേ തിരിച്ചറിഞ്ഞു.
2004ല്‍ ആന്റി പൈറസി സെല്ലിന്റെ തലവന്‍ എന്ന നിലയില്‍ ടിവി പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ട് വ്യാജ സിഡികള്‍ വാങ്ങാതിരിക്കാന്‍ ജനങ്ങളോടഭ്യര്‍ത്ഥിച്ചു. അത്തരം സിഡികള്‍ക്കെതിരെ ബീമാപള്ളിപ്രദേശത്ത് ഒരു ഉഗ്രന്‍ റെയ്ഡും നടത്തി. തന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള റിയാന്‍ സ്റ്റുഡിയോയുടെ ബിസിനസ് ലാക്കാക്കിയാണ് തച്ചങ്കരി ഇങ്ങനെ ചെയ്തതെന്ന് അസൂയക്കാര് അടക്കം പറഞ്ഞു.
2006 ഡിസംബര്‍ എട്ടിന് ആന്റി പൈറസി സെല്ലിന്റെ നോഡല്‍ ഓഫീസറായ ഋഷിരാജ് സിംഗ് തച്ചങ്കരിയുടെ ഭാര്യ നടത്തുന്ന റിയാന്‍ സ്റ്റുഡിയോയില്‍ വ്യാജസിഡി പരിശോധന നടത്താന്‍ ശ്രമിച്ചെങ്കിലും രാഷ്ട്രീയ രക്ഷകര്‍ ഇടപെട്ടതിനാല്‍ സംഭവം നടന്നില്ല. പിറ്റേന്ന് എല്ലാം കഴിഞ്ഞ് മുഖ്യമന്ത്രി മുന്കയ്യെടുത്തപ്പോള് മറ്റൊരു പോലീസ് ഉദ്യോഗസ്ഥന് റെയ്ഡ് നടത്തി- നിഷ്കാമ കര്‍മം. തന്റെ കുറ്റങ്ങളിലേക്ക് നിയമത്തിന്റെ വെളിച്ചം അനുവദിക്കാതെ സമത്വമെന്ന ഭരണഘടനയുടെ ആശയങ്ങളെപ്പോലും വെല്ലുവിളിക്കുകയായിരുന്നു തച്ചങ്കരി.
2007ല്‍ 2003 മുതല്‍ 2005 വരെയുള്ള കാലയളവില്‍ 94 ലക്ഷം രൂപയുടെ വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോ തച്ചങ്കരിയുടെ വീട്, സ്റ്റുഡിയോ ഇവ റെയ്ഡ് ചെയ്തു. സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശവുമുണ്ടായി. തൃശൂര്‍ സ്പെഷ്യല്‍ വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് ജൂലൈ 2007ല്‍ തച്ചങ്കരിയെ സസ്പെന്റ് ചെയ്യുകയുണ്ടായി. ധനസമാഹരണം ജീവിതദര്‍ശനമാക്കിയ ഒരു നിയമപാലകന്റെ ചിത്രം അതോടെ സമൂഹത്തിന് മുന്നില്‍ അനാവരണം ചെയ്യപ്പെട്ടു.
2009ല്‍ സസ്പെന്ഷന് പിന്‍വലിക്കുകയും വടക്കന്‍ കേരളത്തിന്റെ ഐജിയായി തച്ചങ്കരി നിയമിതനാവുകയും ചെയ്തു. ലഷ്കര്‍ ഇ-തൊയ്ബയുമായി ബന്ധമാരോപിക്കപ്പെടുന്ന തടിയന്റവിട നസീറിനെ ചോദ്യം ചെയ്യാന്‍ തച്ചങ്കരിയെ എന്തുകൊണ്ട് നിയോഗിച്ചു എന്ന മുഖ്യമന്ത്രിയുടെ ചോദ്യം ഭരണകക്ഷിയില്‍ തീപ്പൊരി വിതറി. ഇതുതന്നെയായിരുന്നു തച്ചങ്കരിക്ക് ലഭിച്ച സ്വഭാവ സര്‍ട്ടിഫിക്കറ്റും.
2010 ല്‍ സര്‍ക്കാരിന്റെ അനുമതിയില്ലാതെ നാല് ഗള്‍ഫ് നാടുകളില്‍ പര്യടനം നടത്തിയതിന് തച്ചങ്കരിയെ സസ്പെന്റ് ചെയ്തു. സിപിഎം സംസ്ഥാന സെക്രട്ടറി ഫണ്ട് പിരിവിന് വിദേശയാത്ര നടത്തിയ സന്ദര്‍ഭത്തിലായിരുന്നു തച്ചങ്കരിയും വിദേശയാത്രക്ക് ഒരുമ്പെട്ടതെന്നത് കേവലം യാദൃഛികമായി കാണാനാവില്ലെന്ന് മാധ്യമ സിന്‍ഡിക്കേറ്റ് പ്രചരിപ്പിച്ചു. ഇതിനിടെ ഖത്തറില്‍ ഭീകരരെ കണ്ടതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
ഐടി വിദഗ്ധനായ തച്ചങ്കരി നൈജീരിയന്‍ ഇ-മെയില്‍ തട്ടിപ്പ്, കോടികള്‍ വരുന്ന ക്രെഡിറ്റ് കാര്‍ഡ്തട്ടിപ്പ് ഇവ വെളിച്ചത്ത് കൊണ്ടുവന്നിരുന്നു. ഇക്കാര്യത്തില്‍ ഇനിയും എന്തെങ്കിലും പുറത്തുവരാനുണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാലും അവരെ കുറ്റം പറയാന്‍ ആകില്ല.
മൃദുഭാഷിയായ ഈ ഉദ്യോഗസ്ഥന് വീണ്ടും സര്‍വീസില്‍ തിരിച്ചെത്തുന്നത് മഹാത്ഭുതം. തച്ചങ്കരിയുടെ പുനര്‍ നിയമനത്തിനെതിരെ അങ്കംകുറിക്കുന്ന പ്രതിപക്ഷനേതാവടക്കം ഭൂതകാലത്തിന്റെ ഇരുണ്ട ഓര്‍മകള്‍ തച്ചങ്കരിയെ വേട്ടയാടാതിരിക്കുമോ. വരാനിരിക്കുന്നത് മന്ദഹാസത്തോടെ, സ്ഥിതപ്രഞ്ജതയോടെ വീക്ഷിക്കുകയാണല്ലോ നാം കാണികളുടെ ധര്‍മം.
-മാടപ്പാടന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: