അത്യധികം അഭിമാനം തോന്നുന്നു എനിക്ക്-തിരുവിതാംകൂറിനേയും തിരുവിതാംകൂര്‍ രാജകുടുംബത്തേയും കുറിച്ച്, തിരുവനന്തപുരത്ത് ജീവിതത്തിന്റെ നല്ലൊരു കാലം ചെലവഴിക്കാന്‍ ഭാഗ്യം സിദ്ധിച്ച ഒരു വ്യക്തിയെന്ന നിലയ്ക്ക്, എല്ലാത്തിനും ഉപരി ഒരു ഹിന്ദു എന്ന നിലയ്ക്ക്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ചരിത്രപരവും സാമ്പത്തികവുമായ മൂല്യത്തെ കുറിച്ചുള്ള പുത്തന്‍ കണ്ടെത്തലുകള്‍ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ വായിച്ചും കണ്ടും കേട്ടും കേരളമെന്നല്ല ഇന്ത്യയാകെ അത്ഭുതവും ആദരവും മൂലം കൈകൂപ്പി നില്‍ക്കവെ, അഭൂതപൂര്‍വമായൊരു അഭിമാനബോധമാണ് എന്റെ ഉള്ളില്‍ ഉണരുന്നത്. എന്നെപ്പോലെ, അഭിമാനത്തില്‍ ആറാടുന്ന ലക്ഷക്കണക്കിന് വ്യക്തികള്‍ കേരളത്തിലും കേരളത്തിന് പുറത്തും ഉണ്ടാവുമെന്നുറപ്പ്. പുതിയ പുതിയ വിവരങ്ങള്‍ തിരുവനന്തപുരത്ത് നിന്നറിയുമ്പോള്‍ ‘ശ്രീപത്മനാഭാ’ എന്ന് ഭക്തിപുരസ്സരം വിളിച്ചുപോവുമാരും.
കഴിഞ്ഞ കുറെ ദിവസങ്ങളായി നാലാള് കൂടുന്നിടത്തൊക്കെ ചര്‍ച്ച ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ നിലവറകളിലെ നിധിശേഖരത്തെക്കുറിച്ചാണ്. അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ അതിപ്രധാനവാര്ത്തകളായാണ് സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ഈ ക്ഷേത്രത്തെപ്പറ്റിയുള്ള പുതിയ വിവരങ്ങള്‍ അവതരിപ്പിക്കുന്നത്. കേരളത്തിന്റെയും ഇന്ത്യയുടേയും മാത്രമല്ല ഒരു പരിധിവരെ ആഗോള ശ്രദ്ധ അനന്തപുരിയിലേക്ക് ആകര്‍ഷിക്കാന്‍ പര്യാപ്തമായി ഈ ‘മീഡിയ ഹൈപ്’ മൂലം. അഭിമാനം തോന്നുമ്പോള്‍ തന്നെ ആശങ്കയും ഉയരുന്നു എന്നതാണ് വസ്തുത. ഇതുവരെ കണ്ടെടുത്ത നിധിശേഖരത്തിന്റെ കണക്കുകള്‍ പ്രകാരം റിസര്‍വ് ബാങ്കില്‍ സൂക്ഷിച്ചിട്ടുള്ളതിനെക്കാള് മൂന്നിരട്ടി സ്വര്‍ണം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്നു എന്നതാണ് ഔദ്യോഗികാഭിപ്രായം തന്നെ. ഇത്രയും നാള് അവ ശ്രീപത്മനാഭസന്നിധിയില്‍ സുരക്ഷിതമായിരുന്നു. ഇനിയുള്ള നാളുകളിലോ? നാളിതുവരെ അവ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ മാത്രം സ്വത്തായിരുന്നു. അതില്‍നിന്ന് ഒന്നുമെടുക്കാന്‍ അധികാരത്തിലിരിക്കുമ്പോഴോ അതിനുശേഷമോ പത്മനാഭദാസന്മാരായ തിരുവിതാംകൂര്‍ രാജകുടുംബത്തിലെ അംഗങ്ങളാരും മുതിര്‍ന്നിട്ടില്ല. പ്രതിസന്ധിഘട്ടങ്ങളില്‍ പ്രജകളുടെ ക്ഷേമത്തിനായി എപ്പോഴെങ്കിലും എന്തെങ്കിലും എടുത്തിട്ടുണ്ടെങ്കില്‍ പോലും പലിശ സഹിതം തിരികെ സമര്‍പ്പിക്കുകയായിരുന്നു പതിവും പാരമ്പര്യവും. എന്നാല്‍ ഇപ്പോഴിത് ഇനി എങ്ങനെ ചെലവഴിക്കാമെന്നും ചെലവഴിക്കണമെന്നും ഉള്ള ചര്‍ച്ചകള്‍ ആവേശത്തോടെ പല കേന്ദ്രങ്ങളിലും ആരംഭിച്ചു കഴിഞ്ഞു. ശ്രീപത്മനാഭസ്വാമി ക്ഷേത്രവുമായോ ക്ഷേത്രകാര്യവുമായോ യാതൊരു ബന്ധവുമില്ലാത്തവര്‍ പോലും വിദഗ്ദ്ധ വീക്ഷണവും പണ്ഡിതപ്രസംഗവുമായി അരങ്ങ് തകര്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്. അവരില്‍ പലരും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ആയുസില്‍ ഒരിക്കല്‍പോലും പോയിട്ടില്ലാത്തവരും ക്ഷേത്രം പ്രതിനിധാനം ചെയ്യുന്ന വിശ്വാസവും സംസ്ക്കാരവും തച്ചുതകര്‍ക്കുന്നതിന് കച്ചകെട്ടിയിറങ്ങിയിട്ടുള്ളവരുമാണ്. അത്തരക്കാരുടെ അഭിപ്രായങ്ങള്‍, അവ അര്‍ഹിക്കുന്ന പുച്ഛത്തോടെ അവഗണിക്കേണ്ടവയാണ് എന്നതില്‍ സംശയമില്ല. പക്ഷെ ക്ഷേത്രത്തേയും ക്ഷേത്രസ്വത്തുക്കളേയും കുറിച്ച് ആര്‍ക്കും എന്തും പറയാമെന്ന ദുരവസ്ഥയ്ക്ക് അറുതി വരുത്തിയേ മതിയാവൂ. ഹൈന്ദവ മനസിനെ വെല്ലുവിളിക്കുന്നതും വ്രണപ്പെടുത്തുന്നതുമായ അത്തരം വികലമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നവരുടെ ‘അജണ്ട’ വേറെയാണെന്നത് ക്ഷേത്ര വിശ്വാസികള്‍ തിരച്ചറിയേണ്ടതും തുറന്നു കാട്ടേണ്ടതുമാണ്.
ക്ഷേത്രവിശ്വാസികളുടെ ക്ഷമയും സഹിഷ്ണുതയും ചോദ്യം ചെയ്യുന്ന രീതിയിലാവുന്നുണ്ട് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകള്‍ തുറന്നു പരിശോധിച്ചതിനെ തുടര്‍ന്നുള്ള ചില അഭിപ്രായ പ്രകടനങ്ങള്‍. ഒരു ക്രൈസ്തവ ദേവാലയത്തിലോ ഒരു ഇസ്ലാമിക ദേവാലയത്തിലോ ഇത്തരത്തില്‍ ഒരു പരിശോധനയോ തുടര്‍ന്നൊരു ചര്‍ച്ചയോ കേരളത്തിലെന്നല്ല ഇന്ത്യയിലോ ലോകത്തെവിടെയെങ്കിലുമോ സ്വപ്നം കാണാനാവില്ല. എന്തിനേറെ, മതന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളുടെ എണ്ണം സംബന്ധിച്ചുള്ള വെറുമൊരു കണക്കെടുപ്പ് പോലും, പൊതു കാനേഷുമാരിയുടെ ഭാഗമായിട്ടുകൂടി അനുവദിക്കാത്ത അനുഭവമാണ് ഇവിടെ സമീപകാലത്തുണ്ടായത്. ക്ഷേത്രസ്വത്ത് പൊതുസ്വത്താണെന്നും അത് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും മതേതരാവശ്യങ്ങള്ക്ക് വിനിയോഗിക്കണമെന്നുമൊക്കെ ആവശ്യപ്പെടുന്ന ബുദ്ധിജീവികളും നിയമജ്ഞരും സാംസ്ക്കാരികനായകരുമൊക്കെ അന്നൊരക്ഷരം ഉരിയാടാന്‍ ധൈര്യപ്പെട്ടില്ല. വി.ആര്.കൃഷ്ണയ്യരും പി.ഗോവിന്ദപിള്ളയും കെ.എന്‍.പണിക്കരുമൊക്കെ അന്നെവിടെയായിരുന്നു എന്നന്വേഷിക്കേണ്ടതാണ്. ഇവരുടെ കപടമതേതരത്വത്തിന്റെ ഇരട്ടത്താപ്പ് അപലപിച്ചേ മതിയാവൂ. അത് ഇനി അനുവദിക്കാവുന്നതുമല്ല.
ക്ഷേത്രത്തിനകത്തോ പുറത്തോ ക്ഷേത്രസംബന്ധമായ ഏതൊരു നടപടിക്കും മുമ്പ് ദേവപ്രശ്നം നടത്തി അനുവാദം വാങ്ങുകയെന്നതാണ് കീഴ്വഴക്കവും നാട്ടുനടപ്പും. ഗുരുവായൂരും ശബരിമലയും ഉള്‍പ്പെടെയുള്ള വലിയ ക്ഷേത്രങ്ങളിലും ചെറിയ ഗ്രാമക്ഷേത്രങ്ങളിലുമൊക്കെ ഇതാണ് അനുഷ്ഠാനം. ഇതിന് പുറമെ തന്ത്രിയുടെ അഭിപ്രായം ആരായുകയും ക്ഷേത്രസംബന്ധമായ കാര്യങ്ങളില്‍ പതിവാണ്. ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള, ആചാരാനുഷ്ഠാനങ്ങള്‍ അണുവിട വിടാതെ പാലിക്കപ്പെടുന്ന ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പരമപവിത്രമായി കരുതുന്ന നിലവറകള്‍ തുറക്കുന്നതിന് മുമ്പ് ആരും തന്ത്രിയുമായി ആലോചിക്കുകയോ ദേവപ്രശ്നം വെയ്ക്കുകയോ ചെയ്തതായി അറിവില്ല. ഇതൊക്കെ അറിയാവുന്ന തിരുവിതാംകൂര്‍ രാജകുടുംബവും ഇക്കാര്യത്തില്‍ മൗനം പാലിച്ചുവെന്നതാണ് അത്ഭുതകരം. നീതിപീഠത്തിന് വിശ്വാസത്തിന്റെ പ്രശ്നങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും ഇടപെടാമോ എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. കോടതിവിധി നടപ്പിലാക്കേണ്ടതുതന്നെ. പക്ഷെ ക്ഷേത്രാചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും വിധേയമായി വേണ്ടിയിരുന്നു ക്ഷേത്രത്തിനുള്ളില്‍ വിധി നടപ്പിലാക്കുന്നത്.
ശ്രീപത്മനാഭസ്വാമി ക്ഷേത്രസ്വത്ത് രാജഭരണകാലത്ത് കൂടി രാജ്യത്തിന്റെ പൊതു സ്വത്തായിരുന്നില്ല. ക്ഷേത്രത്തിന്റെ സമ്പത്തും രാജ്യത്തിന്റെ സമ്പത്തും രാജകുടുംബത്തിന്റെ സമ്പത്തുമൊക്കെ ശ്രീചിത്തിരതിരുനാള്‍ വരെയുള്ള തിരുവിതാംകൂര്‍ മഹാരാജാക്കന്മാര് വേവ്വേറെയാണ് കരുതിപ്പോന്നത്. അതുകൊണ്ട് തന്നെ ഇപ്പോള്‍ നിലവറകളില്‍നിന്ന് കണ്ടെത്തിയതില്‍ കൈവെയ്ക്കാന്‍ സര്‍ക്കാരിന് യാതൊരവകാശവുമില്ല. തിരുവിതാംകൂര്‍ രാജകുടുംബത്തിന് ക്ഷേത്രത്തില്‍ സൂക്ഷിച്ചിട്ടുള്ള സമ്പത്തിനെക്കുറിച്ച് അറിവുള്ളതാണ്. അവര്‍ എന്നിട്ടും അതില്‍ കൈവെച്ചില്ലെന്നതാണ് തിരുവിതാംകൂര്‍ രാജകുടുംബത്തെ കുറിച്ച് അഭിമാനം ജനിപ്പിക്കുന്നതും അവരോടുള്ള ആദരവ് വര്‍ധിപ്പിക്കുന്നതും. പ്രതിസന്ധികള്‍ ഉണ്ടായ അപൂര്‍വം അവസരങ്ങളില്‍ ക്ഷേത്രത്തില്‍നിന്ന് സാമൂഹ്യാവശ്യത്തിനായി എടുത്തിട്ടുള്ള സമ്പത്തുപോലും വായ്പ തിരിച്ചടയ്ക്കുന്നതുപോലെ പലിശ സഹിതം തിരികെ സമര്‍പ്പിക്കുകയാണ് കാലാകാലങ്ങളില്‍ മഹാരാജാക്കന്മാര് ചെയ്തിട്ടുള്ളത്. കോടതി നിര്‍ദ്ദേശപ്രകാരം നിലവറ തുറന്ന് ഇപ്പോള്‍ കണ്ടെത്തിയതൊന്നും രഹസ്യമായിരുന്നില്ല. നിലവറകളിലുള്ളതുള്പ്പെടെയുള്ള സ്വര്‍ണത്തിന്റെയും വെള്ളിയുടേയും രത്നത്തിന്റേയും മറ്റും കണക്കുകള്‍ കൊട്ടാരം രജിസ്റ്ററില്‍ ഉണ്ടെന്ന് ഇപ്പോഴത്തെ മഹാരാജാവും മതിലകം രേഖകളിലുണ്ടെന്ന് ചരിത്രകാരന്മാരും സാക്ഷ്യപ്പെടുത്തുന്നു. അവയുടെ സുരക്ഷയ്ക്കാണത്രെ ക്ഷേത്രത്തില്‍ ആചാരാനുഷ്ഠാനങ്ങള്‍ മുടക്കം കൂടാതെയും മുറപ്രകാരവും നടത്തിവരുന്നതെന്നും മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് പറയുന്നു. ശ്രീപത്മനാഭസന്നിധിയില്‍ അവയൊക്കെ സുരക്ഷിതമെന്ന് തന്നെയായിരുന്നു വിശ്വാസവും.
അങ്ങേയറ്റം ആശ്വാസകരവും ആഹ്ലാദകരവുമായി അനുഭവപ്പെട്ടത് ക്ഷേത്രസ്വത്ത് സംബന്ധിച്ച്, ഉന്നതതലയോഗത്തിനുശേഷം ഉള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനമാണ്. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ കണ്ടെത്തിയ സ്വത്ത് ശ്രീപത്മനാഭന്റേത് മാത്രമാണെന്നും അവ ക്ഷേത്രത്തില്‍ തന്നെ സൂക്ഷിക്കുമെന്നും അതിന്റെ സംരക്ഷണം സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണെന്നും പ്രഖ്യാപിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അഭിനന്ദിക്കാതെ വയ്യ. മതന്യൂനപക്ഷങ്ങള്‍ക്ക് മേല്‍ക്കൈയുള്ള ഐക്യജനാധിപത്യമുന്നണി ഭരണസംവിധാനത്തില്‍ ആശങ്കാകുലരായി കഴിയുന്ന ഭൂരിപക്ഷസമുദായാംഗങ്ങള്‍ക്ക് ആശ്വാസം പകരുന്നതാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തീരുമാനം. ഇടതുപക്ഷത്തുനിന്ന് ഒറ്റപ്പെട്ടതെങ്കില്‍ കൂടി, ശ്രീപത്മനാഭന്റെ സ്വത്തില്‍ കൈവയ്ക്കരുതെന്ന സിപിഎം നേതാവ് ജി.സുധാകരന്റെ പ്രസ്താവനയും ന്യൂനപക്ഷ പ്രീണനത്തിന്റെ കാര്‍മേഘങ്ങള്‍ പടര്‍ന്ന കേരളത്തിന്റെ രാഷ്ട്രീയ വിഹായസിലെ രജതരേഖകളിലൊന്നാണ്.
ഹൈന്ദവവികാരം വളരെ വൈകിയാണെങ്കിലും സംസ്ഥാനത്തിന്റെ രാഷ്ട്രീയനേതൃത്വം ഉള്‍ക്കൊള്ളാന്‍ തുടങ്ങിയെന്നതിന്റെ സ്വാഗതാര്‍ഹമായ സൂചനയാണിത്.
പ്രശസ്തിയും പ്രസിദ്ധിയും ഏറിയ പത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ഇനിയുള്ള നാളുകളില്‍ വമ്പിച്ച ഭക്തജനപ്രവാഹമുണ്ടാകും. തിരുപ്പതിയോ ഗുരുവായൂരോ ശബരിമലയോ പോലെ ഇന്ത്യയിലെ പ്രധാന തീര്‍ത്ഥാടനകേന്ദ്രമായി തിരുവനന്തപുരം മാറും. ഇതിനകം തന്നെ ശ്രീപത്മനാഭനെ ദര്‍ശിക്കാനെത്തുന്നവരുടെ ക്യൂ ക്ഷേത്രത്തില്‍ നീണ്ടുകഴിഞ്ഞുവെന്നാണ് അറിയുന്നത്. തിരുവനന്തപുരത്തുകാര്‍ പോലും തിരിഞ്ഞുനോക്കാത്ത ഒരു ഇടക്കാലം ഉണ്ടായിരുന്നു ഈ മഹാക്ഷേത്രത്തിന്. അന്നും ഇന്നും ശ്രീപത്മനാഭന്റെ നിര്‍മാല്യദര്‍ശനത്തിന് തിരുവനന്തപുരത്തുള്ളപ്പോഴൊക്കെ ഞാനെത്താറുണ്ട്. തിക്കും തിരക്കുമേറുന്ന ഇനിയുള്ള ദിനങ്ങളില്‍ അനായാസകരമായ ദര്‍ശനം ഈയുള്ളവനാവുമോ ഭഗവാനെ.
-ഹരി എസ്. കര്‍ത്താ
പ്രതികരിക്കാൻ ഇവിടെ എഴുതുക: