മരട്: അധികൃതരുടെ കുറ്റകരമായ അനാസ്ഥയും, അഴിമതിയും കൂടിച്ചേര്‍ന്നപ്പോള്‍ കുടുംബത്തിനു നഷ്ടമായത് ഏക ആശ്രയമായ കുടുംബനാഥനെ. 66 കെവി വൈദ്യുതി ലൈനില്‍നിന്നും ഷോക്കേറ്റ് ചികിത്സയിലായിരുന്ന നെട്ടൂര്സ്വദേശിപള്ളിപ്പറമ്പില് പീറ്റര്‍ കഴിഞ്ഞദിവസം മരണത്തിനു കീഴടങ്ങിയതോടെയാണ് ഭാര്യയും, ഒരു മകളും മാത്രമുള്ള കുടുംബം നിരാശ്രയരായത്.
കെട്ടിടനിര്‍മാണ തൊഴിലാളിയായിരുന്നു മരിച്ച പീറ്റര്‍. കൊച്ചി കടവന്ത്രയിലെ ആലുങ്കല്‍ റോഡില്‍ സ്റ്റാലിന് ഹൗസിന്റെ ഉടമസ്ഥതയിലുള്ള ബഹുനില കെട്ടിടത്തിന്റെ നിര്‍മാണജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനിടെയാണ് പീറ്റര്‍ക്ക് ലൈനില്‍നിന്നുള്ള വൈദ്യുതി പ്രവാഹത്തില്‍ ഗുരുതരമായി പൊള്ളലേറ്റത്. പണി നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ തൊട്ടുമുകളിലൂടെ കടന്നുപോവുന്ന ശക്തിയേറിയലൈനില്നിന്നും ഇരുമ്പുകമ്പിവഴി എത്തിയ വൈദ്യുതി പ്രവാഹമാണ് പീറ്ററെ അപകടത്തില്‍ പെടുത്തിയത്. 66 കെവി വൈദ്യുതി പ്രവഹിക്കുന്ന ലൈനുകള്‍ക്കു കീഴെ ഉയരം കൂടിയ കെട്ടിടം നിര്‍മ്മിക്കുവാന്‍ നഗരസഭ അനുമതിനല്‍കിയത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നതാണ് ഏറെഗുരുതരമായ വീഴ്ചയായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ഇത്തരത്തില്‍ ബഹുനിലക്കെട്ടിടം പണിയണമെങ്കില്‍ കെഎസ്ഇബി അധികൃതരുടെ കൂടി അഭിപ്രായം നഗരസഭാ തേടേണ്ടതുണ്ടെന്നാണ് വേദ്യുതിബോര്ഡ് അധികൃതര്‍ പറയുന്നത്. ബന്ധപ്പെട്ടവരോട് ഉപദേശം തേടാതെയാണ് കടവന്ത്രയിലെ കെട്ടിടത്തിന് നിര്‍മാണ അനുമതിനല്‍കിയത്. ഇത് കൊച്ചികോര്‍പ്പറേഷന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. പീറ്ററിന്റെ കുടുംബത്തിന് സാമ്പത്തികസഹായം നല്‍കണമെന്നും, രോഗിയായ ഭാര്യയുടെയും മകളുടേയും സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ബിജെപി ആവശ്യം ഉന്നയിച്ചിട്ടുണ്ട്. മരിച്ച പീറ്ററിന്റെ വീട്ടില്‍ സംസ്ഥാന എക്സൈസ് മന്ത്രി കെ.ബാബു സന്ദര്‍ശനം നടത്തിയെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും സഹായ വാഗ്ദാനങ്ങളൊന്നും പ്രഖ്യാപിക്കുകയുണ്ടായില്ല എന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. ശരീരത്തില്‍ 80 ശതമാനം പൊള്ളലേറ്റ പീറ്റര്‍ ഒരാഴ്ച ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് കഴിഞ്ഞ ശനിയാഴ്ച രാവിലെ മരണമടഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: