കണ്ണൂര്‍: ഒരു കാലത്ത് സിപിഎം രാഷ്ട്രീയത്തിലും ഭരണതലത്തിലും അതികായനായിരുന്ന മുന്‍ ജില്ലാ സെക്രട്ടറി പി.ശശിയുടെ പതനം പാര്‍ട്ടി കണ്ണൂര്‍ ജില്ലാ ലോബിക്കേറ്റ കനത്ത തിരിച്ചടിയായി. മാസങ്ങള്‍ നീണ്ട ആഭ്യന്തര പ്രശ്നങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ ഇന്നലെയാണ് സിപിഎം സംസ്ഥാന കമ്മറ്റി ശശിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ ഔദ്യോഗികമായി തീരുമാനമെടുത്തത്.
സംസ്ഥാന കമ്മറ്റിയില്‍ നിന്നും ജില്ലാ കമ്മറ്റിയില്‍ നിന്നും ജില്ലാ കമ്മറ്റി സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയ ശശിയെ ശശിയുടെ ജന്മനാടായ പെരളശ്ശേരി ഏരിയാ കമ്മറ്റിയില്‍ നിലനിര്‍ത്താന്‍ പിണറായി വിജയന്, ഇ.പി.ജയരാജന്, കോടിയേരി ബാലകൃഷ്ണന് എന്നിവരടങ്ങിയ കണ്ണൂര്‍ ലോബി ശ്രമിച്ചെങ്കിലും ഔദ്യോഗിക വിഭാഗത്തില്‍ വിള്ളല്‍ വരുത്തിക്കൊണ്ട് പി.കെ.ശ്രീമതി, കെ.പി.സഹദേവന്, കെ.കെ.ശൈലജ ടീച്ചര്‍, എം.വി.ഗോവിന്ദന് മാസ്റ്റര്‍ എന്നിവരടക്കമുള്ളവര്‍ ശശിയെ പുറത്താക്കണമെന്ന പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ ശക്തമായ ആവശ്യത്തോടൊപ്പം ഉറച്ചു നിന്നതോടെയാണ് പുറത്താക്കുകയല്ലാതെ ഇനി മറ്റൊരു രക്ഷയുമില്ലെന്ന് ബോധ്യപ്പെട്ട സംസ്ഥാന കമ്മറ്റി കടുത്ത നടപടിക്ക് തയ്യാറായത്. ഇതോടെ കൈക്കരുത്തിന്റെയും സംഘടനാ ബലത്തിന്റെയും ഒരു കാലത്ത് അധികാര രാഷ്ട്രീയത്തിന്റെയും അകത്തളങ്ങളിലെ അതികായനായിരുന്ന ശശിയുടെ പതനം പൂര്‍ത്തിയായി.
കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് ശശി പാര്‍ട്ടിയില്‍ നിന്നും പുറത്താകാനിടയായ സംഭവ പരമ്പരകളുടെ തുടക്കമായത്. ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ ഭാരവാഹിയുടെ ഭാര്യയും ‘ദേശാഭിമാനി’ ജീവനക്കാരിയുമായിരുന്ന യുവതിയോട് നീലേശ്വരത്തെ ഒരു പ്രകൃതിചികിത്സാ കേന്ദ്രത്തില്‍ വെച്ച് സദാചാര വിരുദ്ധമായി പെരുമാറുകയും ഇക്കാര്യം പുറത്തറിയിക്കുമെന്ന സൂചന ലഭിച്ചപ്പോള്‍ യുവതിയെ നിരന്തരം ഫോണില്‍ വിളിച്ചും മറ്റും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നായിരുന്നു ശശിക്കെതിരെ ആദ്യം ഉയര്‍ന്ന ആരോപണങ്ങള്‍. ഒടുവില്‍ ഭീഷണി ശക്തമായപ്പോള്‍ യുവതി വിവരം ഭര്‍ത്താവിനോട് പറയുകയും ഡിവൈഎഫ്ഐ നേതാവായ ഭര്‍ത്താവ് പാര്‍ട്ടി സംസ്ഥാന കമ്മറ്റിക്കും അഖിലേന്ത്യാ നേതൃത്വത്തിനും രേഖാമൂലം തന്നെ പരാതി നല്‍കുകയുമായിരുന്നു. ഒപ്പം മുന്‍ എംഎല്‍എയുടെ മകളോട് അപമര്യാദയോടെ പെരുമാറിയ സംഭവവും പരാതിയായി സംസ്ഥാന കമ്മറ്റിയിലെത്തി.
ആരോപണങ്ങള്‍ നേതൃത്വം ആദ്യം സ്വകാര്യമാക്കി വെച്ചെങ്കിലും അത് ചോര്‍ന്ന് മാധ്യമങ്ങളിലൂടെ പുറത്തുവരികയായിരുന്നു. സംഭവങ്ങള്‍ ആദ്യം നിഷേധിച്ച ശശി പിന്നീട് നില്ക്കക്കള്ളിയില്ലാതായപ്പോള് തന്റെ രക്തത്തിന് വേണ്ടി ദാഹിക്കുന്ന ചിലരാണ് (അച്യുതാനന്ദനടക്കം) സംഭവത്തിന് പിന്നിലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സെക്രട്ടറിക്കയച്ച കത്തും മാധ്യമങ്ങളിലൂടെ പുറത്തുവന്നു. ശശിതന്നെ കത്ത് മാധ്യമങ്ങള്‍ക്ക് നല്‍കുകയായിരുന്നുവെന്നും ആരോപണമുണ്ട്.
പ്രശ്നം പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തര കലാപമായി വളര്‍ന്നപ്പോള്‍ സ്വയം രക്ഷിക്കാന്‍ പാര്‍ട്ടി ജില്ലാ കമ്മറ്റി ശശിക്ക് ആരോഗ്യപരമായ കാരണങ്ങളാല്‍ ഒരു വര്‍ഷത്തെ ലീവ് അനുവദിച്ചതായി പ്രസ്താവനയിറക്കുകയായിരുന്നു. ജനത്തെ ബോധ്യപ്പെടുത്താന്‍ ശശി കോയമ്പത്തൂരില്‍ ആയുര്‍വേദ ചികിത്സ തേടുകയും ചെയ്തു. തെരഞ്ഞെടുപ്പ് അടുത്തതോടെ ശശി പ്രശ്നം രാഷ്ട്രീയ രംഗത്ത് കത്തിപ്പടരുകയും സിപിഎമ്മിന്റെ പരാജയത്തിനുള്ള കാരണങ്ങളിലൊന്നായി മാറുകയും ചെയ്തപ്പോള്‍ പ്രശ്നത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ വൈക്കം വിശ്വന് കണ്‍വീനറായി സമിതിയെ നിയോഗിക്കുകയായിരുന്നു.
ഈ കമ്മറ്റി ശശിക്കെതിരെയുള്ള ആരോപണങ്ങള്‍ ശരിവെക്കുകയും ചെയ്തതോടെ പുറത്താക്കുകയല്ലാതെ മറ്റു വഴികളില്ലെന്ന് ബോധ്യപ്പെട്ട പാര്‍ട്ടി കേന്ദ്ര-സംസ്ഥാന നേതൃത്വം കടുത്ത നടപടിക്ക് നിര്‍ബന്ധിതമായത്. ശശിയെ പുറത്താക്കിയ നടപടി സിപിഎം കണ്ണൂര്‍ ലോബിയുടെ ഉറക്കം കെടുത്തുമെന്ന കാര്യത്തില്‍ സംശയമില്ല. പാര്‍ട്ടി അച്ചടക്ക നടപടി അംഗീകരിച്ചു പ്രവര്‍ത്തിക്കുമെന്നൊക്കെ ശശി പറയുന്നുണ്ടെങ്കിലും ശശി തങ്ങള്‍ക്കെതിരെ അവസരം കിട്ടിയാല്‍ എന്തൊക്കെ വിളിച്ചു പറയുമെന്ന ഭീതിയിലാണ് പിണറായി അടക്കമുള്ള കണ്ണൂര്‍ സഖാക്കള്‍.
സിപിഎമ്മിന്റെ അഭിമാനമായിരുന്ന എകെജിയുടെ മണ്ണില്‍ പിറന്ന് എസ്എഫ്ഐ-ഡിവൈഎഫ്ഐ സംഘടനകളിലൂടെ വളര്‍ന്ന് മുഖ്യമന്ത്രി ഇ.കെ.നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായും പാര്‍ട്ടിയില്‍ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി മാറിയ പി.ശശിയുടെ പതനം പാര്‍ട്ടിയെ അപമാനത്തിലാഴ്ത്തിയിരിക്കുകയാണ്.
-എ.ദാമോദരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: